2013, മാർച്ച് 5, ചൊവ്വാഴ്ച

മണി രത്നവുമായി അല്പനേരം.....

 പ്രശസ്ത സംവിധായകനായ മണി രത്നത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണ്  'കോണ്‍വേര്‍സേഷന്‍സ്  വിത്ത്‌  മണിരത്നം'.(Conversations with Mani Ratnam
പ്രശസ്ത  ചലച്ചിത്ര നിരൂപകന്‍, ഭരദ്വാജ്  രംഗന്‍ (Baradwaj Rangan)നടത്തുന്ന  അഭിമുഖ സംഭാഷണങ്ങളുടെ  ഒരു സമാഹാരമാണ്  ഇത് . മണിരത്നത്തിന്റെ  എല്ലാ  സിനിമകളും കണ്ടിരിക്കണമെന്നോ  ,ചലച്ചിത്ര നിരൂപണ ശൈലി  നന്നായി  അറിഞ്ഞിരിക്കണമെന്നോ ഉള്ള  ഒരു  ഒരു യോഗ്യതയും ഈ പുസ്തകം ആസ്വദിക്കാന്‍ വായനക്കാരന് ആവശ്യമില്ല .  മണി രത്നത്തിന്റെ ഓരോ സിനിമയുടെയും ഒരു സംക്ഷിപ്ത രൂപത്തോടെ ആരംഭിക്കുന്ന ഓരോ അദ്ധ്യായവും  അതിലെ തിരക്കഥയെക്കുറിച്ചും  പാത്ര സൃഷ്ടിയെക്കുറിച്ചും, പാട്ടുകളെകുറിച്ചും  മറ്റും മറ്റും വളരെ സൂക്ഷമായ തലത്തിലേക്ക്  ആഴ്‌നിറങ്ങുന്നു . സിനിമയെകുറിച്ച് നല്ല പരിക്ഞ്ഞാന മുള്ള  ഗ്രന്ഥകാരന്‍ , വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്ന് മാത്രമല്ല , മണിരത്നത്തില്‍ നിന്ന് വളരെ ലോജിക്കലും സമ്പൂര്‍ണവും ആയ  ഉത്തരങ്ങള്‍ പുറത്ത് കൊണ്ട് വരുകയും ചെയ്യുന്നു . ആരുടേയും ഈഗോയില്‍ കുടുങ്ങാതെ, ചോദിക്കേണ്ടുന്ന ചോദ്യങ്ങള്‍ ധൈര്യമായി ചോദിച്ചും , ഉത്തരങ്ങള്‍ തൃപ്തികരങ്ങളല്ലെങ്കില്‍  അവ വീണ്ടും ഉന്നയിച്ചും  മുന്നോട്ടു പോകുന്ന  സംവാദങ്ങള്‍ ഒരേ സമയം ഗൌരവതരവും രസകരവും ആണ് .  അഥിതിയെ ഭയ-ഭക്തി-ബഹുമാനങ്ങളോട്  സമീപിച്ച് , പറയുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങി , ശരിവയ്ക്കുന്ന , പതിവ്  അഭിമുഖ സംഭാഷണ ങ്ങളില്‍ നിന്ന്  ഇതിനെ വ്യത്യസ്തമാക്കുന്നതും  ഇതാണ് .




'റോജയും'  'ദില്‍ സെ' യും 'നായകന്‍ ' ഉം  പോലെ  സൂപ്പര്‍ ഹിറ്റുകളായ സിനിമകള്‍ മുതല്‍  ബോക്സ്‌ ഓഫീസില്‍ പരാജയപ്പെട്ട  'ഇരുവര്‍' ഉം   'രാവണ്‍' ഉം  പോലെ  വളരെ വ്യത്യസ്തമായ സിനിമകളിലൂടെ, സംവിധായകനുമൊപ്പമുള്ള യാത്ര വളരെ രസകരമായി അനുഭവപ്പെട്ടു . ചില സീനുകളെ ക്യാമറ ആംഗിളിനെക്കുറിച്ചും ഗാനരംഗങ്ങളിലെ സീക്സ്വന്‍സിനെകുറിച്ചുമുള്ള  ചര്‍ച്ചകള്‍  ഓരോ സിനിമയുടെയും അണിയറയില്‍ ചൊരിയപ്പെടുന്ന  വിയര്‍പ്പിനെകുറിച്ച് നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു . തമിഴിനു പുറമേ ,ഹിന്ദിയും കന്നഡയും  മലയാളത്തിലും ഒക്കെ സിനിമ ഒരുക്കുന്ന മണിരത്നത്തിന് ഈ ഭാഷകള്‍ ഒന്നും നന്നായി അറിയില്ലെനും , പ്രതേകിച്ചും ആദ്യകാലങ്ങളില്‍  ഇംഗ്ലീഷ് -ല്‍ ആണ് തിരകഥകള്‍ എഴുതിയിരുന്നതെന്നും വായിച്ചത് അവിശ്വസനീയ മായി ത്തോന്നി .MBA പഠനത്തിനു ശേഷം കേവലം ഒരു  ബിസിനസ്‌ എക്സിക്യുട്ടിവ് ആയി മാറേണ്ട മണിരത്നം എങ്ങനെ   'വ്യക്തി മുദ്രയുള്ള' ഒരു  സംവിധായകനായിമാറി എന്നും, ഈ സംഭാഷണ ശകലങ്ങള്‍ നമ്മോടു പറയുന്നു .

മണി രത്നം എന്ന ചലച്ചിത്രകാരന്‍  വളരെ സത്യസന്ധമായാണ്  ഈ അഭിമുഖത്തില്‍ സംവദി ച്ചിരിക്കുന്നത്‌ എന്ന്  പല ഭാഗങ്ങളിലും നമുക്ക്  കാണാന്‍ കഴിയും. ഓരോ സിനിമയില്‍ നിന്നും അടുത്തതിലേക്കുള്ള യാത്രയും , അതില്‍ നടീ -നടന്മാര്‍ക്കും ,ക്യാമറമാനും സംഗീത സംവിധായകനും ഉള്‍പെടെ മറ്റ്  അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള 'തിരഞ്ഞെടുക്കല്‍ 'പ്രക്രീയയും അദ്ദേഹം ഇതില്‍ വിവരിക്കുന്നുണ്ട് . നല്ല സിനിമ ഉണ്ടാകണം എന്ന അതിയായ ആഗ്രഹവും ,എല്ലാ കലാകാരന്മാരുടെയും  കഴിവുകളെ അംഗീകരിക്കാനും അവരുമായി സഹകരിക്കാനും  ഉള്ള  ഒരു മനസ്സുമാണ്  തന്റെ വിജയത്തിനു നിദാനമെന്നു  എന്ന്  പല ഘട്ടങ്ങളിലും, വരികള്‍ക്കിടയിലൂടെ അദ്ദേഹം പറഞ്ഞു പോകുന്നുണ്ട് .  ബോക്സ് ഓഫീസില്‍ ഏറെ ചര്‍ച്ചാവിഷയമായ , രാവണ്‍  എന്ന സിനിമയിലെ അഭിഷേക് ബച്ചന്റെ അമിതാഭിനയത്തെക്കുറിച്ചുള്ള  ചോദ്യത്തില്‍ , തനിക്ക്  അങ്ങനെ തോന്നിയിട്ടില്ല എന്നും , ആസ്വാദകര്‍ക്ക്  അങ്ങനെ തോന്നിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സംവിധായകനായ തനിക്കാണെന്നും പറയുന്നത് , വളരെ പ്രശംസനീയമാണെന്ന് തോന്നി .


സിനിമയിലെ സംഗീതത്തെ കുറിച്ചും , മാനുഷീക ബന്ധങ്ങളെ വരച്ചുകാട്ടുന്നതില്‍ അവലംബിക്കുന്ന സൂക്ഷതയയെക്കുറിച്ചും  മണി രത്നം ഇതില്‍ വാചാലനാകുന്നുണ്ട്  . ചലച്ചിത്ര മൊഴിമാറ്റത്തിന്റെ പരിമിതികളെ കുറിച്ചും അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം തുറന്നു സംസാരിക്കുന്നു. ചലച്ചിത്ര ആസ്വാദന രംഗത്ത്‌  വന്ന കാതലായ മാറ്റങ്ങളെകുറിച്ചും , സാങ്കേതികരംഗത്ത്  വന്ന ചലനങ്ങളെകുറിച്ചും  ഇതിലെ പല അധ്യായങ്ങളും വിശദമായ ചര്‍ച്ചക്കെടുക്കുന്നു. ചുരുക്കത്തില്‍, ഒട്ടും മടുപ്പില്ലാതെ വായിച്ചു പോകുവാന്‍ പറ്റിയ ഒരു പുസ്തകമാണിത് .

വെള്ളിത്തിരയില്‍ ചലിക്കുന്നതെന്തും സിനിമയും , അതിലുള്ള വരെല്ലാം സൂപ്പര്‍സ്റ്റാറുകളും , കാണിക്കുന്ന തോന്യാസങ്ങളെല്ലാം  ആവിഷ്കാര സ്വാതന്ത്ര്യവുമായി  മാറുന്ന ഈ കാലത്ത് , ഇത്തരം സംവാദങ്ങള്‍ കൂതുതല്‍ പ്രസക്തമാകുന്നു എന്ന്  പറയാതെ വയ്യ .

പിന്കുറിപ്പ് : ഈ പുസ്തകം  ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാതെ , എല്ലാ സിനിമകളും ഒരു തവണ എങ്കിലും ഒന്ന് കണ്ടത്തിനു  ശേഷം ഇത് വായന പൂര്‍ത്തിയാക്കുകയാണെകില്‍  ആസ്വാദനം പതിന്‍ മടങ്ങ് വര്‍ധിക്കും  എന്നതില്‍ സംശയമില്ല .സിനിമയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യണം എന്നാണ്  എന്റെ നിര്‍ദേശം .


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails