
വലിയ ഗിമിക്കുകൾ ഒന്നുമില്ലാത്ത വളരെ സാധാരണവും സ്വതസിദ്ധവുമായ ശൈലിയിൽ ആണ് ഈ നോവലിന്റെ ആഖ്യാനം. വളരെ ലളിതമായ ഭാഷയില്‍ ആണ് ബെന്യാമിന്‍ നജീബിന്റെ ദുഖങ്ങളെയും, പ്രാര്‍ഥനകളെയും, സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും, സഹനത്തെയും നോവലില്‍ അവിഷ്കരിച്ചിട്ടുള്ളത് . എന്നിരുന്നാലും നമ്മുടെ മനസ്സിൽ തറയ്ക്കുന്ന , നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒട്ടനവധി വാചക ശകലങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതാനും വാചകങ്ങൾ ശ്രദ്ധിക്കുക :
"നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് "
"ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍ പോലും നമ്മെ തേടി വരാന്‍ മടിക്കുന്നു എന്നത് അത്ര കഷ്ടമാണ്..".
"അങ്ങനെ എത്ര അവസരങ്ങള്‍ നാം ഓരോരുത്തരും വേണ്ടെന്നു വയ്ക്കുന്നു അല്ലെ? കൊതിച്ച കൊതിച്ചിരുന്ന സുവര്‍ണ പാത്രം കൈയില്‍ കിട്ടി കഴിയുമ്പോള്‍ അനാഥമായി വലിച്ചെറിയുക. അതപ്പോള്‍ ഉപയോഗിക്കാതിരിക്കുക എന്നതും നമ്മുടെ ജീവിതത്തിന്റെ ഒരു നിയോഗം."
"പണക്കാരന്റെ വണ്ടിയിലും വല്ലപ്പോഴും അള്ളാഹു സഞ്ചരിക്കുമെന്ന് എനിക്കന്നേരം മനസ്സിലായി "
ആലോചിക്കുംതോറും സത്യമെന്ന് നമുക്ക് തന്നെ പലവട്ടം ബോദ്ധ്യം വന്നിട്ടുള്ളവയാണിത് എന്ന കാര്യത്തിൽ തർക്കമില്ല.
മരുഭൂമിയിലെ ആകാശത്തെക്കുറിച്ചുള്ള ഈ വർണ്ണന ശ്രദ്ധിക്കുക :
''അതിരുകള്‍ നരച്ച ഒരു നീലക്കൊട്ട ഞങ്ങള്‍ക്കു മുകളില്‍ കമിഴ്ത്തിവച്ചിരിക്കുന്നത് പോലെയാണ്. ആ നടത്തത്തിനിടയില്‍ എനിക്ക് ആകാശത്തെപ്പറ്റി തോന്നിയത്. മരുഭൂമിയുടെ ഏതോ ഒരു കോണില്‍ ആ കൊട്ടയുടെ ഒരു വശം ആരംഭിക്കുന്നു. അതു പതിയെ ഉയര്‍ന്നുപൊങ്ങി എന്റെ ശിരസ്സിന്റെ മുകളിലെത്തുമ്പോള്‍, ഏറ്റവും ഉയര്‍ന്ന് പതിയെ താഴ്ന്നുപോയി മറ്റൊരു കോണില്‍ അവസാനിക്കുന്നു. ആ കൊട്ടയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ടുപോയ കോഴിക്കുഞ്ഞുങ്ങളാണ് ഞങ്ങള്‍. എങ്ങനെയും അതു പൊക്കി പുറത്തുകടക്കണം. അതിന് ആ അതിരുവരെയെങ്കിലും എത്തണ്ടേ? എത്ര നടന്നാലും എത്താത്ത ഒരു അതിര്...''
പീഡനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പ്രകൃതി പ്രതിഭാസങ്ങള്‍ക്കും മുന്‍പിന്‍ ഇങ്ങനെ ഗ്രാമീണമായ നിഷ്‌കളങ്കതയോടെ, നിര്‍വ്യാജമായ കൗതുകത്തോടെ, നില്‍ക്കാന്‍ സന്നദ്ധതകാട്ടുന്ന നജീബിന്റെ മനസ്സാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നതും ഹൃദയത്തോട് ചേര്‍ത്തു പിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും . താന്‍ ആഗ്രഹിച്ച ജീവിതം തനിക്കു ലഭിച്ചില്ല എന്ന് നിശബ്ദമായെങ്കിലും വേദനിക്കുന്ന ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നു കൂടിയാണ് നജീബിന്റെ അനുഭവനഗ്നത. ഇവിടെ നമ്മളോട് സംസാരിക്കുന്നത് നജീബ് എന്ന സാധാരണക്കാരനാണ്,പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയോ സാമൂഹിക ജ്ഞാനമോ ഇല്ലാതെ സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവൻ , അയാളുടെ സ്വപ്നങ്ങളിലെ ഗൾഫ് അതുകൊണ്ട് തന്നെ സ്വപ്നങ്ങളുടെ മാത്രം രാജ്യമാണ് .
ഗള്‍ഫ് എന്ന മലയാളികളുടെ സ്വപ്നഭൂമിയെ കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് തരുന്ന ഈ നോവൽ മരുഭൂമിയില്‍ പെട്ട് പോകുന്ന ഒരു മനുഷ്യന്റെ ജീവിതം അതിന്റെ എല്ലാ തന്മയത്തത്തോടെ അവതരിപിച്ചിരിക്കുന്നു.ബെന്യാമിന്റെ വിവരണങ്ങളെ പരകായ പ്രവേശമെന്നു വിശേഷിപ്പിച്ചാൽ പോലും തെറ്റുണ്ടാവില്ല.
വായനയിൽ ഒരല്പം മുഴച്ചു നില്ക്കുന്നതായി തോന്നിയ ചല കാര്യങ്ങൾ കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ആവശ്യത്തിനും അനാവശ്യത്തിനും ഈശ്വരനെ കുത്തിനിറയ്ക്കുവാൻ ബെന്യാമിൻ ബോധപൂർവം ശ്രമിക്കുന്നതായി തോന്നുന്നു. പുസ്തകത്തിന്റെ അനുബന്ധത്തിൽ ചേർത്തിരിക്കുന്ന കുറിപ്പുകളിൽ നിന്ന് യഥാർത്ഥ നജീം അപ്രകാരമുള്ള ഒരു വ്യക്തി അല്ല എന്ന് കൂടി വായിച്ചറിയുന്പോൾ, ഈ മടുപ്പ് കൂടുതൽ പ്രകടമായിത്തീരുന്നു
4 അഭിപ്രായങ്ങൾ:
നന്നായിട്ടുണ്ട്,സമഗ്രമായ വിലയിരുത്തല്‍ അല്ലെങ്കില്‍ പോലും .
എനിക്ക് വളരെ ഇഷ്ടപ്പെട്ട പുസ്തകമാണ്
ഇതു വരെ വായിക്കാന്‍ കഴിഞിട്ടില്ല..വായിക്കാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ വിവരിച്ചു തന്നു. നന്നായി.
ഒന്നിൽ കൂടുതൽ വട്ടം ഞാനി ആടുജീവിതം വായിച്ചു എത്ര വായിച്ചാലുംമടുപ്പ് തോന്നാത്ത ഒരു നോവൽ മനസിനെ ഒരുപാട് സ്പർശിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ