Monday, October 24, 2016

അമേരിക്കയുടെ ഗതികേട് !

"ഈ നഗരത്തിനിതെന്തു പറ്റി " എന്ന് തുടങ്ങുന്ന പുകവലി വിരുദ്ധ പരസ്യം ഒരു പ്രാവശ്യമെങ്കിലും കാണാത്ത മലയാളികൾ ഉണ്ടാകില്ല. അതിനു സമാനമായ ഒന്ന്  ഇത്തവണത്തെ അമേരിക്കൻ പ്രസിഡണ്ട് തിരഞെടുപ്പിനു വേണ്ടി തയ്യാറാക്കിയാൽ  ഒട്ടും അതിശയോക്തിയാകില്ലത്. തിരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന ആരോപണങ്ങളും വിവാദങ്ങളും പുത്തരിയല്ല. എന്നാൽ ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പിന് ചില പ്രത്യേകതകൾ ഉണ്ട് . ഇതിന്റെ ഗുണഭോക്താക്കളെ വ്യത്യസ്തമായി നോക്കിക്കാണുക ആണ് ഈ ലേഖനത്തിൽ.

 അനന്യസാധാരണമായ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇക്കുറി സാക്ഷ്യം വഹിക്കുന്നത്.തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് തന്നെ ക്ര്യത്യമായ ഫലപ്രവചനം
സാധ്യമാക്കുന്ന വിധത്തിൽ ഏകപഷീയമായ ഒന്നായിരിക്കുമെന്ന് ഇവിടുത്തെ ഒട്ടുമിക്ക മാധ്യമങ്ങളും വിലയിരുത്തുന്നു.'മാദ്ധ്യമ സിൻഡിക്കേറ്റ് ' എന്ന്  ഒറ്റവാക്കിൽ അടച്ചാക്ഷേപിച്ചു തള്ളിക്കളയാൻ പറ്റുന്നതിനപ്പുറം ട്രന്പിന്റെ തോൽവി ഇവിടെ നിറഞ്ഞു നിൽക്കുന്നു. ജനാധിപത്യ വ്യവസ്ഥയിൽ ഒട്ടും അഭികാമ്യമല്ലാത്ത ഒരു പ്രവണതയാണ് ഏകപക്ഷീയമായ തിരഞ്ഞെടുപ്പുകൾ.വിജയിയുടെ മേന്മയെക്കാൾ, എതിരാളിയുടെ പോരായ്മകളാണ് വിജയകാരണമാകുന്നതെന്നത് അതിലും വലിയ ദുഃസൂചനയാണ്.നേതൃത്വ ദാരിദ്രം ഇരു പാർട്ടികളെയും ഒരുപോലെ പിടികൂടിയിരുന്ന ഈ തിരഞ്ഞെടുപ്പിൽ അമേരിക്കൻ വോട്ടർമാർ അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു.രണ്ടു ശതാബ്ദത്തിലേറെ പഴക്കമുള്ള അമേരിക്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇത്രയും മോശമായ രണ്ടു സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയിട്ടില്ല. രാഷ്ട്രത്തലവനാകാനുള്ള  യോഗ്യത ഇരുവർക്കുമില്ലന്നാണ്  ഭൂരിപക്ഷം ജനങ്ങളും തുടർച്ചയായ സർവേഫലങ്ങളിലൂടെ പറഞ്ഞുകൊണ്ടിരുന്നത് .എങ്കിലും തിരഞ്ഞെടുപ്പിൽ ഒരാളുടെ ജയം അനിവാര്യമാണല്ലോ ! . യാഥാർഥ പാർട്ടിക്കാരൻ പോലുമല്ലാത്ത ഒരാൾ  സ്ഥാനാർത്ഥി നിർണയ സംവിധാനങ്ങളെ മുഴുവൻ അപഹാസ്യമാക്കി , റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനി ആയി എന്ന് പറയുമ്പോൾ തന്നെ ആ പാർട്ടിയുടെ അവസ്ഥ  നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.എട്ടുവർഷത്തെ ഡെമോക്രാറ്റിക്‌ ഭരണത്തിന് ശേഷം , സ്വാഭാവിക ഭരണവിരുദ്ധ വികാരത്തെ പോലും പ്രയോജനപ്പെടുത്തുവാൻ പാർട്ടിക്കായില്ല. സെനറ്റിലും ഹൗസിലും റിപ്ലബ്ലിക്കൻ ഭൂരിപകക്ഷമുള്ള അവസരത്തിലാണ് ഈ ഗതികേട് എന്നുകൂടി നാം ഓർക്കണം . ഡെമോക്രാറ്റിക്‌ പാർട്ടിയിലാകട്ടെ , ഹിലരി തന്നെയാകും സ്ഥാനാർഥി എന്ന് തുടക്കംമുതൽ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു . 'സ്ഥാനാർഥി നിർണ്ണയ പ്രഹസനം' പാർട്ടി നടത്തിയെങ്കിലും കിന്റൺ കുടുംബത്തിന്റെ അനുചരന്മാർ അടക്കിവാഴുന്ന പാർട്ടി നേതൃത്വം ഹിലരിക്ക് അനുകൂല നിലപാടെടുക്കുകയായിരുന്നു. ഹാക്കിങ്ങിലൂടെ പുറത്തു വന്ന ഇമെയിലുകൾ ഈ പക്ഷപാതം തുറന്നുകാട്ടിയെങ്കിലും ദുർബലനായിരുന്ന ബെർണി സാൻഡേഴ്‌സന്‌, തന്റെ രാഷ്ട്രീയ ഭാവിയോർത്ത് ,  ഹിലരിയെ പിന്തുണയ്‌ക്കേണ്ടിവന്നു.

"അമേരിക്ക, അമേരിക്കക്കാർക്ക്" എന്ന പ്രാദേശിക വാദമായിരുന്നു ട്രന്പ് മുന്നോട്ടു വച്ച ആശയത്തിന്റെ കാതൽ. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ ഏറിയപങ്കും കൊടും  കുറ്റവാളികൾ ആണെന്നുള്ള പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചു.മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയാൻ പടുകൂറ്റൻ മതിലുകൾ, ആ രാജ്യത്തിൻറെ ചിലവിൽ നിർമ്മിക്കണം എന്നതും , അനധികൃതമായി ഇവിടെ തുടരുന്ന എല്ലാവരെയും പുറത്താക്കുമെന്നുമുള്ള ആശയങ്ങൾ ഒരു വിഭാഗത്തെ ആകർഷിച്ചു. ഭീകരവാദം ലോകത്തിന്റെ പല ഭാഗത്തും ഭീതിപടർത്തിയപ്പോൾ , മുസ്ലിം ജന വിഭാഗത്തെ ഒന്നടക്കം, അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന്   വിലക്കണം എന്ന പ്രസ്താവനയുമായി  ട്രന്പ് രംഗത്തെത്തി. പ്രശ്നഗ്രസ്തമായ മദ്ധ്യ-പൂർവേഷ്യയിൽ നിന്നുള്ള അഭയാർഥികളെ നിരുപാധികം സ്വീകരിക്കുന്ന നിലപാട് , താൻ അധികാരത്തിലെത്തിയാൽ മാറ്റപ്പെടുമെന്നു അദ്ദേഹം പറഞ്ഞു . ഈ വർഷം ജൂൺ മാസത്തിൽ നടന്ന "ബ്രെക്സിറ്റ്‌" നു സമാനമായ ഒരു പിന്തുണ ഇവിടെ ട്രൻപിന് ലഭിക്കുമെന്നുപോലും വിലയിരുത്തുകയുണ്ടായി. ഇതിനെല്ലാം ഉപരിയായി , അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന , രാഷ്ട്രീയ -ഭരണ കൂട്ടുകെട്ടുകൾക്കു പുറത്തു നിൽക്കുന്ന , സ്വന്തമായി ഒരു റിയൽ എസ്റ്റേറ്റ് സാമ്ര്യാജ്യം കെട്ടിയുയർത്തിയ, ഇലക്ഷൻ പ്രചാരണത്തിന് പോലും ആരിൽ നിന്നും സംഭാവന സ്വീകരിക്കാത്ത , ആരോടും വിധേയത്വയമില്ലാതെ , ആർജ്ജവത്തോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന, ജനങ്ങളുടെ സ്ഥാനാർഥി എന്നരീതിയിൽ  ജനങ്ങൾ തന്നെ കാണണമെന്നാണ് ട്രൻപ് ആഗ്രഹിച്ചത് .ബിസിനെസ്സ് ലാഭത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ട്രൻപ് , കൃത്യമായി ടാക്സ് പോലും അടയ്ക്കുന്നില്ല എന്നും, ട്രൻപിന്റെ സ്ഥാപനങ്ങളിൽ ഏറെയും കുടിയേറ്റക്കാർ ആണെന്ന് മാത്രമല്ല ,അവരുടെ സേവന -വേതന വ്യവസ്ഥകൾ വളരെ മോശമാണെന്നുമുള്ള വാർത്തകൾ വന്നതോടെ , ഈ പറയുന്നതൊക്കെ വെറുംവാക്കാണെന്നു ജനം തിരിച്ചറിഞ്ഞു.

രണ്ടു തവണ പ്രഥമ വനിതയായിരുന്നു എന്നതാണ്   പ്രസിഡണ്ട് ആകാനുള്ള തന്റെ ഏറ്റവും വലിയ യോഗ്യത എന്ന ബാലിശ വാദമുന്നയിച്ച ഹിലരിയെയാണ് , എട്ടു വർഷം മുൻപ്  കണ്ടതെങ്കിൽ , കൃത്യമായി ഗൃഹ പാഠം ചെയ്ത , ഒരു ചിരിയോ നോട്ടമോ പോലും അളന്നു കുറിച്ച് ചെയ്യുന്ന "കാല്കുലേറ്റഡ് ഹിലരി" യെയാണ് ഇത്തവണ നാം കാണുന്നത് . ഒബാമയുടെ നയങ്ങളുടെ ചുവട് പിടിച്ചു മുന്നോട്ടു പോകും എന്നതല്ലാതെ പൂർണമായും തന്റെതായ ഒരാശയവും ഹിലരി മുന്നോട്ടു വച്ചില്ല . ലോകത്തെന്പാടും സ്ത്രീ കൾക്ക്  അംഗീകാരം ലഭിച്ചു തുടങ്ങിയെന്നും , അമേരിക്കയിൽ ഇതുവരെ വനിതാ പ്രസിഡന്റ് ഉണ്ടായില്ല എന്നും , അതിനു താൻ സർവഥാ യോഗ്യയാണെന്നും അവർ പലതവണ പറയാതെ പറഞ്ഞു . അമേരിക്കക്കാർ ഒത്തോരുമയോടെ നിന്നാൽ രാജ്യം നേരിടുന്ന എല്ലാ പ്രശ്ങ്ങൾക്കും പരിഹാരമാകുമെന്ന് അവർ ആവർത്തിച്ചു . സെനറ്റ് അംഗവും , സെക്രട്ടറി ഓഫ് സ്റ്റേറ്റ് -ഉം ഒക്കെ  ആയിരുന്ന അവരിൽ, അമേരിക്കയിലെ സാധാരണ ജനത,ഒരു മതിപ്പും കണ്ടില്ല എന്ന് മാത്രമല്ല , വിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ചെയ്തു. ഒരു മികച്ച നേതാവോ, പ്രാസംഗികയോ ഒന്നുമല്ലാത്ത അവർക്കു എടുത്തു പറയാവുന്ന ഒരു മേന്മയുമില്ല.വളരെ സ്വാഭാവികമായി ഉണ്ടാകേണ്ടുന്ന പ്രതികരണങ്ങൾ പോലും , അളന്നു കുറിച്ച് , കണക്കു കൂട്ടലുകൾക്കു ഒടുവിൽ  ക്യാമറയ്ക്കു മുന്നിൽ ചെയ്യുന്ന അഭ്യാസമായാണ് നമുക്ക് തോന്നുന്നത്. ഹിലരിയുടെ  പൊതു പരിപാടികൾ ശ്രദ്ധിക്കുന്ന ആർക്കും ഇത് മനസിലാകും. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരിക്കുമ്പോൾ , ക്ലാസിഫൈഡ് ഇൻഫർമേഷൻ അടങ്ങിയ ഇമെയിലുകൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ല എന്നതും, ക്ലിന്റൺ ഫൗണ്ടേഷന് പണം നല്കയവർക്കു ഗുണം ലഭിക്കത്തക്ക രീതിയിൽ പ്രവർത്തിച്ചു എന്നതും പകൽ പോലെ തെളിഞ്ഞ വസ്തുതകൾ ആണ് . ഗൗരവമായ ഈ ചെയ്തികൾക്ക് എതിരെ നിലവിലെ ഒബാമ ഭരണകൂടം മൃദു സമീപനം സ്വീകരിച്ചു എന്നത്  ഉന്നതങ്ങളിൽ അവരുടെ സ്വാധീനം വ്യക്തമാക്കുന്നു.

വ്യക്തിഹത്യയും അങ്ങോട്ടുമിങ്ങോട്ടുമുള്ള കടന്നാക്രമണങ്ങളും നിറഞ്ഞ ഒരു പ്രചാരണമാണ് ആദ്യം മുതൽക്കു തന്നെ അമേരിക്കൻ ജനത സാക്ഷ്യം വഹിച്ചത്. കോടി ക്കണക്കിന്  ഡോളർ ചിലവാക്കി ചെയ്യന്ന പരസ്യങ്ങളിൽ തന്റെ ആശയത്തെ കുറിച്ചും ജന നന്മയ്ക്കായി വിഭാവനം ചെയ്യുന്ന പദ്ധതികളെ കുറിച്ചുമുള്ളവ വിരളം . എതിരാളിയുടെ വീഴ്‌ചകൾ തുറന്നു കാട്ടുക എന്നത് മാത്രമാണോ  ഒരു ഭരണാധികാരിയുടെ കടമ എന്ന് നാം സംശയിച്ചു പോകും.

 കാര്യങ്ങൾ ഇത്രയെയൊക്കെകൊണ്ട്  അവസാനിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഒരു സാധാരണ തിരഞ്ഞെടുപ്പ് ആയിപ്പോകുമായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ആഴ്ച, വാഷിങ്ടൺ പോസ്റ്റ് ദിനപത്രം പുറത്തുവിട്ട ഒരു വീഡിയോ ക്ലിപ്പും , വിവിധ തലത്തിൽ നിന്ന് അതിനു വന്ന പ്രതികരണങ്ങളും അമേരിക്കൻ സമൂഹത്തെ മുഴവൻ ഇളഭ്യരാക്കി. ഒരു ടെലിവിഷൻ പരിപാടിയുടെ റെക്കോർഡിങ്നു മുൻപുള്ള ട്രന്പിന്റെ സ്വകാര്യ സംഭാഷണം ആയിരുന്നു ക്ലിപ്പിന്റെ ഉള്ളടക്കം . സ്ത്രീ വിഷയത്തിൽ അദ്ദേഹത്തിനുള്ള ചപലതകളെ കുറിച്ച്,പല അടക്കംപറച്ചിലുകളും കേട്ടിരുന്നുവെങ്കിലും ഇത്ര വ്യക്തമായ ഒന്ന് , അദ്ദ്ദേഹത്തിന്റെ അനുയായികളായ പലരുടെയും വായടപ്പിച്ചു . നിഷേധിക്കുവാൻ കഴിയുന്നതിന് അപ്പുറം, വ്യക്തമായിരുന്ന അതിലെ ദൃശ്യങ്ങളും , സംസാരവുമൊക്കെ.  റിപ്പബ്ലിക്കൻ പാർട്ടിക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല  ട്രംപിന് പോലും സ്വയം മാപ്പു പറയേണ്ടി വന്നത് അതുകൊണ്ടാണ്. ഇതിന്റെ ചുവടുപിടിച് ഒട്ടേറെ പുതിയ വെളിപ്പെടുത്തലുകളും  വന്നു .ബിൽ ക്ലിന്റൺ ആക്രമിച്ചുവെന്നു പരാതിപ്പെട്ട സ്ത്രീകളെ കൂട്ടു പിടിച്ച് ട്രൻപും പ്രതിരോധം തീർത്തു.ഇതിനെല്ലാം ഹിലരിയും മൗന സമ്മതം നൽകിയെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. അമേരിക്കൻ ന്യൂസ് ചാനലുകൾക്ക്  സെൻസറിംഗ് വേണ്ടി വരുമോ എന്നുപോലും പലരും സംശയിച്ചു.

റിപ്പബ്ലിക്കൻ പാർട്ടിയിലെ പല പ്രമുഖ നേതാക്കളും ട്രൻപിന് വോട്ടു ചെയ്യുകയില്ലയെന്നു പരസ്യമായി പ്രഖ്യാപിച്ചു . മത്സരത്തിൽ നിന്ന് പിന്മാറാൻ പോലും പലരും ആവശ്യപ്പെട്ടു. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനോടൊപ്പം നടക്കുന്ന സെനറ്റ് , ഹൌസ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളും, തങ്ങളുടെ വിജയത്തിനായി,  ട്രംപ് മായുള്ള അകലം അനിവാര്യമാണെന്ന്  മനസിലാക്കിയ മട്ടിലാണ് പ്രചാരണം നടത്തുന്നത് . മാധ്യമങ്ങൾ ,സ്ഥിരം ശൈലിയിൽ , ഉദ്വേഗം നിലനിർത്തുന്ന വാർത്താശകലങ്ങളിലൂടെ ട്രന്പിനെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു.

ട്രൻപിന് എതിരെ ഉയരുന്ന  ഈ വികാരം, അമേരിക്കൻ രാഷ്ട്രീയ സദാചാരത്തിന്റെ പ്രതീകമെന്ന കരുതുക വയ്യ.ട്രംപിനെ എതിരിക്കുകയും, ഹിലരിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും  അവരവരുടേതായ കണക്കുകൂട്ടലുകൾ ഉണ്ട് . ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ തങ്ങൾക്കു നേട്ടമുള്ളതുകൊണ്ടാണ് ഇവർ ട്രന്പിനെ എതിർക്കുന്നത് . ട്രൻപി നെതിരെ ആരോപണവുമായി വന്നവർ , പത്തും പതിനഞ്ചും വർഷം , ഇതിനെക്കുറിച്ച് ഒരക്ഷരം പുറത്തു പറയാതെ , ഇലക്ഷന് വളരെ അടുത്ത സമയത്ത് , മലവെള്ളപാച്ചിൽ പോലെ ഇതെല്ലം പറയുന്നു . ഇത്രയും നാൾ ഇതൊന്നും പറയാൻ ത്രാണി ഇല്ലാത്തവർ ആയിരുന്നു ഇവരെന്ന് ആരും തെറ്റിദ്ധരിക്കരുത്. രാഷ്ട്രത്തലവനായിരിക്കെയും അതിനുമുന്പും ബിൽക്ലിന്റൺ നെ കുറിച്ചും ഇതുപോലെ ഗുരുതരമായ ആരോപണങൾ പുറത്തു വന്നിരുന്ന കാര്യവും , ആ അവസരങ്ങളിൽ ഹിലരിയും മറ്റും എടുത്ത നിലപാടുകളും നാം അപ്പാടെ വിസ്മരിക്കരുത് . അന്ന് ആപൽകാലത്ത് ഭർത്താവിനോട് ചേർന്ന് നിൽക്കുന്ന  ഒരു നല്ല കുടുംബിനീയായിരുന്നു ഹിലരി.

 അമേരിക്ക കണ്ടതിൽ വച്ച് ഏറ്റവും മാന്യനും, യുക്തി ബോധവുമുള്ള പ്രസിഡണ്ട് മാരിൽ  ഒരാളാണ് ഒബാമ എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഹിലരിയ്ക്കു ലഭിച്ച ഏറ്റവും വലിയ 
 ഒരു ഭാഗ്യമാണ് ഒബാമ സ്വയം പ്രചാരണ വേദികളിൽ പ്രത്യക്ഷപ്പെടുന്നത് . ട്രന്പിനെ എതിർത്തും ഹിലരിയെ അനുകൂലിച്ചും അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾ കുറച്ചൊന്നുമല്ല ഹിലരിയ്ക്കു ഗുണം ചെയ്യുന്നത്.തന്റെ പിൻഗാമിയെ സഹായിക്കുന്ന രാഷ്ട്രീയ മാന്യതയ്ക്കപ്പുറത്ത് , ഒബാമയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്.  ഭാര്യ മിഷേൽ , ഭാവിയിലെ ഒരു പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാണ് .ആ സമയത്തേക്ക് വേണ്ടുന്ന ചില മുന്നൊരുക്കങ്ങളുടെ ഭാഗമാണ് മിഷേലും സജീവമായി പ്രചരണ  രംഗത്ത് നിൽക്കുന്നത് . ഡെമോക്രാറ്റിക്‌ നാഷണൽ കോൺവെൻഷ സംസാരിപ്പിച്ചതിന്റെ ലക്ഷ്യവും  മറ്റൊന്നല്ല. സ്ത്രീ വോട്ടർ മാരെ കൈയിൽ എടുക്കുവാൻ തകർപ്പൻ പ്രസംഗങ്ങൾ നടത്തുന്ന മിഷെലിൽ ഒരു ഭാവി സ്ഥാനാർഥിയുടെ മട്ടും ശരീരഭാഷയും നമുക്ക് നിഷ്പ്രയാസം കാണാം .ക്യാമ്പയ്‌നിങ് ന്റെ ബാലപാഠങ്ങൾ പഠിക്കുകയാണവർ.

ഇനി റിപ്ലബ്ലിക്കൻ പാർട്ടിയിൽ നിന്നും ട്രന്പിനെ എതിർക്കുന്നവരെ നോക്കാം . വ്യവസ്ഥാപിത മായ പാർട്ടിയ്ക്ക് പണ്ടേ ട്രംപ് അനഭിമിതനായിരുന്നു. ട്രന്പിന്റെ  "ന്യൂയോർക്കൻ ലിബറൽ" നയങ്ങൾ പാർട്ടിയിലെ കൺസർവേറ്റീവ് വിഭാഗത്തിന് ഒട്ടും സ്വീകാര്യമല്ലായിരുന്നു. ട്രൻപ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെന്നു സ്വയം പ്രഖ്യാപിച്ച്‌ , നോമിനേഷൻ നേടിയെടുത്തപ്പ്പോഴും ട്രൻപ് 'ഇങ്ങനെയൊക്കെ' തന്നെയെന്ന് എല്ലാവർക്കുമറിയാമായിരുന്നു എന്നാൽ ജനപിന്തുണയുള്ള ഒരു നല്ല നേതാവിനെപോലും രംഗത്തിറക്കി അദ്ദേഹത്തെ പ്രതിരോധിക്കാൻ അവർക്കായില്ല. മാർക്ക് അറൂബിയോ, പോൾ റയാൻ തുടങ്ങി, ഇത്തവണ വിജയ സാധ്യതയില്ലാ തിരുന്ന രണ്ടാം നിരയിലെ യുവ നേതാക്കൾക്കാകട്ടെ , ഇത്തവണ  വിജയ സാധ്യതയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി വരാതിരുന്നത് തന്നെയാണ് അവരവരുടെ രാഷ്‌ടീയ ഭാവിയ്ക്കു നല്ലത് . ഹിലരി ഭരണകൂടത്തിന്റെ   'മികവ്' റിപ്ലബ്ലിക്കൻ പാർട്ടിയുടെ അനായാസ വിജയത്തിന് കാരണമാകുമെന്നും  അവർ വിലയിരുത്തുന്നു.

ഇനി ശുദ്ധമായ സാമൂഹിക പ്രതിബദ്ധതയാണ് മാധ്യമങ്ങളെ കൊണ്ട്  ഇതെല്ലാം  ചെയ്യിക്കുന്നത് എന്ന് പറയുക വയ്യ. പ്രേക്ഷകരെയും ,വായനക്കാരെയും ആകർഷിക്കുവാൻ അവർ ഏതറ്റവും വരെ പോകുമെന്നതാണ് വാസ്തവം . ട്രന്പിനെ പരമാവധി പ്രകോപിപ്പിച് , രസകരമായ പ്രതികരണങ്ങൾ സൃഷ്ടിച്ച്  പരസ്യവരുമാനം സമാഹരിക്കുക എന്നത് മാത്രമാണ് അവരുടെ ലഷ്യം . വായനക്കാരെ ഇക്കിളിപ്പെടുത്തുന്ന വാർത്ത ശകലങ്ങൾ എല്ലാദിവസത്തെയും ചർച്ചാ വിഷയമാക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല . ഇമെയിൽ വിവാദത്തിലും , ക്ലിന്റൺ ഫൌണ്ടേഷൻ സാന്പത്തിക വിവാദത്തിലും "എനിക്ക് തെറ്റു പറ്റി .അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു " എന്ന ഹിലരിയുടെ അപേക്ഷ സ്വീകരിക്കുകയും ,  ട്രൻപ് മാപ്പു പറഞ്ഞിട്ടും " എങ്കിലും ഒരു "പ്രസിഡൻഷ്യൽ സ്ഥാനാർഥി ഇങ്ങനെയൊക്കെ പറയാമോ" എന്ന് ഇരുപത്തി നാല് മണിക്കൂറും പറഞ്ഞു കൊണ്ടിരിക്കുന്നതും അതിന്റെ ഭാഗം മാത്രമാണ്. മുസ്ലിം തീവ്രവാദം എതിർക്കപെടണമെന്ന്  പറയുന്പോൾ - ട്രൻപ് പറയുന്ന രീതി തെറ്റാണെങ്കിൽ കൂടി - , അമേരിക്കയ്ക്ക് വേണ്ടി യുദ്ധത്തിൽ മരിച യോദ്ധാക്കളെ ഉയർത്തി  മുസ്ലീങ്ങൾ രാജ്യസ്‌നേഹികൾ ആണെന്ന് ഹിലരി വാദിക്കുന്നത് നമുക്ക് മാസിലാക്കാം , എന്നാൽ മാധ്യമങ്ങൾ അനുചിതമായ താരതമ്യങ്ങൾ ഏറ്റു പിടിക്കരുത് . ഹിലരിയുടെ ഈമെയിൽ സംബന്ധിച്ച  എല്ലാ വാർത്തകളിലും അവ പുറത്തു വരുവാൻ  ഇടയാക്കിയ റഷ്യൻ ഹാക്കിങ്നാണു  മാധ്യങ്ങൾ പ്രാധാന്യം കൊടുക്കുന്നത്.ട്രന്പിന്റെ വീഡിയോയുടെ ഉള്ളടക്കം ചർച്ച ചെയ്യുന്നതിന് പകരം , സംഭാഷങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്തു ,പരസ്യമാകുന്നതിനെ കുറിച്ച് ചർച്ച നടത്തുന്നത് പോലെയാണത് . നിഷ്പക്ഷത എന്ന മാദ്ധ്യമ ധർമം പലപ്പോഴും ലംഘിക്കപ്പെട്ടുപോകുന്നത് യാദൃച്ഛികമെന്നു കരുതുക വയ്യ .
അഭിപ്രായ സർവേകളിൽ ഒരു ദിവസം ഹിലരിയും അടുത്ത ദിവസം ട്രൻപും നേട്ടമുണ്ടാക്കുന്ന രീതിയിൽ വാർത്ത വരുന്നതും ജനങ്ങളെ  ആകർഷിക്കുവാൻ വേണ്ടിയുള്ള വിദദ്ധമായ തിരക്കഥയുടെ ഭാഗം മാത്രമാണ് .പുകമറ സൃഷ്ടിക്കുകയല്ല , രാജ്യത്തെയും , സമൂഹത്തെയും ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളെ ചർച്ചയ്ക്കു വിധേയമാക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത് .


ഇനി എല്ലാവരാലും ആക്രമിക്കപ്പെടുന്ന ഒരു പാവം ഇരയാണ് ട്രൻപ് എന്നും ആരും ധരിക്കേണ്ട. ഈ തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടാൽ തനിക്ക് വ്യക്തിപരമായി ഒരു ചുക്കും സംഭവിക്കാനില്ല എന്ന്  അദ്ദേഹം പലതവണ പല രീതിയിൽ പറഞ്ഞു കഴിഞു. ട്രൻപ് എന്ന വ്യക്തിക്ക് വിവാദങ്ങൾ എല്ലാക്കാലത്തും ഒരു ത്രിൽ ആണ് .  ഈ 'ഗെയിം' ഇവിടം വരെയൊന്നുമെത്തുമെന്നു അദ്ദ്ദേഹം പോലും കരുതിയിരിക്കില്ല . റിപ്പബ്ലിക്കൻ പാർട്ടിയെ തകർക്കാൻ , ഹിലരി തന്നെയാണ് അദ്ദേഹത്ത രംഗത്തിറക്കിയിരിക്കുന്നതെന്ന് പലരും തമാശ പറയുന്നത് അതുകൊണ്ടാണ് . ക്ലിന്റൺ കുടുംബവുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്ന ട്രൻപ് , ഒട്ടേറെ തവണ ക്ലിന്റണ് സംഭാവനകൾ നൽകിയിട്ടുണ്ട് . ഇതിനെല്ലാമുപരി  'ട്രൻപ് ബ്രാൻഡിന്' ഇതിലും നല്ല ഒരു മറ്റൊരു പരസ്യമുണ്ടോ? ലോകം മുഴുവൻ അദ്ദേഹത്തെ അറിയുന്നു , ശ്രദ്ധിക്കുന്നു.ഫോക്സ് ന്യൂസ് -ന്റെ തലപ്പത്തുള്ള ഒരുപറ്റമാളുകളുമായി ചേർന്ന് "ട്രൻപ് ടിവി" എന്ന പുതിയ മീഡിയ സംരംഭവുമായി വരുമെന്ന് ചില നിരീക്ഷകർ കരുതുന്നു .

അമേരിക്കൻ തിരഞ്ഞെടുപ്പ്  സംവിധാനം മുഴുവൻ അട്ടിമറിക്കപെട്ടിരിക്കുന്നുവെന്നും തന്റെ വിജയമൊഴികെയുള്ള ഒരു തിരഞ്ഞെടുപ്പ് ഫലവും താൻ അംഗീകരിക്കുകയില്ല എന്ന് ട്രൻപ് ആവർത്തിച്ചു കൊണ്ടിരിക്കുന്നു.ഹിലരിയുടെ വിവാദ ഇമെയിലുകൾ ഇപ്പോൾ ഓരോ ദിവസവും വിക്കി ലീക്സ്  പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ് . അതിന്റെ ചുവട് പിടിച്ചു ഇപ്പോഴത്തെ സമവാക്യങ്ങൾ മാറിമറിയില്ല എന്ന് ആർക്കും തീർത്തു പറയാനാവില്ല. പല സംസ്ഥാനങ്ങളിലും 'ഏർലി വോട്ടിംഗ്' ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു . അവസാന നിമിഷം ജനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാകുമെന്നു കൃത്യമായി പ്രവചിക്കുക അസാദ്ധ്യമെങ്കിലും ട്രന്പിന്റെ വിജയം കൂടുതൽ ദുഷ്കരമായി മാറിയിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ . എല്ലാവരും അവരവരുടെ നേട്ടത്തിനു വേണ്ടി, കൂട്ടലും കിഴിക്കലും നടത്തി പ്രവർത്തിക്കുന്പോൾ സാധാരണ ജനങ്ങൾ തികച്ചും വിഡ്ഡികളാവുകയാണ് ചെയ്യുന്നത് . അല്ലെങ്കിലും ലോകത്ത് എല്ലായിടത്തും പൊതു ജനം കഴുതകളാണല്ലോ ? വോട്ടു ചെയ്താലും,ഇല്ലങ്കിലും തിരഞ്ഞെടുപ്പുകളിൽ അവർ തോറ്റു കൊണ്ടേയിരിക്കും .ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുന്നു എന്ന തത്വം അമേരിക്കൻ ജനത ഓർക്കുന്നത്  ഇത്തരുണത്തിൽ നന്നായിരിക്കും. കഴിവും ,ആത്മാർത്ഥയും ഉള്ള നേതാക്കളുണ്ടാകുന്നില്ലെങ്കിൽ കുറ്റം സമൂഹത്തിന്റേതു തന്നെയാണ് .
 .No comments:

Related Posts with Thumbnails