
സീല്‍ ടീം സിക്സ് (Navy SEAL Team Six) എന്ന എലീറ്റ് (Elite)ഗണത്തില്‍ എത്തിപ്പെടുവാന്‍ മറ്റു സീല്‍ അംഗങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളും ,ടീം സിക്സ് -ല്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ കടന്നു പോകുന്ന കഠിനമായ പരിശീലന കഥകളും ഒക്കെ, ഈ ഗണത്തില്‍ പെട്ട മറ്റു പുസ്തകങ്ങള്‍ക്ക് സമാനമാണ് .വളരെ കാര്യമാത്ര പ്രസക്തമായി പറഞ്ഞു പോകുന്ന ഇവ, പലരൂപത്തില്‍ പല തവണ കേട്ട് മടുത്തതാണെങ്കിലും നമ്മെ ബോറടിപ്പിക്കുന്നില്ല.സുരക്ഷയെ മുന്‍ നിര്‍ത്തി വ്യക്തികളുടെ പേരും സംഭവങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും ഒക്കെ മാറ്റി മറിച്ചിട്ടുണ്ട് എന്ന് ആമുഖത്തില്‍ വായിച്ചതുകൊണ്ടാകം,അലാസ്കയിലെ (Alaska)ഓവന്റെ കുടുംബ പാശ്ചാത്തലവും ബാല്യ കാല സംഭവങ്ങളും ഒക്കെ വിവരിക്കുന്ന ഭാഗത്തിനോട്, ഒരു വൈകാരികമായ താത്പര്യവും തോന്നാതിരുന്നത്.
ലാദനനെ അടിയറവു പറയിക്കുവാന്‍,അമേരിക്ക നടത്തിയ അണിയറ പ്രവത്തനങ്ങള്‍ അതിന്റെ സ്ഥൂലരൂപത്തിലും സൂക്ഷരൂപത്തിലും ഏറെ കൌതുകകരങ്ങലാണ്.അമേരിക്ക പോലെ ഒരു രാഷ്ട്രം അതിന്റെ എല്ലാ അടവുകളും പുറത്തെടുത്തിട്ടുപോലും നീണ്ട പത്തു വര്‍ഷക്കാലം വേണ്ടി വന്നു എന്ന് പറയുമ്പോള്‍, ലാദന്‍റെ കൂര്‍മ്മ ബുദ്ധിയും,സംഘാടന പാടവവും ഉപബോധ മനസിലെങ്കിലും നമ്മില്‍ ആരാധന വളര്‍ത്തും .ജേ എന്ന വിളിപ്പേരുള്ള CIA സീക്രട്ട് ഏജന്റ് , സാറ്റലൈറ്റ് ഇമേജിങ്ങും,മറ്റ് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായതോടെ കുറഞ്ഞ പക്ഷം അഞ്ചു കൊല്ലമെങ്കിലും ലാദനെ പിന്തുടര്‍ന്നിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ നാം അറിയാതെ അത്ഭുതപ്പെട്ടുപോകും .
മിഷനുകളിലെയും ക്യാമ്പിലെ മറ്റ് വിശേഷങ്ങളും ഒക്കെ വായിക്കുമ്പോള്‍, 'ടീം സീല്‍ സിക്സ് ' എന്ന പുസ്തകം പ്രദാനം ചെയ്യുന്ന ഒരു ചിത്രമല്ല നമുക്ക് കിട്ടുന്നത് .ചിട്ടയായതും കഠിനതരവു മായ പരിശീലനകളരികളിലൂടെ കടന്നു പോകുന്ന ,യാതൊരു ധാര്‍മിക പിന്‍ബലവും ഇല്ലാത്ത , എതിര്‍പക്ഷത്തുള്ള വരെ കൊന്നൊടുക്കുന്ന കേവലം യന്ത്രങ്ങളാണ് ഇവര്‍ എന്ന ധാരണ ഈ പുസ്തകം തിരുത്തുന്നു . അതി പ്രധാനമായ ഒരു മിഷനുവേണ്ടി സാധങ്ങള്‍ പായ്ക്ക് ചെയ്യുമ്പോഴും, പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫ്ളാഷ് ലൈറ്റുകള്‍ക്കും മറ്റുമായി വഴക്കിടെണ്ടി വരുന്നതും , മിക്കപ്പോഴും അവ സ്വന്തം ചിലവില്‍ വാങ്ങിക്കേണ്ടി വരുന്നതും രസകമായി തോന്നി.ഇതിനു വിപരീതമായി ലാദന്‍ മിഷനില്‍(ഈ സമയത്ത് ആര്‍ക്കും ഇതിനെ ക്കുറിച്ച് അറിയില്ലായിരുന്നു) സാധനങ്ങള്‍ ഉദാരമായി നല്‍കിയത് , സംഘാംഗങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിച്ചതും ഒക്കെ അതീവ രസകരമായി തോന്നി.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മില്ട്ടറി ബേസില്‍ , ലാദന്‍ താവളത്തിന്റെ പകര്‍പ്പുണ്ടാക്കി ദിവസങ്ങള്‍ പരിശീലനം നടത്തിയത് മുതല്‍ ലാദന്‍ മൃത ശരീരവും ആയി പാകിസ്ഥാന്‍ വ്യോമ പരിധി കടക്കുന്നത് വരെയുള്ള വിവരണങ്ങള്‍ ഒറ്റയിരുപ്പിനു തന്നെ നാം വായിച്ചു പോകും .പാകിസ്ഥാന്‍ ഗവണ്മെന്റിന്റെ അനുവാദ മില്ലാതെ നടുത്തുവാന്‍ പോകുന്ന മിഷന്‍ ന്റെ ശ്രദ്ധ , അവിടുത്തെ പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും ,തിരിച്ചുവിടാന്‍ വേണ്ടിയുള്ള ആശയങ്ങള്‍ സ്വരൂപിക്കുന്ന അവസരത്തില്‍ ഉയര്‍ന്നു വരുന്ന 'മണ്ടന്‍' ആശയങ്ങള്‍, കൂട്ടുകാരുമായി ചേര്‍ന്ന് നാം ഒരു ട്രിപ്പ് പ്ളാന്‍ ചെയ്യുന്നതിനു സമാനമായിത്തോന്നി.
സ്വന്തം ജീവന്‍ പണയം വച്ച് നടത്തുന്ന മിഷനുകള്‍ പലതും ചില്ലു മേടകളിലിരിക്കുന്ന രാഷ്ട്രീയ നേതൃത്വം അവരവരുടെ നേട്ടത്തിന് ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പ് ഇതിന്റെ അവസാന ഭാഗത്ത് ഏറെ പ്രകടമാണ് . തങ്ങള്‍ക്കു അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, ഇത്രയധികം പ്രാധാന്യ മുള്ള ഒരു മിഷന്റെ വിജയത്തിനു ശേഷം വൈറ്റ് ഹൗസിലെ ഒരു പ്രത്യേക വിരുന്നിനു ക്ഷണിക്കാം എന്ന ഒബാമയുടെ വാക്കുപോലും പാലിക്കപ്പെടുന്നില്ല എന്ന നിരാശയും ഇതിലുണ്ട്. കരിയറില്‍ സക്സസ് ഫുള്‍ ആയ പല സീലുകളും സ്വന്തം ജീവിതത്തില്‍ അന്പേ പരാജയപ്പെട്ടു പോകുന്നതിന്റെ ഒരു പ്രധാന കാരണമായി, സ്വന്തം കുടുംബത്തില്‍ നിന്നും ഭരണ കൂടത്തില്‍ നിന്നുമുള്ള, ഈ അവഗണ പറയപ്പെടുന്നു.
മിതമായ ശൈലിയും , ബാലന്‍സ് ഡ് ആയ വിലയിരുത്തലുകളും കൊണ്ട് നല്ല ഒരു പേജ് ടര്‍ ണര്‍ ആയ ഇത് , അമേരിക്കയിലെ ബെസ്റ്റ് സെല്ലേഴ്സ് ലിസ്റ്റില്‍ ആഴ്ചകളോളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ,മിക്ക നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതില്‍ തെറ്റ് പറയാനാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ