Monday, September 7, 2015

ദി സ്ട്രെയിൻജർ (The Stranger)

കാല-ദേശ പരിമിതികളെ അതിക്രമിച്ചു നില്ക്കുന്ന സാഹിത്യത്തെയാണ്‌ നാം വിശ്വ സാഹിത്യം എന്നു പറയുന്നത്.നോബൽ സമ്മാനജേതാവായ ആൽബേർട്ട് കമു -വിന്റെ (Albert Camus)  "ദി സ്ട്രെയിൻജർ"  (The Stranger) എന്ന പുസ്തകം ഈ ഗണത്തിൽപ്പെടുന്ന ഒന്നാണ് . രണ്ടാം ലോക മഹായുദ്ധത്തിൽ , ജെർമിൻ അധിനിവേശത്തിലകപ്പെട്ട  ഫ്രാൻസിൽ വച്ച് ,1942 -ൽ എഴുതപ്പെട്ട ഈ നോവൽ, ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും വളരെ വേഗം പിടിച്ചുപറ്റി. കൃതിയുടെ പഴക്കവും നോബൽ സമ്മാന ജേതാവ് എന്ന മുഖവുരയും, ഒരു ബോറൻ  ധാരണയുണ്ടാക്കുന്നുവെങ്കിലും  കേവലം നൂറു പേജിനോടടുത്ത് മാത്രം വലിപ്പമുള്ള , വളരെവേഗം വായിച്ചു പോകാൻ കഴിയുന്ന  ഒരു ചെറിയ പുസ്തകമാണിത് .
 
മ്യുർസൗ(Meursault)എന്ന കഥാനായകൻ സ്വയം വിവരണം നടത്തുന്ന രീതിയിൽ ക്രമീകരിച്ചിട്ടുള്ള ഇതിന്റെ കഥ , ലോകത്തിന്റെ ഏതു കോണിലിരുന്ന്, ഏതു കാലഘട്ടത്തിൽ വായിച്ചാലും വായനക്കാരനെ സ്പർശിക്കുന്ന ഒന്നാണ് . പ്രായമായ അമ്മ മരിച്ചു എന്ന് വൃദ്ധ സദനത്തിൽ നിന്ന്  ടെലിഗ്രാം വരുന്നതോടെയാണ് കഥ ആരംഭിക്കുനത്. ജോലി സ്ഥലത്ത് നിന്ന് ഒരു വിധത്തിൽ അവധി തരപ്പെടുത്തി അയാൾ നാട്ടിൽ എത്തുന്നു. അമ്മയുമായി അത്ര വലിയ ആത്മബന്ധം ഒന്നുമില്ലായിരുന്ന അയ്യാൾ, മൃത ശരീരം ഒന്ന് കാണുവാൻ പോലും താത്പര്യം പ്രകടിപ്പിക്കുന്നില്ല. കാപ്പി കുടിച്ചും സിഗരറ്റ് വലിച്ചും രാത്രി തള്ളി നീക്കുന്ന മ്യുർസൗ നെ ആശ്വസിപ്പിക്കുവാൻ വൃദ്ധ സദനത്തിന്റെ ഡയറക്ടർ ഉൾപെടെ ആളുകൾ നടത്തുന്ന ശ്രമങ്ങൾ എല്ലാം അയാളെ കൂടുതൽ അലോസരപ്പെടുത്തുന്നു.മ്യുർസൗ പ്രകടിപ്പിക്കുന്ന ഈ നിസംഗത എല്ലാവരെയും അന്പരപ്പിക്കുന്നു. പിറ്റേദിവസം യാന്തികമായ ഫ്യുണറലിനു ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നു.

Friday, August 7, 2015

കോസ്മോസ്

  'പോപ്പുലർ സയൻസ്' വിഭാഗത്തിൽ - വിശേഷിച്ചും അമേരിക്കയിൽ - ഏറെ ജനശ്രദ്ധ നേടിയ ഒരു പുസ്തകമാണ്  "കോസ്മോസ്". അമേരിക്കൻ ടെലിവിഷൻ രംഗത്തെ എക്കാലത്തെയും ജന പ്രിയ പ്രോഗ്രാമുകളിൽ ഒന്നായ കോസ്മോസ്: എ പേർസണൽ വോയേജ് ( Cosmos: A Personal Voyage) എന്ന പരന്പരയുടെ പുസ്തകാവിഷ്കാരമാണ്  ഇത്.ബഹിരാകാശ ഗവേഷണം അതിന്റെ ശൈശവ ദശയിൽ ആയിരുന്ന 1980 കളിൽ പുറത്തിറങ്ങിയ ഈ പുസ്തകവും ടെലിവിഷൻ പരന്പരയും,  തലമുറകളെ സ്വാധീനിച്ചു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഇവയുടെ സ്വാധീനം കൊണ്ട് മാത്രം ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ എത്തിപ്പെട്ട് കഴിവ് തെളിയിച്ച ഒട്ടേറെ പേർ ഇവിടങ്ങളിലുണ്ട് .അമേരിക്കൻ ബഹിരാകാശ ശാസ്ത്രകാരനായിരുന്ന കാൾ സാഗൻ(Carl Sagan) ആയിരുന്നു ഈ രണ്ടു സംരഭങ്ങളുടെയും സൂത്രധാരൻ.  ശാസ്ത്ര വിഷയങ്ങളെ, സാധാരണ ജനങ്ങൾക്ക് , മനസിലാകുന്ന വിധത്തിൽ, ലളിതമായും സരസമായും അവതരിപ്പിക്കുന്നതിൽ സാഗനുള്ള കഴിവ് ഈ പുസ്തകം വിളിച്ചോതുന്നു. വിഖ്യാതമായ പുലിറ്റ്സെർ പ്രൈസ് അദ്ദേഹത്തെ തേടിയെത്തിയതിന്റെ  കാരണവും മറ്റൊന്നല്ല. ടെലിവിഷൻ പോലെ ഒരു മാധ്യമത്തെ കേവലം വിനോദത്തിനു മാത്രമല്ല , വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കാം എന്നുള്ള  അദ്ദേഹത്തിന്റെ  ദീർഘ വീക്ഷണം ഏറെ പ്രശംസനീയമാണ് .

ഒരു ടെലിവിഷൻ പരന്പരയുടെ മാതൃകയിൽ പതിമൂന്ന്‌ അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിനുള്ളത് . പറയുവാൻ പോകുന്ന വിഷയത്തെ ആസ്വദിക്കുവാൻ നമ്മുടെ മനസിനെ കൂടുതൽ പാകമാക്കുന്ന വിധത്തിലാണ് ഓരോ അധ്യായങ്ങളുടെ പേരും, തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രസിദ്ധമായ ചില മഹദ് വചനങ്ങളും. ആരംഭം മുതൽ അവസാനം വരെ വളരെ കാവ്യാത്മകമായ ഒരു ശൈലിയിൽ ആണ് ഈ പുസ്തകം പുരോഗമിക്കുന്നത് .

Friday, June 5, 2015

പ്ലേയിംഗ് ഇറ്റ്‌ മൈ വേ (സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥ)

വലിയ പ്രതീക്ഷയോടെയാണ്  സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥയായ  "പ്ലേയിംഗ്  ഇറ്റ്‌ മൈ വേ" (Playing It My Way)വായനയ്ക്ക് എടുത്തത്. ഇരുപത്തിയഞ്ച് വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന സച്ചിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ  അറിയുവാൻ, ആ കാലഘട്ടത്തിൽ ജീവിച്ച ഏതൊരാൾക്കും താല്പര്യം തോന്നുന്നത് സ്വാഭാവികം . ഈ ആവേശങ്ങളെയൊക്കെ തല്ലിക്കെടുത്തുന്ന ഒന്നാണ് ഈ പുസ്തകം എന്ന് പറയാതെ നിവൃത്തിയില്ല. വായന യുടെ ഒരു വേളയിലും, ഒരു തരത്തിലുള്ള സംതൃപ്തിയും ഈ പുസ്തകം പ്രദാനം ചെയ്യുന്നില്ല. ബോറിയ മജുംദാർ (Boria Majumdar) എന്ന പത്ര പ്രവർത്തകനാണ് സച്ചിനെ ഇത് തയ്യാറാക്കാൻ സഹായിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ്ന്റെ സാമൂഹിക ചരിത്രത്തിൽ ഡോക്ട്രേറ്റ് ഉള്ള അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കുന്ന രീതിയിൽ ആണ് ഇതിനെ സമീപിച്ചിരിക്കുന്നത്.

 സച്ചിന്റെ ജീവിതത്തിലെ  മുഹൂർത്തങ്ങളെ അവലംബിച്ച്   വായനയ്ക്ക് -രസകരമായ രീതിയിൽ- പുതിയ മാനങ്ങൾ നല്കുവാൻ  പുസ്തകം ശ്രമിക്കുന്നതേയില്ല .സച്ചിന്റെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന  സന്ദർഭങ്ങളെപോലും വളരെ നിർജ്ജീവമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വായന തുടരുന്നതിനുതകുന്ന " താല്പര്യം"  ജനിപ്പിക്കുന്നതിൽ പുസ്തകം പരാജയപ്പെടുന്നു.സച്ചിന്റെ കരിയറിലെ ഓരോ മത്സരത്തെയും , വളരെ സൂക്ഷമായി ഈ പുസ്തകം വിശദീകരിക്കുന്നു (പലപ്പോഴും ആവശ്യത്തിലേറെ) . ചുരുക്കത്തിൽ സച്ചിൻ പങ്കെടുത്ത കളികളുടെ പത്ര റിപ്പോർട്ടുകൾ ഒരുമിച്ചു ചേർത്തുവച്ച്  വായിക്കുന്ന ഒരു പ്രതീതിയാണ് വായനയുടെ 90 ശതമാനവും നമുക്ക് അനുഭവപ്പെടുന്നത് . പുസ്തകത്തിലുടനീളം നിറഞ്ഞു നില്ക്കുന്ന "ഞാൻ" പ്രയോഗവും  ആവശ്യത്തിനും അനാവശ്യത്തിനും ഭാര്യയായ  അഞ്ജലിയുടെ 'സ്വാധീനം' പരാമർശിക്കുന്ന രീതിയും വായനക്കാരനിൽ ചെലുത്തുന്ന അലോസരം ചെറുതൊന്നുമല്ല .

Saturday, May 16, 2015

ബോധത്തിന്റെ ഉള്ളറകൾ തേടി... (Shadows of the Mind)

എബ്രഹാം ലിങ്കണ്‍-ന്റെ ഇടതു കാൽ വാഷിംഗ്ടണ്‍ ഡി സി യിൽ ആയിരിക്കുന്പോൾ വലതു കാൽ എവിടെ ആയിരിക്കും?  ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ , ഞൊടിയിടയിൽ നിങ്ങൾ ഉത്തരം കണ്ടെത്തിക്കാണുമെന്നുറപ്പ് . എന്നാൽ അത്യാധുനീക സൂപ്പർ കന്പ്യൂട്ടറുകൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ചിലപ്പോൾ മണിക്കൂറുകൾ ചിലവഴിച്ചേക്കാം എന്ന് പറയുന്പോൾ, ഒരു പക്ഷെ നമ്മൾ അല്പം സംശയിച്ചേക്കാം . കണക്കുകൾ കൂട്ടുന്ന വേഗതയിലും , സങ്കീർണമായവ കൃത്യതയോടെ ചെയ്യുന്ന കാര്യത്തിലും , ഓർമ്മ ശക്തിയിലും കന്പ്യൂട്ടറുകൾ മനുഷ്യനെക്കാൾ കേമന്മാരാണ്.ചെസ്സ്‌ പോലെ , ബുദ്ധി ഉപയോഗിക്കേണ്ടുന്ന കളികളിലും ഓർമ്മ ശക്തിയോടൊപ്പം , മനസ്സാന്നിദ്ധ്യവും (Presence of mind) പരീക്ഷിക്കപ്പെടുന്ന  ജെപർഡി (Jeopardy) പോലുള്ള ഗെയിം ഷോ കളിലും കന്പ്യൂട്ടറുകൾ മനുഷ്യനുമേൽ വിജയം നേടി കഴിഞ്ഞിരിക്കുന്നു . എന്നിരുന്നാലും നമ്മുടെ ചിന്താശേഷി ഉപഗോഗിച്ച്, അനായാസേന, കണ്ടെത്താൻ കഴിയുന്ന പല ചോദ്യങ്ങളും കന്പ്യൂട്ടറുകൾക്ക് ഇന്നും കീറാമുട്ടിയാണ് .   

ഇവിടെ ബുദ്ധി ,എന്ന് സാമാന്യമായി നാം വിവക്ഷിക്കുന്ന ഗുണത്തെ കുറച്ചു കൂടി സൂക്ഷമായി മനസിലാക്കേണ്ടതുണ്ട് . വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവിനെയും, ഓർമ്മ ശക്തിയെയും, കാര്യങ്ങൾ പെട്ടന്ന് ഗ്രഹിച്ചു ഉചിതമായ തീരുമാനത്തിലെത്തുവാനുള്ള കഴിവിനെയും ഒക്കെ ചേർത്താണ് നാം ബുദ്ധി എന്ന് സാമാന്യമായി  പറയുന്നത്.ഇവയിൽ ആദ്യം പറഞ്ഞ രണ്ടു ഗുണങ്ങൾ കന്പ്യൂട്ടറുകൾക്ക് ഒരു ശരാശരി മനുഷ്യനെക്കാൾ കൂടുതൽ ഉണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല . എന്നാൽ മൂന്നാമത്തെ ഗുണമാകട്ടെ കന്പ്യൂട്ടറുകൾക്ക് തീരെയില്ലതാനും. എന്തായിരിക്കാം ഇതിനു കാരണം ? മനുഷ്യന്റെ ചിന്താശേഷി അതേപടിയുള്ള കന്പ്യൂട്ടറിനെ നിർമ്മിക്കുവാൻ സാധിക്കുമോ ?  ഈ ചോദ്യങ്ങളെ കൂടുതൽ ആഴത്തിൽ അന്വേക്ഷിക്കുന്ന ഒന്നാണ്  സർ റോജർ പെൻ റോസിന്റെ (Roger Penrose)   'ഷാഡോസ്  ഓഫ് ദി മൈൻഡ്' (Shadows of the Mind) എന്ന പുസ്തകം.

Wednesday, December 31, 2014

ആടുജീവിതം

സാധാരണക്കാരായ വായനക്കാരുടെ പ്രിയം ഒന്നു കൊണ്ടു മാത്രം പ്രശസ്തിയുടെ കൊടുമുടികൾ കയറിയ ഒരു നോവൽ ആണ് ബെന്യാമിന്റെ 'ആടുജീവിതം'.പുഴയില്‍നിന്ന് മണല്‍വാരി ഉപജീവനം കഴിച്ചിരുന്ന നാട്ടിന്‍പുറത്തെ നജീബ് എന്ന ചെറുപ്പക്കാരന്‍ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹിച്ച് , ഹക്കീം എന്ന സുഹൃത്തിനോടൊപ്പം, സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നു. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ പ്രതീകമാണ് നജീബ് . ട്രാവൽ എജെന്റും മറ്റു സുഹൃത്തുകളും പറഞ്ഞിരുന്നത് പോലെ  വിസ സ്പോണ്‍സർ ചെയ്തിരുന്ന അറബി ,അല്പം വൈകി എങ്കിലും,  എയര്‍പോട്ടില്‍ നിന്നും അവരെ കൂട്ടികൊണ്ട് പോകുന്നു. അതുവരെ തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു കഥ പിന്നീട് വായനക്കാരെ അന്പരപ്പിക്കുന്ന ഒരു തലത്തിലേ ക്ക് വളരുകയാണ് ചെയ്യുന്നത്.  മരുഭൂമിക്ക് നടുവില്‍ ഏകാന്തവും വിജനവുമായ ഒരു ആടു ഫാമില്‍ എത്തിപ്പെട്ട നജീബിന്റെ തുടര്‍ന്നുള്ള ജീവിതം, നമ്മുടെ സങ്കല്‍പങ്ങള്‍ക്കപ്പുറത്തുള്ള ദൈന്യതയുടെയും പീഡയുടെയും ഏകാന്തതയുടെയും കദനകഥയാണ്. കുടിക്കുവാൻ ഒരിറ്റു വെള്ളമോ , ഒന്നു മിണ്ടുവാൻ ഒരു ജീവിയോ പോലും കൂടെയില്ലാതെയുള്ള നരകതുല്യമായ ജീവിതം. രക്ഷപെടുവാൻ അതിവിദൂരമായ ഒരു സാദ്ധ്യതപോലുമില്ലാതെ നജീബ് അവിടെ കഴിച്ചു കൂട്ടുന്ന ഓരോ നിമിഷവും വായനക്കാരായ നാം അസ്വസ്ഥരാകും എന്നു തീർച്ച. അതിനൊടുവിൽ അയാൾ അതിസാഹസികമായി രക്ഷപ്പെടുന്നു.അതിനു ശേഷമാണ് അയാൾ അറിയുന്നത് തന്നെ കൂട്ടിക്കൊണ്ടു പോയത് , തനിക്കു വിസ നല്കിയ അറബി അല്ലായിരുന്നു എന്ന സത്യം . അതോടെ നമ്മുടെ ഓരോരുത്തരുടെയും 'ജീവിതം' എന്ന ഈശ്വരന്റെ പകിടകളിയെക്കുറിച്ച് ഓരോ വായനക്കാരും ചിന്തിച്ചു പോകുമെന്നുറപ്പ്.