Friday, June 5, 2015

പ്ലേയിംഗ് ഇറ്റ്‌ മൈ വേ (സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥ)

വലിയ പ്രതീക്ഷയോടെയാണ്  സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥയായ  "പ്ലേയിംഗ്  ഇറ്റ്‌ മൈ വേ" (Playing It My Way)വായനയ്ക്ക് എടുത്തത്. ഇരുപത്തിയഞ്ച് വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്ന സച്ചിന്റെ ജീവിതത്തെ കുറിച്ച് കൂടുതൽ  അറിയുവാൻ, ആ കാലഘട്ടത്തിൽ ജീവിച്ച ഏതൊരാൾക്കും താല്പര്യം തോന്നുന്നത് സ്വാഭാവികം . ഈ ആവേശങ്ങളെയൊക്കെ തല്ലിക്കെടുത്തുന്ന ഒന്നാണ് ഈ പുസ്തകം എന്ന് പറയാതെ നിവൃത്തിയില്ല. വായന യുടെ ഒരു വേളയിലും, ഒരു തരത്തിലുള്ള സംതൃപ്തിയും ഈ പുസ്തകം പ്രദാനം ചെയ്യുന്നില്ല. ബോറിയ മജുംദാർ (Boria Majumdar) എന്ന പത്ര പ്രവർത്തകനാണ് സച്ചിനെ ഇത് തയ്യാറാക്കാൻ സഹായിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ്ന്റെ സാമൂഹിക ചരിത്രത്തിൽ ഡോക്ട്രേറ്റ് ഉള്ള അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കുന്ന രീതിയിൽ ആണ് ഇതിനെ സമീപിച്ചിരിക്കുന്നത്.

 സച്ചിന്റെ ജീവിതത്തിലെ  മുഹൂർത്തങ്ങളെ അവലംബിച്ച്   വായനയ്ക്ക് -രസകരമായ രീതിയിൽ- പുതിയ മാനങ്ങൾ നല്കുവാൻ  പുസ്തകം ശ്രമിക്കുന്നതേയില്ല .സച്ചിന്റെ ജീവിതത്തിലേക്ക് എത്തി നോക്കുന്ന  സന്ദർഭങ്ങളെപോലും വളരെ നിർജ്ജീവമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വായന തുടരുന്നതിനുതകുന്ന " താല്പര്യം"  ജനിപ്പിക്കുന്നതിൽ പുസ്തകം പരാജയപ്പെടുന്നു.സച്ചിന്റെ കരിയറിലെ ഓരോ മത്സരത്തെയും , വളരെ സൂക്ഷമായി ഈ പുസ്തകം വിശദീകരിക്കുന്നു (പലപ്പോഴും ആവശ്യത്തിലേറെ) . ചുരുക്കത്തിൽ സച്ചിൻ പങ്കെടുത്ത കളികളുടെ പത്ര റിപ്പോർട്ടുകൾ ഒരുമിച്ചു ചേർത്തുവച്ച്  വായിക്കുന്ന ഒരു പ്രതീതിയാണ് വായനയുടെ 90 ശതമാനവും നമുക്ക് അനുഭവപ്പെടുന്നത് . പുസ്തകത്തിലുടനീളം നിറഞ്ഞു നില്ക്കുന്ന "ഞാൻ" പ്രയോഗവും  ആവശ്യത്തിനും അനാവശ്യത്തിനും ഭാര്യയായ  അഞ്ജലിയുടെ 'സ്വാധീനം' പരാമർശിക്കുന്ന രീതിയും വായനക്കാരനിൽ ചെലുത്തുന്ന അലോസരം ചെറുതൊന്നുമല്ല .

സച്ചിനെകുറിച്ച് നമുക്കുള്ള ധാരണകളെ അതെ പടി നിലനിർത്തുന്നു എന്നത്  ഈ പുസ്തകത്തിന്റെ ഒരു മേന്മയായി വേണമെങ്കിൽ നമുക്ക് പറയാം .  തന്റെ ജീവിതത്തിൽ സച്ചിൻ പുലർത്തുന്ന സംശുദ്ധി ഈ അക്ഷരക്കൂട്ടങ്ങൾക്കുമുണ്ട് എന്ന് നിസംശയം പറയാം .ആരെയും കുറ്റപ്പെടുത്തുകയോ പഴിചാരുകയോ ഒന്നും ചെയ്യാതെ, കാര്യമാത്ര പ്രസക്തമായി പറഞ്ഞു പോകുന്ന ഒരു രീതി . ഒരു 'കുറുമുന്നണി' യുണ്ടാക്കി ഇന്ത്യൻ ക്രിക്കറ്റിനെ മുതലെടുത്ത്‌ നേട്ടങ്ങൾ കൊയ്യാൻ പദ്ധതിയിട്ട് സച്ചിനെ സമീപിക്കുന്ന ഗ്രെഗ് ചാപ്പലിനെ പോലും സച്ചിൻ തന്റെ ആത്മകഥയിൽ ആക്രമിക്കുന്നില്ല. ഇന്ധ്യൻ ക്രിക്കറ്റിനെയാകെ നാണക്കേടിൽ ആഴ്ത്തിയ  കോഴ വിവാദത്തെകുറിച്ച്  വളരെ ചെറുതായി മാത്രം പരമാർശിക്കുന്ന ഈ പുസ്തകം , വിവാദങ്ങളിൽ നിന്ന് മാറി നില്ക്കുവാനുള്ള സച്ചിന്റെ പ്രകൃതത്തെ വരച്ചു കാട്ടുന്നു. 
അതുപോലെ തന്നെ കളിക്കളത്തിൽ പുലർത്തുന്ന മാന്യതയും അനേക സന്ദർഭങ്ങളിൽ  നിന്ന് നമുക്ക് ബോധ്യമാകും. സച്ചിന്റെ ഒരു പിടി നല്ല ചിത്രങ്ങൾ ഈ പുസ്തകം സമ്മാനിക്കുന്നു എന്ന ത് ഒരു ആശ്വാസമായി കാണാം ! .

പതിനാല് വയസു മുതൽ  സച്ചിന്റെ ജീവിതം പൊതു ജനസമക്ഷമാണ് .പത്രമാധ്യമങ്ങളിലൂടെ ഓരോ മുഹൂർത്തവും നാം നിരന്തരം അറിഞ്ഞു കൊണ്ടുമിരിക്കുകയാണ് .സച്ചിനെ കുറിച്ച് ആവേശത്തോടെ വായിച്ച് അറിയാൻ പുതുതായി ഒന്നും ബാക്കിയില്ലാത്തതാകാം വായനയിൽ രസം തോന്നാത്തതിന്റെ ഒരു കാരണം.വലിയ ഉയർച്ച-താഴ്ചകൾ ഇല്ലാത്ത ഒരു ജീവിതത്തിനുടമയും  സ്വതവേ അന്തർ മുഖനുമായ അദ്ദേഹം, ഈ ആത്മ കഥയിലും അങ്ങേയറ്റം മിത ഭാഷിയാണ്. രഹസ്യ വെളിപ്പെടുത്തലുകളും തുടർ വിവാദങ്ങളും ഇല്ലാത്ത ഒന്നും നമ്മെ രസിപ്പിക്കാത്തത് പുസ്തകത്തിന്റെ കുഴപ്പമല്ല മറിച്ച് നമ്മുടെ നമ്മുടെ വായനാ നിലവാരത്തിന്റെതാണ് !!!!! 

വാലറ്റം
ഒരു കളിയുടെ തലേ ദിവസം താറാവ് (duck) ന്റെ മാംസം കഴിച്ചാൽ പിറ്റേദിവസം കളിയിൽ ഡക്ക് ആകും എന്നത് വളരെ ഗൌരവമായി അദ്ദേഹം നിരീക്ഷിച്ചിരുന്നുവത്രേ!No comments:

Related Posts with Thumbnails