2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ദി ഹെല്പ്

അമേരിക്കന്‍ പുസ്തക നിരൂപകരുടെ എല്ലാം പ്രശംസ പിടിച്ചുപറ്റുകയും മിക്ക ബെസ്റ്റ് സെല്ലര്‍ ലിസ്റ്റുകളിലും ഏറെക്കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്ത ഒരു നോവലാണ്‌  'ദി ഹെല്പ് ' (The Help).1960 - കളില്‍ അമേരിക്കയില്‍  നിലനിന്നിരുന്ന വര്‍ണ്ണ വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെടുന്നതാണെങ്കിലും ഗൌരവം നിറഞ്ഞ ഒരു ബോറന്‍ ചരിത്ര നോവലിന്റെ ഗണത്തിലേക്ക്  ഇത്  തരം താഴുന്നില്ല.മറിച്ച്  ഒരു നോവലിനുവേണ്ടുന്ന എല്ലാ ചേരുവകളും മിതമായും ,കൃത്യമായും ചേര്‍ത്തിരിക്കുന്നുവെന്നതും , ലളിതമായ ഇംഗ്ലീഷ് ഭാഷയും ശൈലിയും ഉപയോഗിച്ചു കഥ പറയുന്നു എന്നതും  ഇതിനെ നല്ലൊരു പേജ്  ടെണര്‍ (page-turner) ആക്കി മാറ്റുന്നു.കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ തന്റെ ആദ്യ നോവലാണിതെങ്കിലും തഴക്കവും പഴക്കവും വന്ന ഒരു എഴുത്തുകാരിയുടെ  പാടവത്തോടെ യാണ് കാതറിന്‍ സ്റോക്കെറ്റ്  (Kathryn Stockett) ഇതിനെ സമീപിച്ചിരിക്കുന്നത് .

നോവലിന്റെ  കഥയോടൊപ്പം തന്നെ പ്രാധാന്യമുള്ള   അന്നത്തെ സാമൂഹിക പശ്ചാത്തലം വായനക്കാര്‍ക്ക്  മനസിലാക്കിക്കൊടുക്കുന്നതില്‍ കഥാകാരി അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് .കഥാ സന്ദര്‍ഭങ്ങളുടെ ഗൌരവവും  രസവും ഒക്കെ പൂര്‍ണമായും ഉള്‍ക്കൊള്ളണമെങ്കില്‍  വായനക്കാര്‍ക്ക്  ആ  അറിവ് കൂടിയേ തീരൂ .കറുത്ത വര്‍ഗക്കാരെ രണ്ടാം തരം പൌരന്മാരായി കണ്ടിരുന്ന ആ കാലത്ത് , വെളുത്തവര്‍ഗ പ്രമാണി മാര്‍ക്ക് വേണ്ടി ജോലി ചെയ്തു ജീവിതം പുലര്‍ത്തുക എന്ന ഒരേഒരു  പോംവഴി മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ .പ്രാഥമിക വിദ്യാഭ്യാസത്തിനോ  അതുവഴി സ്വയം ഉന്നമനത്തിനോ ഉള്ള ഒരു സാധ്യതയും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നില്ല .പൊങ്ങച്ചത്തിലും പുറംപൂച്ചിലും മുഴുകി അലസരായി   ജീവിച്ചിരുന്ന വെളുത്ത കൊച്ചമ്മമാര്‍ തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ പോലും മെനക്കെട്ടിരുന്നില്ല.അതുകൊണ്ട് തന്നെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടികളുടെ എല്ലാം എല്ലാം .ഇങ്ങനെ സ്നേഹം കൊടുത്ത്  വളര്‍ത്തി വലുതാക്കിയവര്‍   തങ്ങളുടെ തന്നെ  യജമാന്മാരായി വന്ന്‍ , വിവേചനങ്ങള്‍ കാട്ടുന്നത്   കാണാനുള്ള ദുര്യോഗവും  കറുത്ത വര്‍ഗക്കാര്‍ക്ക് ഉണ്ടായിരുന്നു . വെള്ളക്കാരുമായി ഒരേ ബസില്‍ യാത്ര ചെയ്യുന്നതിനോ,ഒരേ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനോ എന്തിന്  തങ്ങള്‍ ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ  വെള്ളക്കാരുടെ  ടോയ്ലെറ്റുകള്‍  ഉപയോഗിക്കുന്നതിന്  പോലും അവര്‍ക്ക്   അവസരം നിഷേധിച്ചിരുന്നു. ഇപ്രകാരം സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും  ശക്തമായ വിവേചനം നിലനിന്നിരുന്ന  സമയത്ത് , കറുത്ത വര്‍ഗക്കാരായ വീട്ടു ജോലിക്കാരുടെ അഥവാ മെയിഡു(maid) കളുടെ ജീവിതത്തെ ആസ്പദമാക്കി ഒരു പുസ്തകം എഴുതാന്‍ തീരുമാനിച്ച വെള്ളക്കാരിയായ സ്കീറ്റര്‍  (Skeeter)    യുടെയും ,    പിടിക്കപ്പെട്ടാല്‍       തങ്ങള്‍ക്കു      സംഭവിക്കാനിടയുള്ള   അത്യാഹിതങ്ങളൊക്കെയും  മറന്ന് അവരെ സഹായിക്കാന്‍ തയാറാകുന്ന അയിലിബീന്‍ (Aibileen) , മിന്നി (Minny)എന്നീ രണ്ടു മെയിഡു കളുടെയും കഥയാണിത് . ഈ മൂന്ന് കഥാപാത്രങ്ങളും സ്വയം  സംവദിച്ച് (first person) അവരവരുടെ കാഴ്ച പ്പാടിലൂടെ കഥ പറയുന്ന രീതിയിലാണ്  പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .

ഒരു എഴുത്തുകാരിയാകണം എന്ന ആഗ്രഹത്തോടെ കോളേജ്  പഠനം കഴിഞ്ഞു  ജാക്ക്സണ്‍ മിസ്സിസിപ്പി(Jackson, Mississippi) യില്‍ തിരിച്ചെത്തുന്ന സ്കീറ്റര്‍ , തന്റെ കൂട്ടുകാരികളില്‍ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു . കൂട്ടുകാരുമായോക്കെ ആവശ്യത്തിനു ഇടപഴകുമായിരുന്നെങ്കിലും, കുറച്ചുകൂടി ഉയര്‍ന്ന തലത്തില്‍ കാര്യങ്ങള്‍ കാണാനും പൊതു ചിന്താഗതികള്‍ക്ക്  എതിരെ ചിന്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ഒരു ജേര്‍ണലിസ്റ്റ് ആയുള്ള ജോലി അന്വേക്ഷ   ണത്തിനിടയില്‍ ലഭിക്കുന്ന ഒരു നിര്‍ദേശത്തില്‍ നിന്നാണ് , തനിക്കു ചുറ്റും കാണുന്ന മെയിഡുകളുടെ ജീവിതത്തെക്കുറിച്ച്  ഒരു പുസ്തകം എഴുതാന്‍ അവര്‍ തീരുമാനിക്കുന്നത് . മെയിഡുകളുടെ ജീവിതത്തെകുറിച്ച്   വെറുതെ ഊഹിച്ച്ചെഴുതുകയല്ല മറിച്ച്‌  അവരുമായി നേരിട്ട് അഭിമുഖം നടത്തി , അവരും വെള്ളക്കാരായ വീട്ടുകാരും തമ്മിലുള്ള ബന്ധത്തിനു ഊന്നല്‍ കൊടുത്തുകൊണ്ട് , സത്യസന്ധമായ ഒരു പുസ്തകം എഴുതാനാണ്  സ്കീറ്റര്‍ തയ്യാറാകുന്നത് . ഈ പുസ്തകത്തിനു പ്രസാധകരെ കിട്ടുമോ ?  മെയിഡുകള്‍ താനുമായി സഹകരിക്കുമോ ? തന്റെ കൂട്ടുകാരും ബന്ധുജനങ്ങളും ഇതിനെ എങ്ങനെ സ്വീകരിക്കും ? എന്നിങ്ങനെ  നീളുന്ന ആശങ്ക കള്‍ക്കിടയില്‍  അവര്‍ തന്റെ ആശയം അയിലിബീന്‍ എന്ന മെയിഡുമായി പങ്കുവെയ്ക്കുന്നു. സംഭവിക്കാന്‍ സാധ്യതയുള്ള ഭവിഷ്യത്തുകള്‍ ഭയന്ന്  ആദ്യം അയിലിബീന്‍ ഒന്ന്  മടിച്ചെങ്കിലും , സ്വതവേ എഴുത്തിലും വായനയിലും ഒക്കെ കമ്പമുള്ള അവര്‍ ഒരു സാഹസത്തിനു തയാറാകുന്നു. മറ്റാര്‍ക്കും ഒരു സംശയത്തിനും ഇടകൊടുക്കാതെ ഒഴിവു സമയങ്ങളില്‍ അവര്‍ രഹസ്യമായി പുസ്തകത്തെ കുറിച്ച്  സംസാരിച്ചു തുടങ്ങുന്നു.കൂടുതല്‍ ആപത്തുകള്‍ ഒഴിവാക്കാന്‍ യഥാര്‍ഥ പേരുകളും സ്ഥലവും ഒക്കെ മാറ്റി ആര്‍ക്കും പെട്ടന്ന്  മനസിലാകാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ തീരുമാനിക്കുന്നു . സ്കീറ്റര്‍ -ടെ  ഉദ്ദേശ്യ ശുദ്ധിയും അര്‍പ്പണ ബോധവും മനസിലാക്കിയ അയിലിബീന്‍ ഈ സംരഭത്തിനു മറ്റുള്ള മെയിഡുകളെ ക്കൂടി  പറഞ്ഞു സമ്മതിപ്പിക്കുക എന്ന ശ്രമകരമായ ദൌത്യം സ്വയം ഏറ്റെടുക്കുന്നു .എല്ലാ വെള്ളക്കാരോടും  സംശയവും അടങ്ങാത്ത പകയും മനസ്സില്‍ കൊണ്ടുനടക്കുന്ന മിന്നി ആദ്യം പരിഹസിച്ചു തള്ളിയെങ്കിലും ക്രമേണ സ്വന്തം കഥകള്‍ പറഞ്ഞു തുടങ്ങുന്നു .കൂടുതല്‍ കൂടുതല്‍ മെയിഡുകള്‍ ഇതുമായി സഹകരിക്കുന്നു .അങ്ങനെ പുസ്തകം പൂര്‍ത്തിയാകുന്നു. ആദ്യമൊന്നും വലിയ തരംഗങ്ങള്‍ ഉണ്ടാക്കിയില്ല എങ്കിലും ക്രമേണ പുസ്തകം ആളുകള്‍ വായിച്ചു തുടങ്ങുന്നു . അതില്‍ പ്രദിപാദിക്കുന്ന വ്യക്തികളെയും അവരുടെ ചെയ്തികളെയും ഒക്കെ മിസ്സിസിപ്പിയിലെ വായനക്കാര്‍ മനസില്ലാക്കുമോഎന്നും അതുവഴി  തങ്ങള്‍ തിരിച്ചറിയപ്പെടുമോ  എന്ന ഭയത്താല്‍ അതില്‍ വിവരങ്ങള്‍ നല്‍കിയ മെയിഡുകളെ ജോലിയില്‍ നിന്ന് പുറത്താക്കണോ ഉപദ്രവിക്കാനോ ഒന്നും വെള്ളക്കാരിലാരും തയ്യാറാകുന്നില്ല.  പുസ്തകത്തിന്റെ വിജയത്തെ തുടര്‍ന്ന് സ്കീറ്റര്‍ ഒരു മികച്ച ജോലിയുമായി ന്യൂ യോര്‍ക്കിലേക്ക്  സ്ഥലം മാറിപ്പോകുന്നു.അങ്ങനെ സന്തോഷകരമായ അന്തരീക്ഷത്തില്‍  നോവല്‍ അവസാനിക്കുന്നു .

മുകളില്‍ വിവരിച്ച പ്രധാന കഥയ്ക്ക്‌   ഉപരിയായി ഈ പുസ്തകത്തെ ഹൃദ്യമാക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട് .എല്ലാവരും സഞ്ചരിക്കുന്ന വഴിയില്‍ നിന്ന്  അല്പം മാറിപ്പോകുന്ന സ്കീറ്റര്‍ -നു തന്റെ കൂട്ടുകാര്‍ക്കും വീട്ടുകാര്കും ഇടയില്‍ നിന്ന്  അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദവും ഒറ്റപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും മനോഹരമായി അവതരിപ്പിക്കുക വഴി അന്നത്തെ സാമൂഹ്യ സ്ഥിതി വെള്ളക്കാരുടെ കണ്ണിലൂടെ വായനക്കാര്‍ക്ക്  കാണിച്ചു കൊടുക്കുന്നു .അതുപോലെ തന്നെ അയിലിബീന്‍ -ലൂടെയും മിന്നിയിലൂടെയും കറുത്ത വര്‍ഗക്കാരുടെ ജീവിത സാഹചര്യങ്ങളും ലോകവീക്ഷണവും ഒക്കെ നമുക്ക്  കാണിച്ചുതരുന്നു .വളരെ പക്വമതിയായ അയിലിബീന്‍-ഉം മുന്‍ ശുണ്ടിക്കാരിയും എടുത്തുചാട്ടക്കാരിയും ആയ മിന്നി -ഉം മനോഹരങ്ങളായ പാത്ര സൃഷ്ടികള്‍ ആണ്.കഥാപാത്രങ്ങള്‍ എല്ലാം സാധാരണക്കാരും സംഭവവികാസങ്ങള്‍ എല്ലാം സാമാന്യ ബുദ്ധിക്കു നിരക്കുന്ന രീതിയിലുമാണ്  എന്നതും എടുത്തു പറയേണ്ടുന്ന ഒരു മേന്മ തന്നെയാണ് .ലോകം മുഴുവന്‍ നന്നാക്കുവാനോ  നശിപ്പിക്കുവാനോ അല്ല വേണ്ടിയല്ല ഇതിലെ ഒരു കഥാപാത്രവും പ്രവത്തിക്കുന്നത് .അവരവരുടെ നിത്യ ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളുടെ പൂര്‍ത്തീകരണവും  മറ്റും മാത്രമാണ്  എല്ലാവരുടെയും ലക്‌ഷ്യം .ഇത് കഥയ്ക്ക്  എന്തെന്നില്ലാത്ത സ്വാഭാവികത നല്‍കുന്നു അതുവഴി ആസ്വാദ്യതയും .വെള്ളക്കാര്‍ എല്ലാവരും കണ്ണില്‍ ചോരയില്ലാത്ത നീചന്മാരനെന്നോ, കറുത്ത വര്‍ഗക്കാരെല്ലാം എല്ലാദിവസവും പീഡിപ്പിക്കപ്പെടുന്നു എന്ന അതിശയോക്തിയും ഒരിടെത്തും കടന്നു വരാതെ, നമുക്കൂഹിക്കവുന്നത് പോലെ നല്ലതും ചീത്തയും ഇടകലര്‍ന്ന ഒരു സാമൂഹ്യ സ്ഥിതിയുടെ, വളരെ പക്ഷപാത രഹിതമായ ഒരു വിവരണം ആണ് നമുക്ക്  കിട്ടുന്നത് .

ആത്മകഥാപരമെന്നു നേരിട്ടു ആരോപിക്കാന്‍ പറ്റില്ല എങ്കിലും കഥയിലെ സ്കീറ്റര്‍ -നു സമാനമായ ഒരു സാഹചര്യത്തിലാണ്  താനും വളര്‍ന്നു വലുതായതെന്നു കഥാകാരി അനുബന്ധ കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട് .അത് തന്നെയായിരിക്കണം ഇത്ര മനോഹരമായി ആ കാലഘട്ടത്തെ പുനരവിഷ്കരിക്കാന്‍ സ്റോക്കെറ്റ് -നെ സഹായിച്ചിരിക്കുന്നത് .കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച പീഡനങ്ങളെ  ലാളിത്യവത്കരിച്ച്, വെള്ള കാരുടെ ക്രൂരതകളെ വെള്ളപൂശി ചരിത്ര ത്തെ വളച്ചൊടിക്കുന്നു എന്ന വിമര്‍ശനം നില നില്‍ക്കുമ്പോഴും ,മനോഹരമായ ഒരു വായന അനുഭൂതി പകരുന്ന ഒരു നോവലാണിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പിന്കുറിപ്പ് : പ്രസ്തുത പുസ്തകത്തെ അധികരിച്ച്  ടയ്റ്റ് ടായ്ലര്‍ (Tate Taylor)  സംവിധാനം ചെയ്ത  "ദി ഹെല്പ് "(The Help) ഹോളിവുഡ് സിനിമ ബോക്സ്‌ ഓഫീസില്‍ മികച്ച വിജയം നേടി.ഓസ്കാര്‍ നോമിനേഷനുകള്‍ പലതും ലഭിച്ച  ഈ സിനിമ വായനാനുഭാവത്തോടു കിടപിടിക്കില്ല എങ്കിലും പുസ്തകത്തോട്  സാമാന്യ നീതി പുലര്‍ത്തുന്ന ഒന്നാണ് .


1 അഭിപ്രായം:

മുഹ്സിന്‍, കോട്ടക്കല്‍ പറഞ്ഞു...

dear blogger,
we wish to include your write up on 'the help' in our monthly, PUDAVA
i hope, you will reply soon with your byeline

Related Posts with Thumbnails