2014, ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഖസാക്കിന്റെ ഇതിഹാസം

ചില പുസ്തകങ്ങൾ ആദ്യവായനയിൽ നമുക്ക് വഴങ്ങിത്തരില്ല്ല ; കുതറി മാറുന്ന ഇത്തരം പുസ്തകങ്ങളെ കീഴ്പ്പെടുത്തണമെങ്കിൽ ശ്രദ്ധയോടെയുള്ള പുനർവായന  അനിവാര്യം. ഇത്തരത്തിൽ ഒരനുഭവം സമ്മാനിച്ച  ഒന്നാണ് 'ഖസാക്കിന്റെ ഇതിഹാസം'. വർഷങ്ങൾക്ക് മുന്പ് വിരസമായിത്തോന്നി, ഒരുവിധം വായിച്ചവസാനിപ്പിച്ച ഈ പുസ്തകം വീണ്ടും വായനയ്ക്കെടുക്കുന്പോ
ൾ,  ഏറെ പ്രശംസപിടിച്ചു പറ്റിയ ഈ  നോവലിൽ എനിക്ക്  ഒരു മതിപ്പും തോന്നാതിരുന്നതെന്തേ? എന്ന ചിന്ത  മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു . 'ഖസാക്കിന്റെ ഇതിഹാസം' പോലെയുള്ള ശക്തമായ ഒരു നോവൽ വായിച്ച് , കഥയിലെ ബിംബങ്ങളെ അപഗ്രഥിച്ച് , ആസ്വദിക്കണമെങ്കിൽ അല്പം 'വായനാ നിലവാരവും'  പക്വതയുമൊക്കെ ആവശ്യമാണ്‌. വായനയിലും ആസ്വാദനത്തിലും ആർജിച്ച ഈ 'പക്വത' യാകാം, വർഷങ്ങൾക്കു ശേഷമുള്ള രണ്ടാം വായനയെ കൂടുതൽ ആസ്വാദ്യകരമാക്കിയത്. നോവലിന്റെ ഘടനയെ കുറിച്ചോ എഴുത്തിന്റെ ശൈലിയെ കുറിച്ചോ ഒന്നും ആധികാരികമായി വിലയിരുത്തുവാനോ അതിനെ സംബന്ധിച്ച്  ഒരു പ്രബന്ധം അവതരിപ്പിക്കുവാനോ ഒന്നും ഇവിടെ മുതിരുന്നില്ല .തികച്ചും സാധാരണമായ ഒരു (പുനർ) വായനയിൽ  ഉളവായ ചില തോന്നലുകൾ ഇവിടെ കുറിക്കുന്നു എന്ന് മാത്രം.


ആദർശത്തിന്റെയും സഹനത്തിന്റെയും  പ്രതിപുരുഷന്മാരോ അല്ലെങ്കിൽ ക്രൂരതയുടെയും കുടിലതയുടെയും പര്യായങ്ങളോ ആയിരുന്നു ഒട്ടു മിക്ക മലയാള കഥകളിലെയും കേന്ദ്ര കഥാപാത്രങ്ങൾ. ഈ പതിവ് തെറ്റിക്കുന്ന ഒന്നാണ് ഈ നോവൽ . മലയാള നോവലിന്റെ  ചരിത്രത്തെ  "ഖസാക്കിനു മുൻപും  പിൻപും" എന്ന്  രണ്ടായി പതുക്കാം എന്ന്  സാഹിത്യ പഠിതാക്കൾ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല . ഇവിടെ നായകനായ രവി  ഒരു സാധാരണ മനുഷ്യനാണ്. തിന്മയും നന്മയും ഒത്തു ചേർന്ന ഒരു വ്യക്തി.പഠനത്തിൽ അതി സമർഥൻ ..  പ്രാചീന ഭാരതീയ ദർശനങ്ങളും അത്യാധുനീക ഭൌതിക ശാസ്ത്രവും തമ്മിലുള്ള  ബന്ധത്തെ കുറിച്ച്  പ്രമുഖ വിദേശസർവകലാശാലയിൽ പഠനം നടത്തി എങ്കിലും അതു പൂർത്തിയാക്കാതെ ,സംതൃപ്തി തേടി  ഒരു ആശ്രമത്തിൽ അഭയം പ്രാപിക്കുന്നു. എന്നാൽ സാഹചര്യം വീണ്ടുമൊരു ഒളിച്ചോട്ടം അനിവാര്യമാക്കുന്നു. അങ്ങനെ  'ഖസാക്ക്'  എന്ന കുഗ്രാമത്തിലെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ , അദ്ധ്യാപക വേഷമെടുക്കാൻ തീരുമാനിക്കുന്നു . അതിനായി രവി കൂമൻ കാവിൽ ബസ്സിറങ്ങുന്നിടത്താണ് കഥ തുടങ്ങുന്നത് . പ്രാദേശികമായ ചെറു സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സാവധാനം വികസിക്കുന്ന കഥയിൽ പലപ്പോഴായുള്ള  ഓർമ്മ ശകലങ്ങളിലൂടെ യാണ് കഥാകാരൻ രവിയുടെ ചിത്രം വരയ്ക്കുന്നത്. സാഹചര്യങ്ങൾക്ക്  അനുസൃതമായി ചെയ്തു പോകുന്ന തെറ്റുകളും അതിൽ തോന്നുന്ന പശ്ചാത്താപവും, നിത്യ മോചനത്തിനായി പാതകൾ പലതു മാറി സഞ്ചരിച്ചു നോക്കുന്നതുമായ രവിയെ വായനാന്ത്യത്തിൽ വായനക്കാരൻ കണ്ടുമുട്ടും.ആദ്യം മുതൽ അന്ത്യം വരെ ഒരുതരം 'അസ്വസ്ഥത' അനുഭവിക്കുന്ന ഒരു കഥാപാത്രമാണിത് . ഈ 'അസ്വസ്ഥത' വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നതിൽ കഥാകാരൻ നേടുന്ന വിജയമാണ് ഈ നോവലിന്റെ വിജയം എന്ന് നമുക്ക് സാമാന്യമായി പറയാം. അതുപോലെ തന്നെ  കഥ പറയുവാനായി തിരഞ്ഞെടുത്ത 'ഖാസക്' എന്ന സാങ്കല്പിക ഗ്രാമവും അവിടെ നാം പരിചയപ്പെടുന്ന ഓരോരുത്തരും ആസ്വാദ്യതയുടെ മാറ്റുകൂട്ടുന്നു. നിത്യ ജീവിത യാഥാർത്ഥ്യങ്ങളും , മിത്ത് കളും, മെറ്റാഫിസിക്സും, ഫിലോസഫിയും ഒക്കെ ഇത്ര സമർത്ഥമായി ഇഴ ചേർത്തിരിക്കുന്ന മറ്റൊരു മലയാള നോവൽ ഉണ്ടോ എന്ന് സംശയമാണ്. പാലക്കാടൻ ഗ്രാമങ്ങളിലെ മുസ്ലിം സമുദായത്തിന്റെ സംഭാഷണം പോലും വിജയൻ ഇതിൽ സസൂക്ഷ്മം സന്ദിവേഷിപ്പിച്ചിട്ടുണ്ട്. "ബീഡി തൊഴിലാളി യൂണിയനും" "സ്കൂൾ ഇൻസ്പെക്ഷനും" ഒക്കെ  ചെറുതെങ്കിലും നമ്മുടെ കൊച്ചു കേരളത്തിന്റെതായ നിരവധി കയ്യൊപ്പുകൾ  ഇതിൽ കാണാം . അതുകൊണ്ട് തന്നെ അവ നമ്മുടെ മനസ്സിൽ മായാതെ നില്കുകയും ചെയ്യും.

മലയാളി വായനക്കാരുടെയും വിമർശകരുടെയും  ഒട്ടേറെ  പ്രശംസയ്ക്കു പാത്രമായ  ഈ നോവൽ "ലെജണ്ട്സ് ഓഫ് ഖസാക്ക് " എന്ന പേരിൽ  ഇംഗ്ലീഷ് -ലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ പ്രസിദ്ധീകരിച്ച് വർഷങ്ങൾക്ക്  ശേഷം  കഥാകൃത്ത് തന്നെയാണ്  ഇതിന്റെ ഇംഗ്ലീഷ്  മൊഴിമാറ്റം നടത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. മൊഴിമാറ്റങ്ങളിൽ സാധാരണ സംഭവിക്കാറുള്ള വിടവുകൾ ഇതിൽ തുലോം കുറവായിരിക്കും എന്ന്  നമുക്കുറ പ്പിക്കാം.  ശ്രീ.കരുണാകര ഗുരുവുമായുള്ള അടുത്ത ബന്ധം, ശ്രീ.വിജയന്റെ ജീവിത വീക്ഷണത്തെ ആകെ മാറ്റി  മറിച്ചു എന്നും മൂലകൃതിയും തർജ്ജിമയും തമ്മിലുള്ള വ്യതിയാനം ഇതിന്റെ ഉത്തമ ദർശനമാണെന്നും ചില പഠനങ്ങളിൽ  കാണുകയുണ്ടായി. ഇത് മനസിലാക്കുവാൻ വേണ്ടിയാണ് ,  മലയാള വായനയുടെ ചൂടാറും മുൻപ്  "ലെജണ്ട്സ് ഓഫ് ഖസാക്ക്" വായനയ്ക്കെടുത്തത്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, സൂചിപ്പിക്കപ്പെട്ട ഒരു വീക്ഷണ വ്യതിയാനവും എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. അതു മാത്രമല്ല മലയാളത്തിൽ ലഭിക്കുന്ന ഒരു വായനാ സുഖവും ഇംഗ്ലീഷ് -ൽ നിന്ന് ലഭിച്ചതുമില്ല.വാചകങ്ങളെ പദാനുപദം തർജിമചെയ്തു വച്ചിരിക്കുന്നത് അവയുടെ ആത്മാവ് നഷ്ടപ്പെടുത്തി എന്ന തോന്നലുളവാക്കി . അരോചകമായി തോന്നിയ ഒരു സാഹിത്യ ശകലത്തിൽ നിന്ന് കഥാകാരന്റെ വീക്ഷണ വ്യതിയാനം തൊട്ടറിയുവാനുള്ള ശ്രമം തികച്ചും വിഫലമാണെന്ന് പറയെണ്ടുന്നതില്ലല്ലോ !

താഴെ കൊടുത്തിരിക്കുന്ന ഏറ്റവും പ്രസിദ്ധമായ വരികളും അവയുടെ പരിഭാഷയും ഇതിനെ വ്യക്തമാക്കുന്നു.

" പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ് വരയിലെത്തി.
ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
പച്ചപിടിച്ച
താഴ് വര, ഏട്ടത്തിപറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.
എനിക്കു പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.
"നീ ചേച്ചിയെ മറക്കുമോ?"  ഏട്ടത്തി ചോദിച്ചു.
"മറക്കില്ല", അനുജത്തി പറഞ്ഞു.
"മറക്കും", ഏട്ടത്തി പറഞ്ഞു. 

ഇതു കര്‍മ്മപരന്പയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.
അനുജത്തി നടന്നകന്നു.അസ്തമയത്തിന്റെ  താഴ് വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. 

പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ് വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചെന്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോള്‍ ചെന്പകം പറഞ്ഞു, 
"അനുജത്തീ, നീയെന്നെ മറന്നുവല്ലോ".


"Long before the lizards, before the dinosaurs, two spores set out on an incredible journey.
They came to a valley bathed in the placid glow of sunset.
My elder sister, said the little spore to the bigger spore, let us see what lies beyond.
This valley is green, replied the bigger spore, I shall journey no further.
I want to journey, said the little spore, I want to discover. She gazed in wonder at the path below her.
"Will you forget your sister", asked the bigger spore.
"Never", said the little spore.
"You will, little one", for this is the loveless tale of karma; in it there is only parting and sorrow.

The little spore journeyed on. The bigger spore stayed back in the
valley. Her root pierced the damp earth and sought the nutrients of death
and memory. She sprouted over the earth, green and contended.

A girl with silver anklets and eyes prettied with surma came to
Chetali’s valley to gather flowers. The Chempaka tree stood alone-
efflorescent, serene. The flower gatherer reached out and held down a soft
twig to pluck the flowers. As the twig broke the Chempaka said,

My little sister you have forgotten me !


 ഇതുപോലെ മലയാള വായനയിൽ മനോഹരമായി തോന്നിയ പല ബിംബങ്ങളും തികച്ചും നിർജീവ പദസഞ്ചയങ്ങളായിത്തോന്നി ഇംഗ്ലീഷിൽ. സാന്മാർഗികതയുടെയും ആത്മാന്വേഷനത്തിന്റെയും ഒരു നേർത്ത വരന്പിലൂടെയുള്ള ആ യാത്രയ്ക്ക് സൌകുമാര്യമുള്ള ഒരു ഭാഷ കൂടിയേകഴിയൂ "ലെജണ്ട്സ് ഓഫ് ഖസാക്ക്"ന്  അതില്ല തന്നെ!

ചുരുക്കത്തിൽ കാലം , കഥാകാരനിൽ വരുത്തിയ മാറ്റം അന്വേക്ഷിച്ചിറങ്ങിയ ഞാൻ, കാലം എന്നിലും എന്റെ വായനയിലും വരുത്തിയ മാറ്റമാണ് കണ്ടെത്തിയത്. കൂടുതൽ പരന്ന വായനയുടെ ആവശ്യകതയും അതെനിക്ക് ബോദ്ധ്യപ്പെടുത്തിത്തരുന്നു !









4 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

നന്നായി .. പണ്ട് വായിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ്..ഇനി ഒരിക്കൽ കൂടി ശ്രമിക്കാം..

വിനുവേട്ടന്‍ പറഞ്ഞു...

നല്ല അവലോകനം... താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്... മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിൽ നോവലിന്റെ ആത്മാവ് നഷ്ടമായിരിക്കുന്നു...

unnama പറഞ്ഞു...

വളരെ നന്ദി !

Unknown പറഞ്ഞു...

വളരെ നല്ല സത്യസന്ധമായ ഒരു അവലോകനം. സത്യത്തിൽ എന്നെ ഖസാക്കിന്റെ ഭാഷയാണ് കൂടുതൽ ആകർഷിച്ചത്

Related Posts with Thumbnails