Malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, മാർച്ച് 14, ബുധനാഴ്‌ച

പ്രീയ എ എസ്സിന്റെ രണ്ടു പുസ്തകങ്ങള്‍

മലയാളത്തിലെ പുതിയ തലമുറയിലെ എഴുത്തുകാരില്‍ പ്രമുഖയായ പ്രീയ എ  എസ്സിന്റെ  രണ്ടു ചെറിയ പുസ്തകങ്ങള്‍ ആണ്  "ഒഴുക്കില്‍ ഒരില" എന്ന സ്മരണികയും "മഞ്ഞ മരങ്ങള്‍ ചുറ്റിലും " എന്ന കഥാ സമാഹാരവും   . വളരെ ചെറിയ കാര്യങ്ങളെ  കേന്ദ്രമാക്കി , സരസമായി, വളരെ ചുരുക്കി എഴുതുക എന്ന   പ്രീയ യുടെ ശൈലി പിന്തുടരുന്ന ഇവ രണ്ടും വളരെ വേഗത്തില്‍ തന്നെ വായിച്ചു തീര്‍ക്കാന്‍ കഴിയുന്നവയാണ് .സാഹിത്യ നിരൂപകരുടെ കണ്ണില്‍ 'ചെറിയ' രചനകള്‍ക്ക്  എന്തുതന്നെ ലക്ഷണ കുറവുകള്‍ ഉണ്ടായിരുന്നാലും ,എളുപ്പത്തില്‍ വായിച്ചു പോകാവുന്ന ഇത്തരം രചനകള്‍ വായനക്കാരന്റെ സുകൃതമാണ്  എന്ന് പറയാതെ വയ്യ.വായന ഇഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കുറഞ്ഞു വരുന്നതുകൊണ്ടാകം പുതിയ നല്ല എഴുത്തുകാര്‍ ഉണ്ടാകാത്തത് .ഏതു കുത്തിവരയും മോഡേന്‍ ആര്‍ട്ട്  ആകുന്നതു പോലെ ഏതു തോന്യാക്ഷരവും ഇപ്പോള്‍ മലയാളത്തില്‍ ഒരു പുസ്തകമായി പുറത്തിറങ്ങും .അതുകൊണ്ട് തന്നെ വായന മലയാളത്തില്‍ ആകണമെന്നു നിര്‍ബന്ധമുള്ള വര്‍ക്ക്   ഇതൊക്കെ തന്നെ ധാരാളം . ലളിതവും സരസവും ആണെന്നതൊഴിച്ചാല്‍ , നല്ല ഒരു വായനാനുഭവം തരുന്ന ഒന്നാണിതെന്നു പ്രശംസ ഇതുരണ്ടും അര്‍ഹിക്കുന്നുണ്ടെന്നു തോന്നുന്നില്ല

കഥ ആയാലും ലേഖനം ആയാലും പ്രീയയുടെ ആഖ്യാന രീതി ഏറെക്കുറെ ഒരുപോലെയാണ്  അതുകൊണ്ടുതന്നെ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ വായിക്കുന്നത്  ഏതു ഗണത്തില്‍ പെട്ടതാണെന്നു വേര്‍തിരിച്ചു അറിയാന്‍ കഴിയാറില്ല പലപ്പോഴും. പിന്നെ സ്മരണിക ആകുമ്പോള്‍ 'ഞാന്‍ ' 'എന്റേത് ' തുടങ്ങിയ പദങ്ങള്‍ കൂടെക്കൂടെ വന്നു പോകും എന്ന തൊഴിച്ചാല്‍  ഒരു കഥ പോലെ തന്നെ യാണ്  സ്മരണികയും മുന്നോട്ടു പോകുന്നത് . ബാല്യം മുതലേ ഏതൊക്കെയോ ഭീകരമായ രോഗത്തിനടിമപ്പെട്ട ഒരു വ്യക്തിയ്റെ ദയനീയ മുഖം എഴുത്തുകാരിയുടെ ഓരോ വാക്കിലും വാചകത്തിലും ഉണ്ട് . വായനക്കാരനെ സന്തോഷിപ്പിക്കുന്ന(കുറഞ്ഞ പക്ഷം സഹതാപം എന്ന വികാരം ഉളവാക്കാത്ത )ഒരു കഥയോ , ലേഖനമോ ഇതില്‍ രണ്ടിലും ഉണ്ടെന്നു തോന്നുന്നില്ല.എഴുത്തുകാരന്റെ ആത്മ വിക്ഷേപമാണ്  രചനകള്‍ എന്ന കാര്യം അംഗീകരിക്കുമ്പോഴും ,ഒരേ വികാരം മാത്രം പ്രതിഫലിപ്പിക്കുന്ന എന്തും നമ്മളില്‍ വിരസത ഉണ്ടാക്കും എന്നതും ഒരു യഥാര്‍ഥ വസ്തുതയാണ് .   ഈ രണ്ടു പുസ്തകങളെ താരതമ്യം ചെയ്‌താല്‍ 'ഒഴുക്കില്‍ ഒരില' തന്നെ യാണ് ഭേദം , പ്രീയയുടെ എഴുത്തിന്റെ ശൈലി കൂടുതല്‍ യോജിക്കുന്നത്  ലേഖനങ്ങള്‍ക്കാണ്  എന്ന് പറയുന്നതാവും കൂടുതല്‍ ശരി   ."മഞ്ഞ മരങ്ങള്‍ ചുറ്റിലും" -ലെ ഒന്നുരണ്ടു കഥകള്‍ ഒഴിച്ചാല്‍ മറ്റൊന്നും ഒരു മേന്മയും അവകാശപ്പെടാന്‍ ഇല്ലാത്തത് തന്നെയാണ് .(ആദ്യം പറഞ്ഞതുപോലെ എളുപ്പം കഥകള്‍ അവസാനിക്കുന്നു എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ !)

പിന്കുറിപ്പ് : നേരത്തെ  'ഏന്‍ഷ്യന്റ് പ്രോമിസസ്' റിവ്യൂ  യില്‍ പറഞ്ഞ ചില നിരീക്ഷണങ്ങളിലേക്ക്  വിരല്‍ ചൂണ്ടുന്ന ചില ഘടകങ്ങള്‍  ഈ വായനയില്‍ ഉളിഞ്ഞു കിടപ്പുണ്ട് . വളരെ സാധാരണ നിലവാരം മാത്രം പുലത്തുന്ന ഒരു പുസ്തകത്തെ കുറിച്ച്  പ്രീയ ഇത്രയേറെ പറയുന്നതെന്തിന്  എന്നത്‌ എന്നെ വല്ലാതെ അത്ഭുത പ്പെടുത്തിയ ഒരു കാര്യമാണ് .ജീവിതത്തില്‍ പ്രയാസങ്ങള്‍ കണ്ടു മനസ് മടിച്ച ഒരു വ്യക്തിയായി സ്വയം ചിത്രീകരിക്കുന്ന പ്രീയയ്ക് , ജയശ്രീ യുടെ ജീവിതത്തോടെ അടുപ്പം തോന്നുന്നത്  സ്വാഭാവികമായ കാര്യമാണ് . ജയശ്രീയിലും അവരുടെ സുഖമില്ലാത്ത കുട്ടി റിയ യിലും എല്ലാം പ്രീയ തന്നെ തന്നെയാണ് കാണുന്നത് .വായനയില്‍ നാം നമ്മെ തന്നെ കാണുമ്പോള്‍ , അത്  ഏറെ ഹ്ര്യദ്യമായി തോന്നുന്നത് സ്വാഭാവികം .




2012, മാർച്ച് 3, ശനിയാഴ്‌ച

ഏന്‍ഷ്യന്റ് പ്രോമിസസ്

മലയാളിയായ ജയശ്രീ മിശ്രയുടെ (Jaishree Misra) ആദ്യ നോവലാണ്‌ ' ഏന്‍ഷ്യന്റ്  പ്രോമിസസ്'.(Ancient Promises)
സ്വന്തം ആഗ്രഹങ്ങള്‍ എല്ലാം അടക്കി വച്ച് , ഒരു സാധാരണ ജീവിതം ആഗ്രഹിച്ച് ,സമൂഹം ശരിയെന്നു പറഞ്ഞ വഴികളിലൂടെ  സഞ്ചരിച്ച് ആരെയും തൃപ്തിപ്പെടുത്തുവാനാകാതെ,പരാജയപ്പെട്ട്  ഒടുവില്‍ തന്റെ തായ വഴിയില്‍ സന്തോഷം കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത് . നാം ചിട്ടപ്പെടുത്തുന്നത് പോലെ, നേര്‍രേഖയില്‍ മുന്നോട്ടു പോകുന്ന ഒന്നല്ല ജീവിതം , മറിച്ച്  നാം കാണുന്നതിനും അപ്പുറത്ത് , പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒട്ടേറെ കാര്യ കാരണങ്ങളുടെ ആകെ തുകയാണത്‌ എന്ന സത്യം ആണ് ജയശ്രീ  ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. കഥയുടെ പ്രത്യേകത കൊണ്ട്  അറിഞ്ഞോ അറിയാതെയോ ഒരു ഫെമിനിസവും, സമൂഹത്തോടുള്ള എതിര്‍പ്പും വെറുപ്പും ഒക്കെ ഇതില്‍ വന്നു പോകുന്നുണ്ടെങ്കിലും ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകളോ  മുഴുനീള ക്രൂരകഥാപാത്രങ്ങളോ ഇതില്‍ ഇല്ല എന്നത് ആശ്വാസകരം തന്നെ.vനമ്മുടെ ജീവിതത്തിലെ മറ്റൊരു ദിവസം പോലെ , 'മറ്റൊരു പുസ്തകം' എന്നേ വായനയില്‍ നമുക്ക് തോന്നുകയുള്ളൂ .വളരെ ലളിതമായ ഭാഷയും നമുക്ക് പരിചയമുള്ള കഥാ സന്നര്‍ഭങ്ങളും വായന എളുപ്പമാക്കും എന്നതിനപ്പുറം പുതുമയോ മേന്മയോ  അവകാശപ്പെടാവുന്ന ഒന്നും ഇതിലില്ല.മാത്രവും അല്ല സ്ത്രീ കഥാപാത്രം കേന്ദ്രമായി നില്‍ക്കുന്ന ഒരു കഥ, കേരളത്തിനു പുറത്ത് വളര്‍ന്ന ഒരാള്‍ എഴുതുംപോള്‍, ഇന്ന ഇന്ന ചേരുവകള്‍ വേണം എന്ന ഒരു മുന്‍വിധി ജയശ്രീ യ്ക്ക് ഉണ്ടായിരുന്നുവോ എന്ന് പലപ്പോഴും തോന്നിപോകും.  

ജോലി സംബന്ധമായി ഡല്‍ഹിയില്‍ കഴിയുന്ന ഒരു മലയാളി കുടുംബത്തിലെ ഏക മകളാണ് ജാനു എന്ന ജാനകി . അര്‍ജുന്‍ എന്ന നോര്‍ത്ത് ഇന്ത്യന്‍ ക്ലാസ് മേറ്റ് മായി അടുപ്പം ഉണ്ടെന്നു മനസിലാക്കിയ വീട്ടുക്കാര്‍ അവളെ കേരളത്തിലെ ഒരു പ്രമുഖ നായര്‍ തറവാട്ടിലേക്ക് വിവാഹം കഴിച്ചു അയക്കുന്നു . ഭര്‍ത്താവിന്റെയും(സുരേഷ്) വീട്ടുകാരുടെയും അവഗണന അവളെ തളര്‍ത്തുന്നുവെങ്കിലും അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതി അവള്‍ എല്ലാം സഹിക്കുന്നു. ഒരു കുട്ടിയുണ്ടാകുമ്പോള്‍ തനിക്കു സ്നേഹവും അംഗീകാരവും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും , ബുദ്ധി വൈകല്യമുള്ള കുട്ടി അവളുടെ പ്രതീക്ഷകളെ താറുമാറാക്കുന്നു.തന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കുട്ടിയെ നന്നായി വളര്‍ത്താന്‍ കഴിയില്ല എന്ന് മനസിലാക്കിയ അവള്‍ , വിദേശത്തേക്ക് പോകുവാന്‍ തയ്യാറാകുന്നു . അതിനായി തന്റെ എല്ലാ ബന്ധങ്ങളെയും ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു .അതിനിടയില്‍ അവള്‍ അര്‍ജുന്‍ -നെ കണ്ടുമുട്ടുന്നു. വിദേശത്തുള്ള അയാള്‍ ജാനുവിനെയും കുട്ടിയേയും സ്വീകരിക്കാന്‍ തയ്യാറാകുന്നു .എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാനും ,വിഹാഹ മോചനത്തിനും സുരേഷ് തയ്യാറാകുന്നില്ല .അതൊന്നും വകവയ്കാതെ  ജാനു അര്‍ജുന്‍ -മായി വിദേശത്ത് പോകുന്നു . ഏതാണ്ട് ഒരു വര്‍ഷത്തി നൊടുവില്‍  സുരേഷ് വഴങ്ങുന്നതോടെ കഥ അവസാനിക്കുന്നു .

കേരളത്തിലെ ജീവിത സാഹചര്യങ്ങളും ആളുകളുടെ പെരുമാറ്റവും പ്രതികരണങ്ങളും ഒക്കെ സൂക്ഷ്മായി നിരീക്ഷിച്ച് അവയെ കഥയിലേക്ക്‌ സന്നിവേശിപ്പിക്കുന്നതില്‍ കഥാകാരി നല്ലൊരു ജോലി നിര്‍വഹിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ.എന്നാല്‍ ബന്ധങ്ങളുടെ ഊഷ്മളതയോ  പരിപാവനതയോ ഒന്നും എഴുത്തില്‍ പ്രതിഫലിക്കുന്നില്ല. മാത്രവും അല്ല , തികച്ചും അനാവശ്യമായ ചില കഥാസന്ദര്‍ഭങ്ങളും വിവരണങ്ങളും   വായനക്കാരെ അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട് .എഴുത്തുകാരിയുടെ ആത്മകഥയുമായി സാമ്യമുള്ള ഒരു കഥയാണിതെന്ന് എന്ന് അനുബന്ധത്തില്‍ പറയുന്നുണ്ട് , അതുകൊണ്ട് തന്നെ കഥയുടെ യുക്തി തേടിപ്പോകുന്നതില്‍ അര്‍ഥ മുണ്ടെന്നു തോന്നുന്നില്ല . ജീവിതത്തില്‍ പലതിനും യുക്തിയുണ്ടാവാറില്ലല്ലോ!

പിന്കുറിപ്പ് : ഈ റിവ്യൂ എഴുതി കഴിഞ്ഞതിനു ശേഷമാണ്  പ്രിയ എ എസ് തന്റെ 'ഒഴുക്കില്‍ ഒരില' എന്ന പുസ്തകത്തില്‍  "ഏന്‍ഷ്യന്റ്  പ്രോമിസസ്"-നെ കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കാനിടയായത് . വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിരിക്കുന്നതെന്ന് മാത്രമല്ല , മനോഹരമായി തോന്നിയതിനാല്‍ അവര്‍ 'ജന്മാന്തര വാഗ്ദാനങ്ങള്‍' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തു . വായനയ്ക്കായി സാധാരണ, പുസ്തകങ്ങളെ തേടിപ്പോകാറുള്ള എന്നെ, യാദൃശ്ചികമായി തേടി എത്തിയ ഒരു  പുസ്തകമായതുകൊണ്ടാകാം എനിക്ക് ഇതില്‍ അത്ര മതിപ്പ് തോന്നാതിരുന്നത് . നാം തേടിപ്പോകുന്നതും നമ്മെ തേടിവരുന്നതും തമ്മിലുള്ളവയുടെ അന്തരം ഒരു ജീവിത സത്യമാണ് . അതും ഏതെങ്കിലും  ഒരു 'ഏന്‍ഷ്യന്റ്  പ്രോമിസ് ' ന്റെ ഭാഗമായിരിക്കാം !!



2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ദി ഹെല്പ്

അമേരിക്കന്‍ പുസ്തക നിരൂപകരുടെ എല്ലാം പ്രശംസ പിടിച്ചുപറ്റുകയും മിക്ക ബെസ്റ്റ് സെല്ലര്‍ ലിസ്റ്റുകളിലും ഏറെക്കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്ത ഒരു നോവലാണ്‌  'ദി ഹെല്പ് ' (The Help).1960 - കളില്‍ അമേരിക്കയില്‍  നിലനിന്നിരുന്ന വര്‍ണ്ണ വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്നതാണെങ്കിലും ഗൌരവം നിറഞ്ഞ ഒരു ബോറന്‍ ചരിത്ര നോവലിന്റെ ഗണത്തിലേക്ക്  ഇത്  തരം താഴുന്നില്ല.മറിച്ച്  ഒരു നോവലിനുവേണ്ടുന്ന എല്ലാ ചേരുവകളും മിതമായും ,കൃത്യമായും ചേര്‍ത്തിരിക്കുന്നുവെന്നതും , ലളിതമായ ഇംഗ്ലീഷ് ഭാഷയും ശൈലിയും ഉപയോഗിച്ചു കഥ പറയുന്നു എന്നതും  ഇതിനെ നല്ലൊരു പേജ്  ടെണര്‍ (page-turner) ആക്കി മാറ്റുന്നു.കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ തന്റെ ആദ്യ നോവലാണിതെങ്കിലും തഴക്കവും പഴക്കവും വന്ന ഒരു എഴുത്തുകാരിയുടെ  പാടവത്തോടെ യാണ് കാതറിന്‍ സ്റോക്കെറ്റ്  (Kathryn Stockett) ഇതിനെ സമീപിച്ചിരിക്കുന്നത് .

നോവലിന്റെ  കഥയോടൊപ്പം തന്നെ പ്രാധാന്യമുള്ള   അന്നത്തെ സാമൂഹിക പശ്ചാത്തലം വായനക്കാര്‍ക്ക്  മനസിലാക്കിക്കൊടുക്കുന്നതില്‍ കഥാകാരി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് .കഥാ സന്ദര്‍ഭങ്ങളുടെ ഗൌരവവും  രസവും ഒക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെങ്കില്‍  വായനക്കാര്‍ക്ക്  ആ  അറിവ് കൂടിയേ തീരൂ .കറുത്ത വര്‍ഗക്കാരെ രണ്ടാം തരം പൌരന്മാരായി കണ്ടിരുന്ന ആ കാലത്ത് , വെളുത്തവര്‍ഗ പ്രമാണി മാര്‍ക്ക് വേണ്ടി ജോലി ചെയ്തു ജീവിതം പുലര്‍ത്തുക എന്ന ഒരേഒരു  പോംവഴി മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ .പ്രാഥമിക വിദ്യാഭ്യാസത്തിനോ  അതുവഴി സ്വയം ഉന്നമനത്തിനോ ഉള്ള ഒരു സാധ്യതയും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നില്ല .പൊങ്ങച്ചത്തിലും പുറംപൂച്ചിലും മുഴുകി അലസരായി   ജീവിച്ചിരുന്ന വെളുത്ത കൊച്ചമ്മമാര്‍ തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ പോലും മെനക്കെട്ടിരുന്നില്ല.അതുകൊണ്ട് തന്നെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടികളുടെ എല്ലാം എല്ലാം .ഇങ്ങനെ സ്നേഹം കൊടുത്ത്  വളര്‍ത്തി വലുതാക്കിയവര്‍   തങ്ങളുടെ തന്നെ  യജമാന്മാരായി വന്ന്‍ , വിവേചനങ്ങള്‍ കാട്ടുന്നത്   കാണാനുള്ള ദുര്യോഗവും  കറുത്ത വര്‍ഗക്കാര്‍ക്ക് ഉണ്ടായിരുന്നു . വെള്ളക്കാരുമായി ഒരേ ബസില്‍ യാത്ര ചെയ്യുന്നതിനോ,ഒരേ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനോ എന്തിന്  തങ്ങള്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ  വെള്ളക്കാരുടെ  ടോയ്ലെറ്റുകള്‍  ഉപയോഗിക്കുന്നതിന്  പോലും അവര്‍ക്ക്   അവസരം നിഷേധിച്ചിരുന്നു. ഇപ്രകാരം സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും  ശക്തമായ വിവേചനം നിലനിന്നിരുന്ന  സമയത്ത് , കറുത്ത വര്‍ഗക്കാരായ വീട്ടു ജോലിക്കാരുടെ അഥവാ മെയിഡു(maid) കളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ച വെള്ളക്കാരിയായ സ്കീറ്റര്‍  (Skeeter)    യുടെയും ,    പിടിക്കപ്പെട്ടാല്‍       തങ്ങള്‍ക്കു      സംഭവിക്കാനിടയുള്ള   അത്യാഹിതങ്ങളൊക്കെയും  മറന്ന് അവരെ സഹായിക്കാന്‍ തയാറാകുന്ന അയിലിബീന്‍ (Aibileen) , മിന്നി (Minny)എന്നീ രണ്ടു മെയിഡു കളുടെയും കഥയാണിത് . ഈ മൂന്ന് കഥാപാത്രങ്ങളും സ്വയം  സംവദിച്ച് (first person) അവരവരുടെ കാഴ്ച പ്പാടിലൂടെ കഥ പറയുന്ന രീതിയിലാണ്  പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .

ഒരു എഴുത്തുകാരിയാകണം എന്ന ആഗ്രഹത്തോടെ കോളേജ്  പഠനം കഴിഞ്ഞു  ജാക്ക്സണ്‍ മിസ്സിസിപ്പി(Jackson, Mississippi) യില്‍ തിരിച്ചെത്തുന്ന സ്കീറ്റര്‍ , തന്റെ കൂട്ടുകാരികളില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു . കൂട്ടുകാരുമായോക്കെ ആവശ്യത്തിനു ഇടപഴകുമായിരുന്നെങ്കിലും, കുറച്ചുകൂടി ഉയര്‍ന്ന തലത്തില്‍ കാര്യങ്ങള്‍ കാണാനും പൊതു ചിന്താഗതികള്‍ക്ക്  എതിരെ ചിന്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഒരു ജേര്‍ണലിസ്റ്റ് ആയുള്ള ജോലി അന്വേക്ഷ   ണത്തിനിടയില്‍ ലഭിക്കുന്ന ഒരു നിര്‍ദേശത്തില്‍ നിന്നാണ് , തനിക്കു ചുറ്റും കാണുന്ന മെയിഡുകളുടെ ജീവിതത്തെക്കുറിച്ച്  ഒരു പുസ്തകം എഴുതാന്‍ അവര്‍ തീരുമാനിക്കുന്നത് . മെയിഡുകളുടെ ജീവിതത്തെകുറിച്ച്   വെറുതെ ഊഹിച്ച്ചെഴുതുകയല്ല മറിച്ച്‌  അവരുമായി നേരിട്ട് അഭിമുഖം നടത്തി , അവരും വെള്ളക്കാരായ വീട്ടുകാരും തമ്മിലുള്ള ബന്ധത്തിനു ഊന്നല്‍ കൊടുത്തുകൊണ്ട് , സത്യസന്ധമായ ഒരു പുസ്തകം എഴുതാനാണ്  സ്കീറ്റര്‍ തയ്യാറാകുന്നത് . ഈ പുസ്തകത്തിനു പ്രസാധകരെ കിട്ടുമോ ?  മെയിഡുകള്‍ താനുമായി സഹകരിക്കുമോ ? തന്റെ കൂട്ടുകാരും ബന്ധുജനങ്ങളും ഇതിനെ എങ്ങനെ സ്വീകരിക്കും ? എന്നിങ്ങനെ  നീളുന്ന ആശങ്ക കള്‍ക്കിടയില്‍  അവര്‍ തന്റെ ആശയം അയിലിബീന്‍ എന്ന മെയിഡുമായി പങ്കുവെയ്ക്കുന്നു. സംഭവിക്കാന്‍ സാധ്യതയുള്ള ഭവിഷ്യത്തുകള്‍ ഭയന്ന്  ആദ്യം അയിലിബീന്‍ ഒന്ന്  മടിച്ചെങ്കിലും , സ്വതവേ എഴുത്തിലും വായനയിലും ഒക്കെ കമ്പമുള്ള അവര്‍ ഒരു സാഹസത്തിനു തയാറാകുന്നു. മറ്റാര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ഒഴിവു സമയങ്ങളില്‍ അവര്‍ രഹസ്യമായി പുസ്തകത്തെ കുറിച്ച്  സംസാരിച്ചു തുടങ്ങുന്നു.കൂടുതല്‍ ആപത്തുകള്‍ ഒഴിവാക്കാന്‍ യഥാര്‍ഥ പേരുകളും സ്ഥലവും ഒക്കെ മാറ്റി ആര്‍ക്കും പെട്ടന്ന്  മനസിലാകാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നു . സ്കീറ്റര്‍ -ടെ  ഉദ്ദേശ്യ ശുദ്ധിയും അര്‍പ്പണ ബോധവും മനസിലാക്കിയ അയിലിബീന്‍ ഈ സംരഭത്തിനു മറ്റുള്ള മെയിഡുകളെ ക്കൂടി  പറഞ്ഞു സമ്മതിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം സ്വയം ഏറ്റെടുക്കുന്നു .എല്ലാ വെള്ളക്കാരോടും  സംശയവും അടങ്ങാത്ത പകയും മനസ്സില്‍ കൊണ്ടുനടക്കുന്ന മിന്നി ആദ്യം പരിഹസിച്ചു തള്ളിയെങ്കിലും ക്രമേണ സ്വന്തം കഥകള്‍ പറഞ്ഞു തുടങ്ങുന്നു .കൂടുതല്‍ കൂടുതല്‍ മെയിഡുകള്‍ ഇതുമായി സഹകരിക്കുന്നു .അങ്ങനെ പുസ്തകം പൂര്‍ത്തിയാകുന്നു. ആദ്യമൊന്നും വലിയ തരംഗങ്ങള്‍ ഉണ്ടാക്കിയില്ല എങ്കിലും ക്രമേണ പുസ്തകം ആളുകള്‍ വായിച്ചു തുടങ്ങുന്നു . അതില്‍ പ്രദിപാദിക്കുന്ന വ്യക്തികളെയും അവരുടെ ചെയ്തികളെയും ഒക്കെ മിസ്സിസിപ്പിയിലെ വായനക്കാര്‍ മനസില്ലാക്കുമോഎന്നും അതുവഴി  തങ്ങള്‍ തിരിച്ചറിയപ്പെടുമോ  എന്ന ഭയത്താല്‍ അതില്‍ വിവരങ്ങള്‍ നല്‍കിയ മെയിഡുകളെ ജോലിയില്‍ നിന്ന് പുറത്താക്കണോ ഉപദ്രവിക്കാനോ ഒന്നും വെള്ളക്കാരിലാരും തയ്യാറാകുന്നില്ല.  പുസ്തകത്തിന്റെ വിജയത്തെ തുടര്‍ന്ന് സ്കീറ്റര്‍ ഒരു മികച്ച ജോലിയുമായി ന്യൂ യോര്‍ക്കിലേക്ക്  സ്ഥലം മാറിപ്പോകുന്നു.അങ്ങനെ സന്തോഷകരമായ അന്തരീക്ഷത്തില്‍  നോവല്‍ അവസാനിക്കുന്നു .

മുകളില്‍ വിവരിച്ച പ്രധാന കഥയ്ക്ക്‌   ഉപരിയായി ഈ പുസ്തകത്തെ ഹൃദ്യമാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട് .എല്ലാവരും സഞ്ചരിക്കുന്ന വഴിയില്‍ നിന്ന്  അല്പം മാറിപ്പോകുന്ന സ്കീറ്റര്‍ -നു തന്റെ കൂട്ടുകാര്‍ക്കും വീട്ടുകാര്കും ഇടയില്‍ നിന്ന്  അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദവും ഒറ്റപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും മനോഹരമായി അവതരിപ്പിക്കുക വഴി അന്നത്തെ സാമൂഹ്യ സ്ഥിതി വെള്ളക്കാരുടെ കണ്ണിലൂടെ വായനക്കാര്‍ക്ക്  കാണിച്ചു കൊടുക്കുന്നു .അതുപോലെ തന്നെ അയിലിബീന്‍ -ലൂടെയും മിന്നിയിലൂടെയും കറുത്ത വര്‍ഗക്കാരുടെ ജീവിത സാഹചര്യങ്ങളും ലോകവീക്ഷണവും ഒക്കെ നമുക്ക്  കാണിച്ചുതരുന്നു .വളരെ പക്വമതിയായ അയിലിബീന്‍-ഉം മുന്‍ ശുണ്ടിക്കാരിയും എടുത്തുചാട്ടക്കാരിയും ആയ മിന്നി -ഉം മനോഹരങ്ങളായ പാത്ര സൃഷ്ടികള്‍ ആണ്.കഥാപാത്രങ്ങള്‍ എല്ലാം സാധാരണക്കാരും സംഭവവികാസങ്ങള്‍ എല്ലാം സാമാന്യ ബുദ്ധിക്കു നിരക്കുന്ന രീതിയിലുമാണ്  എന്നതും എടുത്തു പറയേണ്ടുന്ന ഒരു മേന്മ തന്നെയാണ് .ലോകം മുഴുവന്‍ നന്നാക്കുവാനോ  നശിപ്പിക്കുവാനോ അല്ല വേണ്ടിയല്ല ഇതിലെ ഒരു കഥാപാത്രവും പ്രവത്തിക്കുന്നത് .അവരവരുടെ നിത്യ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളുടെ പൂര്‍ത്തീകരണവും  മറ്റും മാത്രമാണ്  എല്ലാവരുടെയും ലക്‌ഷ്യം .ഇത് കഥയ്ക്ക്  എന്തെന്നില്ലാത്ത സ്വാഭാവികത നല്‍കുന്നു അതുവഴി ആസ്വാദ്യതയും .വെള്ളക്കാര്‍ എല്ലാവരും കണ്ണില്‍ ചോരയില്ലാത്ത നീചന്മാരനെന്നോ, കറുത്ത വര്‍ഗക്കാരെല്ലാം എല്ലാദിവസവും പീഡിപ്പിക്കപ്പെടുന്നു എന്ന അതിശയോക്തിയും ഒരിടെത്തും കടന്നു വരാതെ, നമുക്കൂഹിക്കവുന്നത് പോലെ നല്ലതും ചീത്തയും ഇടകലര്‍ന്ന ഒരു സാമൂഹ്യ സ്ഥിതിയുടെ, വളരെ പക്ഷപാത രഹിതമായ ഒരു വിവരണം ആണ് നമുക്ക്  കിട്ടുന്നത് .

ആത്മകഥാപരമെന്നു നേരിട്ടു ആരോപിക്കാന്‍ പറ്റില്ല എങ്കിലും കഥയിലെ സ്കീറ്റര്‍ -നു സമാനമായ ഒരു സാഹചര്യത്തിലാണ്  താനും വളര്‍ന്നു വലുതായതെന്നു കഥാകാരി അനുബന്ധ കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട് .അത് തന്നെയായിരിക്കണം ഇത്ര മനോഹരമായി ആ കാലഘട്ടത്തെ പുനരവിഷ്കരിക്കാന്‍ സ്റോക്കെറ്റ് -നെ സഹായിച്ചിരിക്കുന്നത് .കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച പീഡനങ്ങളെ  ലാളിത്യവത്കരിച്ച്, വെള്ള കാരുടെ ക്രൂരതകളെ വെള്ളപൂശി ചരിത്ര ത്തെ വളച്ചൊടിക്കുന്നു എന്ന വിമര്‍ശനം നില നില്‍ക്കുമ്പോഴും ,മനോഹരമായ ഒരു വായന അനുഭൂതി പകരുന്ന ഒരു നോവലാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പിന്കുറിപ്പ് : പ്രസ്തുത പുസ്തകത്തെ അധികരിച്ച്  ടയ്റ്റ് ടായ്ലര്‍ (Tate Taylor)  സംവിധാനം ചെയ്ത  "ദി ഹെല്പ് "(The Help) ഹോളിവുഡ് സിനിമ ബോക്സ്‌ ഓഫീസില്‍ മികച്ച വിജയം നേടി.ഓസ്കാര്‍ നോമിനേഷനുകള്‍ പലതും ലഭിച്ച  ഈ സിനിമ വായനാനുഭാവത്തോടു കിടപിടിക്കില്ല എങ്കിലും പുസ്തകത്തോട്  സാമാന്യ നീതി പുലര്‍ത്തുന്ന ഒന്നാണ് .


2012, ഫെബ്രുവരി 4, ശനിയാഴ്‌ച

ഗാന്ധിജി എന്ന സാധാരണക്കാരന്‍



ഇന്ത്യന്‍ സ്വാതന്ത്രത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ച വേളയില്‍ ഗാന്ധിജിയുടെ പ്രസക്തിയെ കുറിച്ച് R.I.T യുടെ കോളേജ് മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ :









 RIT College magazine 1998 part2