2015, മേയ് 16, ശനിയാഴ്‌ച

ബോധത്തിന്റെ ഉള്ളറകൾ തേടി... (Shadows of the Mind)

എബ്രഹാം ലിങ്കണ്‍-ന്റെ ഇടതു കാൽ വാഷിംഗ്ടണ്‍ ഡി സി യിൽ ആയിരിക്കുന്പോൾ വലതു കാൽ എവിടെ ആയിരിക്കും?  ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ , ഞൊടിയിടയിൽ നിങ്ങൾ ഉത്തരം കണ്ടെത്തിക്കാണുമെന്നുറപ്പ് . എന്നാൽ അത്യാധുനീക സൂപ്പർ കന്പ്യൂട്ടറുകൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ചിലപ്പോൾ മണിക്കൂറുകൾ ചിലവഴിച്ചേക്കാം എന്ന് പറയുന്പോൾ, ഒരു പക്ഷെ നമ്മൾ അല്പം സംശയിച്ചേക്കാം . കണക്കുകൾ കൂട്ടുന്ന വേഗതയിലും , സങ്കീർണമായവ കൃത്യതയോടെ ചെയ്യുന്ന കാര്യത്തിലും , ഓർമ്മ ശക്തിയിലും കന്പ്യൂട്ടറുകൾ മനുഷ്യനെക്കാൾ കേമന്മാരാണ്.ചെസ്സ്‌ പോലെ , ബുദ്ധി ഉപയോഗിക്കേണ്ടുന്ന കളികളിലും ഓർമ്മ ശക്തിയോടൊപ്പം , മനസ്സാന്നിദ്ധ്യവും (Presence of mind) പരീക്ഷിക്കപ്പെടുന്ന  ജെപർഡി (Jeopardy) പോലുള്ള ഗെയിം ഷോ കളിലും കന്പ്യൂട്ടറുകൾ മനുഷ്യനുമേൽ വിജയം നേടി കഴിഞ്ഞിരിക്കുന്നു . എന്നിരുന്നാലും നമ്മുടെ ചിന്താശേഷി ഉപഗോഗിച്ച്, അനായാസേന, കണ്ടെത്താൻ കഴിയുന്ന പല ചോദ്യങ്ങളും കന്പ്യൂട്ടറുകൾക്ക് ഇന്നും കീറാമുട്ടിയാണ് .   

ഇവിടെ ബുദ്ധി ,എന്ന് സാമാന്യമായി നാം വിവക്ഷിക്കുന്ന ഗുണത്തെ കുറച്ചു കൂടി സൂക്ഷമായി മനസിലാക്കേണ്ടതുണ്ട് . വേഗത്തിൽ കണക്കുകൂട്ടാനുള്ള കഴിവിനെയും, ഓർമ്മ ശക്തിയെയും, കാര്യങ്ങൾ പെട്ടന്ന് ഗ്രഹിച്ചു ഉചിതമായ തീരുമാനത്തിലെത്തുവാനുള്ള കഴിവിനെയും ഒക്കെ ചേർത്താണ് നാം ബുദ്ധി എന്ന് സാമാന്യമായി  പറയുന്നത്.ഇവയിൽ ആദ്യം പറഞ്ഞ രണ്ടു ഗുണങ്ങൾ കന്പ്യൂട്ടറുകൾക്ക് ഒരു ശരാശരി മനുഷ്യനെക്കാൾ കൂടുതൽ ഉണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല . എന്നാൽ മൂന്നാമത്തെ ഗുണമാകട്ടെ കന്പ്യൂട്ടറുകൾക്ക് തീരെയില്ലതാനും. എന്തായിരിക്കാം ഇതിനു കാരണം ? മനുഷ്യന്റെ ചിന്താശേഷി അതേപടിയുള്ള കന്പ്യൂട്ടറിനെ നിർമ്മിക്കുവാൻ സാധിക്കുമോ ?  ഈ ചോദ്യങ്ങളെ കൂടുതൽ ആഴത്തിൽ അന്വേക്ഷിക്കുന്ന ഒന്നാണ്  സർ റോജർ പെൻ റോസിന്റെ (Roger Penrose)   'ഷാഡോസ്  ഓഫ് ദി മൈൻഡ്' (Shadows of the Mind) എന്ന പുസ്തകം.

ഗണിതശാസ്ത്രത്തിലൂന്നിയ ഭൌതികശാസ്ത്ര പഠനങ്ങളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രകാന്മാരിൽ അഗ്രഗണ്യനാണ്,ഓക്സ്ഫോർഡ് യൂണിവേർസിറ്റി പ്രൊഫസ്സർ ആയ സർ റോജർ പെൻ റോസ്. അൽബെർറ്റ്  ഐൻസ്റ്റെൻ, സ്റ്റീഫൻ  ഹോക്കിംഗ്  തുടങ്ങിയ  മഹാരഥൻമാരുടെ ഗണത്തിൽ പെടുത്താവുന്ന  ഒരു തിയററ്റിക്കൽ  ഭൌതികശാസ്ത്രഞ്നാണ്  ആണ് അദ്ദേഹം .  ഗണിത ശാസ്ത്രത്തിലും , ശാസ്ത്രവും തത്വശാസ്ത്രവും തമ്മിൽ സന്ദിക്കുന്ന മേഖലകളിലും ശ്രദ്ധേയമായ ഒട്ടേറെ സംഭാവനകൾ  നല്കിയ അദ്ദേഹം , മനുഷ്യ മനസിന്റെ പ്രവർത്തന രഹസ്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ കഴിഞ്ഞ കുറെക്കാലമായി വ്യാപൃതനാണ്.

ബുദ്ധിയെ കുറിച്ച് പറയുന്പോൾ അതിന്റെ കേന്ദ്രമായ മസ്തിഷ്കത്തെ കുറിച്ച് പറയാതെ പറ്റില്ലലോ . മനുഷ്യ മസ്തിഷ്കത്തെ പ്രധാനമായും സെറിബ്രം(Cerebrum) , സെറിബെല്ലം(Cerebellum) എന്നിങ്ങനെ രണ്ടായി തിരിക്കാം . ഇതിൽ ബോധപൂർവമായ ചെയ്തികളെ നിയന്ത്രിക്കുന്നതും ഏകോകിപ്പിക്കുന്നതും സെറിബ്രം ആണ് , മറ്റു പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണ് സെറിബെല്ലം .  ഉദാഹരണമായി  നിങ്ങൾ ഡ്രൈവിംഗ് പഠിക്കുക ആണെന്ന് കരുതുക , അത് സ്വയാത്തമാകുന്നത് വരെ സെറിബ്രം ആണ് അതിനു നേതൃത്വം കൊടുക്കുന്നത് . നിങ്ങൾ അതീവ ശ്രദ്ധയോടെ , 'ബോധ' ത്തോടെയാണ് എല്ലാം ചെയ്യന്നത് . എന്നാൽ പത്തു കൊല്ലമായി വാഹനം ഓടിക്കുന്ന ഒരാൾ , വളരെ പരിചിതമായ ഒരു റോഡിലൂടെ വാഹനം ഓടിക്കുക ആണെന്ന് കരുതുക .  ഇവടെ ശ്രദ്ധയും ബോധവും വളരെ കുറവ് മതിയെന്ന് നമുക്കറിയാം . വേഗത വ്യതാസം വരുന്പോൾ അറിയാതെ തന്നെ ഗിയർ മാറ്റുന്നതും, വളവുകളിലും മറ്റും വേഗത കുറയ്ക്കുന്നതും ഹോണ്‍ മുഴക്കുന്നതും ഒക്കെ സ്വാഭാവികമായി തന്നെ ചെയ്യപ്പെടുന്ന ചെയ്തികളായി മാറുന്നു . ഇത്തരം ഡ്രൈവിംഗ് കളെ സെറിബെല്ലം ആണ് നിയന്ത്രിക്കുന്നത്.   സെറിബെല്ലത്തെ  അപേക്ഷിച്ച് സെറിബ്രത്തിൽ  ന്യൂറോണുകളുടെ എണ്ണം പതിന്മടങ്ങ്‌ കൂടുതൽ ആയതിനാൽ , അതായിരിക്കാം ഈ 'ബോധ' വ്യത്യാസത്തിനു കാരണം എന്നാണ് ആദ്യ കാലങ്ങളിൽ ശാസ്ത്രലോകം കരുതിയിരുന്നത് , എന്നാൽ തുടർന്നുള്ള പഠനത്തിൽ ,  കൂടുതൽ കെട്ടു പിണഞ്ഞു കിടക്കുന്ന പർകിൻജി( Purkinje cell) സെല്ലുകൾ സെറിബെല്ലത്തിൽ  കൂടുതൽ ആയതിനാൽ, ന്യൂറോണ്‍ ബന്ധനങ്ങളുടെ സാന്ദ്രത രണ്ടു ഭാഗത്തും ഏറക്കുറെ ഒരുപോലെ ആണെന്ന് കണ്ടെത്തി .ബോധത്തിന്റെ രഹസ്യം മറ്റെന്തൊ ആയിരിക്കാം മെന്ന് ഗവേഷകർ ചിന്തിച്ചു തുടങ്ങി .
 
ഒരു ചോദ്യത്തിൽ നിന്ന് ഉത്തരത്തിലെത്തുവാൻ മനുഷ്യ ബുദ്ധിയും കന്പ്യൂട്ടറുകളും  സഞ്ചരിക്കുന്ന വഴികൾ തികച്ചും വ്യത്യസ്തമാണ്. അല്പം സാങ്കേതികമായി പറഞ്ഞാൽ തികച്ചും 'കംപ്യൂട്ടേഷണൽ' ആണ് കന്പ്യൂട്ടർ ബുദ്ധിയെങ്കിൽ , അതിനെ അതിക്രമിച്ചു നില്ക്കുന്ന ഏതോ ഒരു ഘടകം മനുഷ്യനുണ്ട്. ഈ ഘടകത്തെയാണ്  നാം  'മനസ്'  അഥവാ 'തിരിച്ചറിവ്' എന്നതു കൊണ്ട് വിവക്ഷിക്കുന്നത് . മനുഷ്യൻ കാര്യങ്ങൾ അറിയുക മാത്രമല്ല ; അറിയുന്നു എന്ന് അറിയുക കൂടി ചെയ്യുന്നു. ഇത്തരത്തിൽ മനുഷ്യനുള്ള  'ഗ്രാഹ്യം'  നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്ന ഒരു കൂട്ടം കണക്കു കൂട്ടലുകളുടെ പരിണിത ഫലമാണോ എന്ന്  ശാസ്ത്രകാരന്മാർ പഠനം തുടങ്ങിയിട്ട് കാലമേറെയായി . കണക്കു കൂട്ടലുകളുടെ വേഗത മാത്രമാണ്  'ഗ്രാഹ്യ' ത്തിൽ മനുഷ്യനുള്ള മുൻ തൂക്കത്തിന്  കാരണമെന്നാണ് ആദ്യ കാലങ്ങളിൽ ശാസ്തകാരന്മാർ  കരുതിയിരുന്നത് . എന്നാൽ കന്പ്യൂട്ടറുകൾ അവയുടെ പ്രോസിസ്സിംഗ് സ്പീഡും മെമ്മറിയും ഒക്കെ പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടും  ഈ രീതിയിലുള്ള പുരോഗതി കാണിക്കാത്തത് ഗവേഷകരെ മറ്റു പല രീതിയിലും ചിന്തിപ്പിച്ചു തുടങ്ങി.

അൽഗോരിതങ്ങളെ (Algorithm) അടിസ്ഥാനമാക്കിയാണ്  കന്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നത് .ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുവാനായി, ഒന്നിൽ നിന്ന് അടുത്തതിലേക്ക് കൃത്യമായി,പുരോഗമിക്കുന്ന പടവു (steps) കളുടെ സഞ്ചയത്തെയാണ് ഗണിത ശാസ്ത്രപരമായി അൽഗോരിതം എന്ന് പറയുന്നത്. നമ്മുടെ നിത്യ  ജീവിതത്തിൽ നാം നേരിടുന്ന എല്ലാ സന്ദർഭങ്ങളേയും കന്പ്യൂട്ടർ ബുദ്ധിക്ക്  വഴങ്ങുന്ന രീതിയിലുള്ള അൽഗോരിതങ്ങളാക്കി മാറ്റാൻ കഴിയില്ല  എന്നും  'കണക്കു കൂട്ടലുകളെ'  അതിക്രമിച്ചു നില്ക്കുന്ന  ഒരു 'തിരിച്ചറിവ്‌'   മനുഷ്യനുണ്ട്  എന്നും നിരവധി ഉദാഹരണങ്ങൾ നിരത്തി പെൻ റോസ്  വിശദമാക്കുന്നു . മനുഷ്യ മനസിന്റെ പ്രവർത്തനം   'കണക്കു കൂട്ടലുകൾക്ക് ' അതീതമാണെന്ന് പറയുന്പോൾ , മനുഷ്യരായ നമ്മിൽ നിന്ന്  വേറിട്ട്‌ നില്ക്കുന്ന,'ദൈവിക' മായ, ഒന്നായല്ല  അതിനെ കാണേണ്ടുന്നത് .തികച്ചും സങ്കീർണ്ണമായതിനാൽ നമ്മുടെ ബുദ്ധിക്കു പിടിതരാത്ത ഒന്നായും   മനസിനെ കാണേണ്ടുന്നതില്ല . ഉദാഹരണമായി കാലാവസ്ഥ അതീവ സങ്കീർണ്ണമായ ഒന്നാണ് എന്നാൽ അവ 'കണക്കു കൂട്ടലുകൾക്ക് ' വിധേയമായവ  ആകയാൽ കാലാവസ്ഥാ പ്രവചനത്തിൽ കന്പ്യൂട്ടറുകൾ കൃത്യത  കൊണ്ട് വന്നു കഴിഞ്ഞു. 

'കംപ്യൂട്ടേഷണൽ' ആയ ഒരു ഭാഗം നമ്മുടെ ബുദ്ധിക്കും ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല . നമ്മുടെ തലച്ചോറിന്റെ അടിസ്ഥാന ഘടകമായ ന്യൂറോണ്‍ ആണ് ഇത്തരം കണക്കു കൂട്ടലുകളുടെ കേന്ദ്രമെന്നു ഈ രംഗത്തെ ഗവേഷണങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്‌ . എന്നാൽ നാം ഒരു കാര്യത്തെ വിഭാവനം (വിഷ്വലൈസ്) ചെയ്യുന്നതും അതിനനുസൃതമായി തീരുമാനങ്ങൾ എടുക്കുന്നതും ബുദ്ധിയുടെ 'കംപ്യൂട്ടേഷണൽ'ഭാഗം അല്ല . ഉദാഹരണമായി , ഒരു മീറ്റർ നീളമുള്ള ഒരു കയറിൽ  ഒരു കുരുക്ക്  ഉണ്ടോ എന്ന് അറിയണം എന്ന് കരുതുക . മനുഷ്യ ബുദ്ധി വളരെ വേഗം അതിന്റെ ഉത്തരത്തിൽ എത്തുന്നു  എന്നാൽ കന്പ്യൂട്ടറുകൾക്ക് സങ്കീർണമായ ഒട്ടേറെ കണക്കുകൂട്ടലുകൾക്ക് ശേഷമേ ഉത്തരം കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ.

ഗണിതശാസ്ത്രപരമായി നിർവചിക്കുവാൻ കഴിയുന്ന സംവിധാനങ്ങൾ ,  സ്വയം പര്യാപ്‌തമായി വർത്തിക്കുവാൻ സാദ്ധ്യമല്ല എന്ന്  ഗൊദെൽ ന്റെ  അപൂർണത സിദ്ധാന്തം (Gödel's incompleteness theorems), ചർച് -ടൂറിംഗ് തീസിസ് (Church–Turing thesis) എന്നിവയെ ഉദ്ധരിച്ചു കൊണ്ട് പെൻ റോസ്സ്  വിവരിക്കുന്നു. അതുകൊണ്ട് തന്നെ കന്പ്യൂട്ടറുകൾക്ക്  ഈ തിരിച്ചറിവ് ഒരിക്കലും കൈവരിക്കുവാൻ കഴിയില്ല എന്ന്  പെൻ റോസ് നിസംശയം പറയുന്നു . നമ്മുടെ ഇന്റെലിജെൻസ് -മായി താരതമ്യം ചെയ്യ്മ്പോൾ  അർട്ടിഫിഷ്യൽ ഇന്റെലിജെൻസ് (Artificial intelligence ) എന്നും അപൂർണമായി തന്നെ തുടരും എന്ന പെൻ റോസ് ന്റെ ശക്തവും യുക്തി ഭദ്രവുമായ നിരീക്ഷണം ഈ മേഖലയിലെ പല ഗവേഷകരേയും അസ്വസ്ഥരാക്കി . ആ മേഖലയുടെ വികാസത്തിന്  അടിത്തറ പാകിയ ഗൊദെൽ ന്റെയും  അലെൻ ടൂറിംഗ് ന്റെയും സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചു തന്നെയാണ് ഈ നിഗമനത്തിലെത്തിച്ചേർ ന്നിരിക്കുന്നത്  എന്നത് വായനക്കാരായ നമ്മളിൽ കൌതുകം ജനിപ്പിക്കും. പുസ്തകത്തിന്റെ ആദ്യ പാദത്തിൽ ഈ ആശയത്തെ ഒട്ടേറെ ഉദാഹരണങ്ങൾ നിരത്തി  സ്ഥാപിക്കുന്നുണ്ട്.

നമ്മുടെ മനസ്സ് 'കംപ്യൂട്ടേഷണൽ' അല്ല എന്ന് സ്ഥാപിച്ചതിനു ശേഷം , അതിന്റെ ഉള്ളിലേക്ക് കടക്കുകയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ.  ഇവിടെയാണ് ഭൌതിക ശാസ്ത്രത്തിലേക്ക്  വായനക്കാരെ കൊണ്ടുപോകുന്നത് . നമ്മുടെ കണ്മുൻപിൽ നാം കാണുകയും ഇടപഴകുകയും ചെയ്യുന്ന നമ്മുടെ  ഭൌതിക ലോകം വിശദമാകുന്ന ക്ലാസിക്കൽ ഫിസിക്സും, സബ് അറ്റോമിക് കണങ്ങളുടെ പ്രവർത്തനത്തെ വിവരിക്കുന്ന ക്വാണ്ടം മെക്കാനിക്സും(Quantum mechanics ) മാണ് നമ്മുടെ മനസിന്റെ പ്രവർത്തനത്തെകുറിച്ച് പറയുവാൻ പെൻ റോസ് കൂട്ട് പിടിക്കുന്നത് . ക്ലാസിക്കൽ ഫിസിക് സിദ്ധാന്തങ്ങൾ പൂർണമായും കണക്കു കൂട്ടലുകൾക്ക് വിധേയവും ക്വാണ്ടം മെക്കാനിക്സ്  സിദ്ധാന്തങ്ങൾ 'കണക്കു കൂട്ടലുകൾക്ക്' വഴങ്ങി നിൽക്കാത്തവയുമാണെന്നതാണ് . നേരത്തെ വ്യക്തമാക്കിയത് പോലെ നമ്മുടെ ബുദ്ധിക്കും കംപ്യൂട്ടേഷണൽ-ലും നോണ്‍ കംപ്യൂട്ടേഷണലുമായ ഭാഗങ്ങൾ ഉള്ളതിനാലാണ് ഇത്തരമൊരു അന്വേക്ഷണത്തിന്റെ പ്രസക്തി. 

സബ് അറ്റോമിക് തലങ്ങളിലെ പ്രതിഭാസങ്ങളെ എല്ലാം ക്വാണ്ടം മെക്കാനിക്സ് യുക്തി ഭദ്രമായി വിശദീകരിക്കുന്നുണ്ടെങ്കിലും ഭൌതിക തലത്തിലേക്ക് വരുന്പോൾ ഈ വിശദീകരണങ്ങൾ പൂർണ മല്ലാതായി തീരുന്നു. "ഷോഡിങ്ങറുടെ  പൂച്ച" (Schrödinger's cat)എന്നറിയപ്പെടുന്ന  വിശ്വപ്രസിദ്ധമായ ചിന്താ പരീക്ഷണത്തിൽ , പൂച്ച ഒരേ സമയം  മരിക്കുകയും ജീവിച്ചിരിക്കുകയും ചെയ്യുന്ന അവസ്ഥ യുണ്ടാകുന്നു എന്നാൽ പ്രായോഗിക തലത്തിൽ അത് സംഭവിക്കുന്നില്ല. ഒരുവൻ നിരീക്ഷിക്കുന്നത് വരെ പൂച്ച രണ്ടവസ്ഥയിലും നിലനില്ക്കുന്നു വെന്നും നിരീക്ഷിക്കപെടുന്ന സമയത്ത് അവയിലൊന്നിലേക്ക് ചുരുങ്ങുന്നുവെന്നുമാണ് ഭൌതിക ശാസ്ത്രകാന്മാർ നല്കുന്ന വിശദീകരണം. 

നാം ഇന്ന് കാണുന്ന അർട്ടിഫിഷ്യൽ ഇന്റെലിജെൻസ് -ന്റെ  വളർച്ച  പൂർണമായും മറ്റൊരു ദിശയിൽ ആണെന്നും , അവിടെ നാം എത്ര പുരോഗതി കൈവരിചാലും മനുഷ്യ മനസിന്‌ സമാനമായ ഒന്നും പുന സൃഷ്ടിക്കാൻ കഴിയില്ല എന്നും പെൻ റോസ്  വാദിക്കുന്നു .മനുഷ്യ മനസിന്റെ ഭൌതിക മായ അടിത്തറയും അതിന്റെ പ്രവർത്തനത്തെ കുറിച്ചും മനസിലാക്കാൻ പുതിയ രീതിയിലുള്ള അന്വേക്ഷണം വേണമെന്നും   ഈ പുസ്തകം പറയുന്നു .
Roger Penrose
 ഭൌതിക ശാസ്ത്രവും ജൈവ ശാസ്ത്രവും കൈകോർത്ത് കൊണ്ടുള്ള ഒരു സിദ്ധാന്തത്തിനു മാത്രമേ 'ബോധത്തെ' പൂർണമായും നിർവചിക്കുവാൻ സാധിക്കുകയുള്ളൂ എന്നും കോശങ്ങളുടെ അടിസ്ഥാന ഘടകം ആയ സൈറ്റോസ്കെലിട്ടൻ(cytoskeleton) -ലെ ടുബുലർ പ്രൊട്ടീൻ ആയ മൈക്രോ ടൂബ്യൂൾസ് -ൽ ഇപ്രകാരമുള്ള ഒബ്ജെറ്റിവ് റിഡക്ഷൻ സംഭാവിക്കുന്നതാകാം നമ്മുടെ 'ബോധ' ത്തിന്റെ അടിസ്ഥാനം എന്നതാണ്  പെൻ റോസ്സ് മുന്നോട്ടു വയ്ക്കുന്ന നിർദേശം.
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന മൈക്രോ ടൂബ്യൂൾസ് ആണ് നമ്മുടെ ബോധത്തിന് കാരണം എങ്കിൽ നമുടെ ശീരത്തിലെ എല്ലാ അവയവങ്ങൾക്കും ബോധം ഉണ്ടാകേണ്ടതല്ലേ എന്ന ചോദ്യം സ്വാഭാവികമാണ് . അതിനുപരി, പരമെസിയം പോലെയുള്ള ഏക കോശ ജീവികളിൽ പോലും മൈക്രോ ടൂബ്യൂൾസ് (Microtubule ) ഉണ്ടെന്നു പറയുന്പോൾ പെൻ റോസ്സ്  മുന്നോട്ടു വയ്ക്കുന്ന സിദ്ധാന്തം സംശയത്തിന്റെ നിഴലിൽ വരുന്നു. കുറഞ്ഞപക്ഷം കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണെന്ന ബോധ്യം വായനക്കാരന് വരുന്നു .

തന്റെ നിർദേശങ്ങൾ പൂർണമായും സ്ഥിതീകരിക്കരപ്പെടുവാൻ പഠനങ്ങൾ ആവശ്യമാണെന്നും ,നിലവിലുള്ള  വിക്ഞാനം അനുസരിച്ച് , വിശ്വാസയോഗ്യമായ ഒന്ന് മാത്രമാണിത് എന്നും പെൻ റോസ്സ് മുന്നറിയിപ്പ് നല്കുന്നുണ്ട് . നമ്മുടെ 'ബോധം' ത്തിന്റെ അടിസ്ഥാന തലത്തിലേക്ക് പൂർണമായും വിശദീകരിക്കുന്ന സിദ്ധാന്തങ്ങളൊന്നും നിലവിലില്ലാത്ത പശ്ചാതലത്തിലാണ് പെൻ റോസ്സിന്റെ ഈ സിദ്ധാന്തം പ്രസക്തമാകുന്നത് .

ഈ നിർദേശത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയുന്ന വിദഗ്ദ്ധർ ശാസ്ത്ര ലോകത്തുണ്ട് . കൂടുതൽ കൃത്യതയുള്ള ഉത്തരങ്ങൾ തേടിയുള്ള അക്ഷീണ പരിശ്രമം ലോകത്തിലെ വിവധ പരീക്ഷണ ശാലകളിൽ നടന്നുകൊണ്ടിരിക്കുകയാണ് . അത്തരം സംരംഭങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിന്റെ ആദ്യപടിയായി വേണം ഈ പുസ്തക പാരായണത്തെ  കാണാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails