2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ദി കൈറ്റ് റണ്ണർ (The Kite Runner)

ഭാവനാ സന്പുഷ്ടമായ കഥകൾ വായിക്കുവാൻ രസമായിരിക്കാം എന്നാൽ ഭാവനയോടൊപ്പം അല്പം ചരിത്രവും അനുബന്ധസത്യങ്ങളും കൂട്ടിച്ചേർത്ത്  പറയുന്ന കഥകൾക്ക്  തീവ്രത കൂടും . ആ ഗണത്തിൽപ്പെടുന്ന ഒന്നാണ് ഖാലിദ്‌ ഹുസേനി(Khaled Hosseini)യുടെ ദി കൈറ്റ് റണ്ണർ (The Kite Runner) എന്ന നോവൽ. അമീർ എന്ന അഫ്ഗാൻ ബാലനിലൂടെ പറഞ്ഞു പോകുന്ന കഥയിൽ , അഫ്ഗാനിസ്ഥാൻ -ന്റെ സോവൈറ്റ്‌(Soviet)  അധിനിവേശവും തുടർന്നുള്ള താലിബാൻ -ന്റെ വളർച്ചയും അടക്കും ആ പ്രദേശത്തിന്റെ ഏറ്റവും നിർണ്ണായകവും സംഭവ ബഹുലവുമായ ഒരു കാലഘട്ടവും വന്നു പോകുന്നുണ്ട് . ഒരു അഭയാർത്ഥിയായി അമേരിക്കയിലേക്ക് കുടിയേറിയ ഹുസേനിയുടെ ആത്മകഥാപരമാണോ ഈ നോവൽ എന്ന് വ്യക്തമാക്കിയിട്ടില്ല  എങ്കിലും എഴുത്തിന്റെ ശക്തി യും കഥാഗതിയും വായനക്കാരനെക്കൊണ്ട്  അങ്ങനെ ചിന്തിപ്പിക്കുന്നു.

പഷ്ടാൻ(Pashtun) എന്ന ഉന്നത കുലത്തിൽപ്പെട്ട ബാലനാണ് അമീർ.അമ്മയുടെ ലാളന അനുഭവിക്കാനുള്ള ഭാഗ്യമില്ലായിരുന്നുവെങ്കിലും എല്ലാ ഭൌതിക  സുഖസൗകര്യങ്ങളോടും കൂടിയാണ്  അവൻ വളർന്നത്‌.തിരക്കുള്ള  ഒരു  ബിസിനെസ്സ് കാരനായിരുന്ന അവന്റെ ബാബ , അവനെ സന്തോഷിപ്പിക്കുവാൻ കഴിയുന്നതെല്ലാം ചെയ്യുമായിരുന്നു.വീട്ടിലെ ജോലിക്കാരനായിരുന്ന ഹസൻ ആയിരുന്നു അവന്റെ കളിക്കൂട്ടുകാരൻ.ബാബ യുടെ കളിക്കൂട്ടുകാരനായിരുന്നു ഹസൻന്റെ അച്ഛൻ  അലി, അതായത്  കേവലം മുതലാളി-തൊഴിലാളി ബന്ധത്തിനുപരിയുള്ള  അടുപ്പം അവർ തമ്മിൽ  ഉണ്ടായിരുന്നു. അമീർ -നെ പോലെ ഹസൻ-നും അമ്മയുടെ സ്നേഹ വാത്സല്യങ്ങൾ അനുഭവിക്കുവാൻ ഭാഗ്യം ലഭിച്ചിരുന്നില്ല.




സുഖലോലുപതയിൽ വളരുന്ന ഒരു ബാലന്റെ ചിത്രമാണ് വായനക്കാർക്ക്‌ ഇവിടെ ലഭിക്കുക.
പ്രഭാത ഭക്ഷണം തയ്യാറാക്കി നല്കുക, സ്കൂളിൽ പോകുന്നതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു കൊടുക്കുക അങ്ങനെ എല്ലാം ചെയ്തിരുന്നത് ഹസനാണ്   എന്നിരുന്നാലും ഒരു കളിക്കൂട്ടുകാരൻ എന്നതിൽ കവിഞ്ഞ ഒരാത്മാർഥതയും അമീറിനുണ്ടായിരുന്നില്ല.തനിക്ക് ആവശ്യമില്ല എന്ന്  തോന്നുന്ന അവസരങ്ങളിൽ ഹസൻ-നെ ഒഴിവാക്കി മാറ്റി നിർത്തുവാൻ അവന്  ഒരു മടിയും ഉണ്ടായിരുന്നില്ല. ഒളിച്ചോടിപ്പോയ അമ്മയെപ്പറ്റിപറഞ്ഞ്  നാട്ടുക്കാരും കൂട്ടുകാരും ഹസൻ നെ കളിയാക്കുന്പൊഴൊന്നും അമീർ നിസംഗത ഭാവിക്കുകയും ചെയ്തു.എഴുതാനും വായിക്കാനും അറിയാത്ത ഹസൻ നെ അതിന്റെ പേരിൽ കളിയാക്കി രസിക്കാനും അമീറിന് മടിയില്ലായിരുന്നു. പിറന്നാൾ ദിനത്തിലോ മറ്റോ ബാബ ഹസനോട്  സ്നേഹം കാണിക്കുന്നത് അവനെ ആലോസരപ്പെടുത്തുമായിരുന്നു. എങ്ങനെയൊക്കെ ആണെങ്കിലും കറകളഞ്ഞ ആത്മാർത്ഥ മായ സ്നേഹമായിരുന്നു ഹസന് അമീറിനോട്. ഒരു ദിവസം കളിക്കിടയിൽ ഉണ്ടാകുന്ന വാക്കു തർക്കത്തിനിടയിൽ അസഫ് എന്ന കുട്ടി  അമീറിനെ ആക്രമിക്കാൻ ശ്രമിക്കുന്നു ഉടൻ തന്നെ ഹസൻ   അവനെ ആക്രമിച്ച്  അമീറിനെ രക്ഷപെടുത്തുന്നു. ഹസൻനെയും മറ്റു താഴ്ന്ന ജാതിക്കാരെയും ആ പ്രദേശത്തുനിന്നു തുരത്തണം എന്ന് പരസ്യമായി വാദിക്കുന്ന അസഫിനെ യാണ് തന്റെ നിലനിൽപ്പിനെപ്പോലും വെല്ലുവിളിച്ചു കൊണ്ട് ഹസൻ  ആക്രമിക്കുന്നത്. ഹസൻ ന്റെ സ്നേഹം വരച്ചു കാട്ടാൻ കഥാകാരൻ ഉപയോഗിക്കുന്ന പല സന്ദർഭങ്ങളിൽ ഒന്നാണിത്.

കഥ പറഞ്ഞു ഫലിപ്പിക്കുവാൻ കഥാസന്ദർഭങ്ങളെ മനോഹരമായി ഉപയോഗിക്കുന്നതിൽ ഹുസേനി യുടെ കരവിരുത് വ്യക്തമാകുന്ന ഒന്നാണ്  "പട്ടം പറത്തൽ"-ന്റെ ഉപയോഗം . വായനക്കാരെ അവരവരുടെ കുട്ടിക്കാലത്തേക്ക് അനായാസം കൂട്ടികൊണ്ട് പോയി വികാര തീവ്രത വർദ്ധിപ്പിക്കുകയാണ് ഇവിടെ അദ്ദേഹം ചെയ്യുന്നത്.നോവലിന്റെ പേരു പോലും അപ്രകാരം തിരഞ്ഞെടുത്തിരിക്കുന്നു.

മൽസരിച്ചു പട്ടം പറത്തുക എന്നത് കുട്ടികളുടെ ഏറ്റവും വലിയ വിനോദമായിരുന്നു.എതിരാളി പട്ടങ്ങളെ എല്ലാം ആക്രമിച്ചു തോൽപ്പിക്കുന്നവാനാണ് ഈ ആകാശ പന്തയത്തിലെ വിജയി.ഓരോ പട്ടത്തിന്റെ ചരടു പൊട്ടുന്പോഴും അതു  കൈക്കലാക്കാൻ കുട്ടികൾ കൂട്ടത്തോടെ പായും. ഇവരെയാണ്  കൈറ്റ്  റണ്ണർ  എന്നു വിളിക്കുന്നത്‌ . പട്ടം പറത്തുന്നതുപൊലെ ഒരു മൽസരമായിരുന്നു അതും. കാറ്റിൽ ആടി ഉലയുന്ന പട്ടത്തിന്റെ ദിശ നിർണ്ണയിച്ച് , ഇടവഴികളിലൂടെ ഓടി, നിലം തൊടുന്നതിനു മുൻപ് അവയെ കയിലാക്കാൻ ഹസൻ  ബഹുമിടുക്കനായിരുന്നു. അങ്ങനെ ആ വർഷത്തെ മൽസരവും വരവായി.വിജയിക്കണമെന്ന് അമീറിന് അതിയായ മോഹം;ആത്മ വിശ്വാസം തീരെ ഇല്ലതാനും. ഒടുവിൽ ഹസൻ ന്റെ    പ്രോൽസാഹനം അമീറിനെ വിജയിയാക്കുന്നു. അവസാനം പൊട്ടിക്കപ്പെട്ട പട്ടം അമീറിന് സമ്മാന മായി നല്കാൻ ഹസൻ പായുന്നു.സമയം ഏറെക്കഴിഞ്ഞിട്ടും തിരികെ എത്താത്ത അവനെ  തേടി അമീർ പോകുന്നു . ഒടുവിൽ അസഫും  കൂട്ടാളികളും ഹസൻനെ ആക്രമിക്കുന്നത് അമീർ കാണുവാനിടയാകുന്നു.ഇടപെട്ട് അവനെ രക്ഷിക്കണമെന്നു മനസാക്ഷി പറയുന്നുവെങ്കിലും അമീർ നിശബ്ദനായി മടങ്ങുന്നു. സ്വയ രക്ഷ പോലും മറന്ന് ,നല്കിയ വാക്കു പാലിക്കുന്ന ഹസൻ  അമീറിന്റെ ചിന്തകളെയും സ്വസ്തത യെയും വേട്ടയാടുന്നു. കുറ്റബോധത്തിൽ നിന്ന് രക്ഷ പെടാൻ അവൻ പലതും ചെയ്തു നോക്കുന്നു .

ഇതുവരെ പറയപ്പെട്ട കഥയുടെ ഗതിയിൽ നിന്ന് ചടുലമായ ഒരു മാറ്റമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ നാം കാണുന്നത്.അധിനിവേശങ്ങളും യുദ്ധങ്ങളും അവരെ പലായനം ചെയ്യുവാൻ നിർബന്ധിതരാക്കുന്നു. തങ്ങളുടെ സർവസ്വവും നഷ്ടപ്പെട്ട് അമേരിക്കയിൽ കുടിയേറ്റക്കാരായി ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാരിലൂടെയാണ് ഇവിടെ കഥ വികസിക്കുന്നത് .
അവിടെ വെച്ചാണ് അമീർ വിവാഹിതനാകുന്നതും ബാബ ക്യാൻസർ രോഗബാധിതനായി മരിക്കുന്നതും . അങ്ങെനെയിരിക്കെ ഒരു ദിവസം ബാബയുടെ ഒരു പഴയ സുഹൃത്തായ റഹിം സാഹിബ്  പാകിസ്ഥാനിൽ നിന്ന് ഫോണ്‍ വിളിക്കുന്നു. അദ്ദേഹത്തെ കാണുവാനായി പോകുന്ന അമീറിനൊപ്പം ഹുസേനി നമ്മെയും  കൂട്ടിക്കൊണ്ടു പോവുകയാണ് ,അടിച്ചേൽപ്പിക്കപ്പെടുന്ന ഓരോ യുദ്ധവും വിതക്കുന്ന നാശത്തിന്റെ കാണാക്കാഴ്ചകളിലേക്ക്.

 ഈ കൂടിക്കാഴ്ചയിലാണ് ഹസൻ  തന്റെ ബാബയുടെ തന്നെ മകനാണ് എന്ന ഞെട്ടിക്കുന്ന സത്യം അമീർ മനസ്സിലാക്കുന്നത് .ഹസൻ ന്റെ സ്നേഹബന്ധത്തിന്റെ കൂടുതൽ നിദാനങ്ങൾ  അമീർ-നെ ശ്വാസം മുട്ടിക്കുന്നു . താലിബാൻ ആളുകളുടെ കൈകളാൽ ആണ് അവൻ കൊല്ലപ്പെട്ടതെന്നും,അവസാന കാലം വരെ അമീർ ഭായിയെ കാണുവാൻ അവൻ ആത്മാർത്ഥ മായി ആഗ്രഹിച്ചിരുന്നു വെന്നും അമീർ തിരിച്ചറിയുന്നു. ഹസൻ ന്റെ മകൻ ഇപ്പോഴും താലിബാൻ പിടിയിലാണെന്ന് അറിയുന്ന അമീർ, അവനെ രക്ഷപെടുത്തണമെന്നുറച്ച് താലിബാൻ കേന്ദ്രത്തിലേക്ക് യാത്രതിരിക്കുന്നു.അവിടെവച്ചാണ്  താലിബാനിന്റെ ഇപ്പോഴത്തെ നേതാവ് അസഫ് ആണെന്ന് തിരിച്ചറിയുന്നത്‌. പണ്ട് ചെയ്തു പോയ ഒരു പാപകർമ്മത്തിനു  പ്രായശ്ചിത്തമെന്നോണം അസഫുമായി മല്ലയുദ്ധം നടത്തി അമീർ കുട്ടിയെ രക്ഷപെടുത്തുന്നു.
അല്പം നാടകീയതയ്ക്കൊടുവിൽ അവനെ അമേരിക്കയിലേക്ക്  കൊണ്ടു വരുന്നതോടെ കഥ അവസാനിക്കുന്നു.

കഥാപാത്രങ്ങളെ സൂക്ഷ്മമായി സൃഷ്ടിക്കുന്നതിലും അവരെ ബുദ്ധിപരമായി ബന്ധിപ്പി ക്കുന്നതിലുമുള്ള ഹുസേനിനിയുടെ പാടവം പ്രശംസ അർഹിക്കുന്നു. വളരെ വലിയ ഒരു കഥാപാത്രപട തന്നെ അദ്ദേഹത്തിന്റെ നോവലുകളിൽ കാണുമെങ്കിലും അവയെ ഒരിക്കലും പാതി വഴിക്ക് ഉപേക്ഷിച്ച് പോകാറില്ല.അദ്ദേഹത്തിൻറെ ഏറ്റവും പുതിയ നോവൽ ആയ ആൻഡ്‌ മൌണ്ടൻസ് എക്കോദ്(And mountains echoed) വായിച്ചതിനു ശേഷമാണ് ഇത് വായിക്കുന്നത് എന്നതിനാൽ  ശൈലിയുടെ ആവർത്തനം അല്പം  മടുപ്പുളവാക്കി  എന്ന് പറയാതെ വയ്യ. ദി കൈറ്റ് റണ്ണർ  വളരെയധികം പ്രശംസ പിടിച്ചു പറ്റുകയും എന്നാൽ പുതിയ നോവൽ അത്ര  ശ്രദ്ധിക്കപ്പെടാതെയും പോയത്  ഇതുകൊണ്ട് തന്നെയാകണം. 

ഈ രണ്ടു പുസ്‌തകവും വായിച്ചിട്ടില്ലാത്ത വായനക്കാർ ആദ്യം കൈറ്റ് റണ്ണർ  തന്നെ  തിരഞ്ഞെടുക്കുന്നത് ആസ്വാദ്യത കൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല.പ്രസ്തുത നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചലച്ചിത്രം മോശമല്ലാതെ ആസ്വാദകരെ ആകർഷിച്ചുവെന്നു മൂവി റേറ്റിംഗ് കൾ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails