2014, ജനുവരി 28, ചൊവ്വാഴ്ച

ദൃശ്യം സിനിമയ്ക്ക് ആധാരമായ പുസ്‌തകം(The Devotion of Suspect X)

യുക്തി ഭദ്രമായ ഒരു കുടുംബ-കുറ്റാന്വേക്ഷണ ചിത്രം !  മോഹൻലാൽ നായകനായി ! അതും 2014-ൽ ... ഒരിക്കലും ചേർത്തു വയ്ക്കാൻ കഴിയില്ല എന്ന് മനസിലുറപ്പിച്ച ഒട്ടേറെ വിശേഷണങ്ങൾ ഒരുമിച്ച് ചേർത്ത് വച്ചത് പോലെ തോന്നി.മലയാള സിനിമയിലെ എല്ലാ റെക്കോർഡുകളും ഭേദിച്ചു, കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുന്ന ഒരു ഒരുഗ്രൻ സിനിമ എന്നാണ്  മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മറ്റും കിട്ടിയ വിവരം.ഇത്തരം സിനിമകളാണ് കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങൾക്കും(ഇതുവരെ നടന്നതും ഇനി നടക്കാനിരിക്കുന്നതും )ആധാരം എന്ന പോലീസ് ഏമാൻമാരുടെ കണ്ടെത്തലും കൂടി കേട്ടപ്പോൾ ഉഗ്വേഗം മുൾമുനയിലെത്തി .അങ്ങനെ അന്തം വിട്ടിരിക്കുംപോഴാണ്  ഒരു ജാപ്പനീസ് നോവലും അതിനെ അധികരിച്ച് നിർമ്മിക്കപ്പെട്ട ഒരു ചലച്ചിത്രവുമാണ് ഇതിന്റെ പിന്നിലെന്ന് അറിയുന്നത് . ജിത്തു ജോസഫ്  അത്ര ജീനിയസ് ഒന്നുമല്ല എന്ന് കേട്ടപ്പോൾ എല്ലാ മലയാളികളെയും പോലെ ഒരു ആശ്വാസം തോന്നാതിരുന്നില്ല !
 
ഒരു പുസ്തകത്തെ അധികരിച്ച് ചലച്ചിത്രമെടുക്കുന്പോൾ, അണിയറ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ പലതാണ് . വായനക്കാരന്റെ അനന്തമായ ഭാവനയിൽ പടുവൃക്ഷമായി പടർന്നു പന്തലിച്ചു  നിൽക്കുന്ന, ഒന്നിനെ ഒരു നിശ്ചിത സമയത്തിനുള്ളിൽ  കുറേക്കൂടി വലിയ ആസ്വാദക വൃന്ദത്തിനു മുന്നിൽ  അവതരിപ്പിക്കുക  എന്നത് അത്ര എളുപ്പമുള്ള പണിയല്ല . അതുകൊണ്ടാണ്  പുസ്തകം വായിച്ചുകഴിഞ്ഞാൽ , അതിനെ അധികരിച്ച് നിർമ്മിക്കുന്ന സിനിമ പലപ്പോഴും നമുക്ക് ഇഷ്ടപ്പെടാതെ പോകുന്നത് . ഈ അനുഭവത്തിന്  ഒരു അപവാദമാണ് ദൃശ്യം  സിനിമ കണ്ടപ്പോൾ തോന്നിയത് .



കീഗോ ഹിഗഷിനൊ( Keigo Higashino) എന്ന ജാപ്പനീസ്  എഴുത്തുകാരന്റെ   ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ് (The Devotion of Suspect X) എന്ന കുറ്റാന്വേക്ഷണ നോവൽ ആണ്  ഇവിടെ പ്രതിപാദിക്കുന്ന മൂല കഥ. ലോകത്താകമാനം ഒട്ടേറെ വായനക്കാരുടെ ഇഷ്ടം പിടിച്ചു പറ്റിയ ഒന്നായ ഇതിന്റെ കഥ വികസിക്കുന്നത് ഇങ്ങനെ :

ഇഷിഗാമി എന്ന ഒരു ഹൈസ്കൂൾ  അദ്ധ്യാപകൻ ആണ് ഇതിന്റെ കേന്ദ്ര കഥാപാത്രം. ആരോടും മിണ്ടുകയോ അധികം ഇടപഴകുകയോ ചെയ്യാത്ത  ഉൾവലിഞ്ഞ ഒരു വ്യക്തിത്വത്തിനുടമ.പഠനകാലത്ത്‌  അതി സമർഥനായിരുന്ന അയാൾക്ക് , വീട്ടിലെ ബുദ്ധിമുട്ടുകൾ നിമിത്തം  ഗവേഷണം തുടരാൻ കഴിയാതെ, ഒരു  അദ്ധ്യാപകനായി  ഒതുങ്ങിക്കൂടെണ്ടി വരുന്നു .രാവിലെ കൃത്യമായി ഉണരുന്നു, കടയിൽ നിന്ന് ഭക്ഷണവും വാങ്ങി കാൽനടയായി സ്കൂളിൽ  എത്തുന്നു, ക്ലാസ്  കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഒറ്റയ്കിരുന്ന് ഗണിത സമസ്യകൾക്ക് ഉത്തരം കണ്ടുപിടിക്കുന്നു, ഇതാണ് സാമാന്യമായിപ്പറഞാൽ അയാളുടെ ദിനചര്യ. നടന്നു പോകുന്ന വഴികൾക്കോ , ഭക്ഷണം വാങ്ങുന്ന കടയ്കോ , വാങ്ങുന്ന വിഭവത്തിനൊ പോലും  ഒരിക്കലും ഒരു വ്യത്യാസവുമില്ല. ചില ദിവങ്ങളിൽ, സ്കൂൾ സമയത്തിനു ശേഷം കുട്ടികളെ ജൂഡോ പരിശീലിപ്പിക്കുന്നു എന്നതൊഴിച്ചാൽ ദിവസങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല അയാൾക്ക്‌.

ഇഷിഗാമിയുടെ അപ്പാർട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാർട്ട്മെന്റിലാണ് യസുകൊ എന്ന സ്ത്രീയും അവരുടെ കൗമാരക്കാരിയായ മകളും താമസിക്കുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ്-അയാളുടെ ശല്യം സഹിക്കാനാകാതെ- ഒളിവിൽ താമസിക്കുകയാണ് അവർ.
അതീവ സുന്ദരിയായ യസുകൊ, വളർന്നു വരുന്ന മകളുടെ ഭാവിയെ മുൻനിർത്തിയാണ്  നിശാ ക്ലബുകളിലെ ജോലി അവസാനിപ്പിച്ച്‌  ഈ സ്ഥലത്തേക്ക് വരുവാൻ തീരുമാനിച്ചത്. ഇഷിഗാമി സ്ഥിരമായി ഭക്ഷണം വാങ്ങുന്ന കടയിലാണ്  ഇപ്പോൾ അവർ ജോലിചെയുന്നത്.അയൽക്കാരായിരുന്നിട്ടും ,എല്ലാ ദിവസവും കാണുമായിരുന്നിരുന്നിട്ടും, അവർ തമ്മിൽ വലിയ അടുപ്പമൊന്നും പുറമേ കാണിക്കാറുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം, തന്നെത്തേടിയെത്തുന്ന മുൻ ഭർത്താവുമായി യസുകൊ വഴക്കുണ്ടാക്കുന്നു. അത് ഒടുവിൽ അയാളുടെ മരണത്തിനു കാരണമാകുന്നു.ബഹളം കേട്ട്    എത്തുന്ന ഇഷിഗാമിയോട് ,ആദ്യം മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുവെങ്കിലും, ഒടുവിൽ  എല്ലാം തുറന്നു പറയുന്നു. ഇഷിഗാമി അവരെ സഹായികുവാൻ തയാറാകുന്നു. താൻ പറയുന്നത് അതേപടി അനുസരിക്കുകയാണെങ്കിൽ  രക്ഷപെടുവാൻ സാധിക്കുമെന്ന്  അയാൾ ഉറപ്പു നല്കുന്നു.തുടർന്ന്  കഥ, വ്യത്യസ്തമായ മാനങ്ങളിലേക്ക് വ്യാപിക്കുന്നു.

തൊട്ടടുത്ത ദിവസം, സമീപത്തെ നദിക്കരയിൽ , മുഖവും കൈവിരലുകളും പൊള്ളിച്ച്  തിരിച്ച്  അറിയുവാൻ കഴിയാത്ത വിധത്തിൽ  ഒരു അക്ഞാത ശവശരീരം കണ്ടെത്തുന്നു . മറ്റ് സൂചനകളിൽ നിന്ന് അത് യസുകൊ യുടെ മുൻ ഭർത്താവ് തന്നെയെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു.സ്വാഭാവികമായും അന്വേക്ഷണം യസുകൊയെയും മകളെയും കേന്ദ്രീകരിച്ചാകുന്നു.എന്നാൽ  സംഭവം നടക്കുവാൻ ഇടയുണ്ടെന്ന് പോലീസ് അനുമാനിക്കുന്ന സമയത്ത് ഇരുവരും സിനിമ തീയറ്ററിലും കരോകീ ബാറിലും(Karaoke) ആയിരുന്നുവെന്ന്  തെളിയിക്കുന്ന ടിക്കറ്റുകൾ  കുസനാഗി എന്ന സമർഥനായ അന്വേക്ഷണ ഉദ്യോഗസ്ഥനെ കുഴക്കുന്നു . സാഹചര്യ തെളിവുകളുടെയും , യസുകൊ-യ്ക്ക്  ഒറ്റയ്ക്ക്  കുറ്റകൃത്യം ചെയ്യുവാൻ കഴിയില്ല എന്ന നിഗമനത്തിന്റെയും അടിസ്ഥാനത്തിൽ അന്വേക്ഷണം ക്രമേണ ഇഷിഗാമിയിലേക്ക് കൂടി വ്യാപിക്കുന്നു. കുറ്റകൃത്യം  മറച്ചുവയ്ക്കുവാൻ സൂക്ഷ്മ ബുദ്ധി ഉപയോക്കുന്ന ഒരു ജീനിയസും ,യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുവാൻ നിരീക്ഷണ പാടവും സമർത്ഥന ബുദ്ധിയും  ഉപയോഗിക്കുന്ന മറ്റൊരു ജീനിയനും തമ്മിലുള്ള ബൌദ്ധിക വടംവലിയാണ്, തുടർന്ന്  ഇതിനെ രസകരമാക്കി മാറ്റുന്നത് .കുസനാഗിയുടെ സുഹൃത്തും  ഇഷിഗാമിയുടെ  സഹപാഠിയുമായ യുക്കാവ എന്ന ഫിസിക്സ്  പ്രൊഫസർ ഉം  കഥയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

നോവലിന്റെ അവസാന ഭാഗങ്ങൾ കുറ്റാന്വേക്ഷണ കഥകളോട്  നീതി പുലർത്തുന്ന തരത്തിലായി എന്ന്  പറയുവാൻ കഴിയുന്നില്ല .കഥ പുരോഗമിക്കുന്ന മുറയ്ക്, വായനക്കാർക്കും  അന്വേക്ഷണ ഉദ്യോഗസ്ഥർക്കും  ഒരുപോലെ വസ്തുതകൾ ലഭ്യമാക്കുക എന്നത് ഇത്തരം കഥകളുടെ അനിവാര്യമായ ഒരു സ്വഭാവ ഗുണമാണ് . വായനക്കാരന് , താനും ഉൾപ്പെടുന്ന , ഒരു സംഘമാണ് കുറ്റം തെളിയുക്കുന്നത് എന്ന പ്രതീതി ഉണ്ടാകണം .അതല്ലാതെ വായനക്കാരന് ലഭ്യമല്ലാത്ത ചില വിവരങ്ങൾ ,കഥയുടെ അവസാനത്തിൽ , ഒന്നോ രണ്ടോ അദ്ധ്യായങ്ങളിൽ വെറുതെ പറഞ്ഞു പോയാൽ, വാർത്തമാന പത്രത്തിൽ വരുന്ന ഒരു റിപ്പോർട്ട്‌ വായിക്കുന്നത് പോലെ മാത്രമേ അനുഭവപ്പെടൂ.  എന്തിനു വേണ്ടിയാണ്  ഇഷിഗാമി ഇതെല്ലം ചെയതത് എന്ന ചോദ്യത്തിനു യുക്തി ഭദ്രമായ ഒരു ഉത്തരം നൽകുന്നതിൽ കഥാകാരൻ  വേണ്ടത്ര വിജയിച്ചതായി തോന്നുന്നില.ഇഷിഗാമി എന്ന കഥാപാത്രത്തിന്റെ ആത്മസമർപ്പണം(ഡിവോഷൻ)  മാത്രമാണ്  ഇവിടെ പല ചോദ്യങ്ങള്ക്കും ഉത്തരമായി  നല്കാൻ  കഴിയുന്നത്‌.നോവലിന്റെ പേരിനോട്  നീതി പുലർത്തുന്നുണ്ടെങ്കിലും , ഒരു കുറ്റാന്വേക്ഷണ കഥ യുടെ ഭംഗി ചോർത്തിക്കളയുകയോ കുറഞ്ഞ പക്ഷംദുർബലപ്പെടുത്തുകയോ ചെയ്യുന്നു വെന്ന്  പറയാതെ വയ്യ.


കലാസൃഷ്ടികളിലെ  അനുകരണങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടണമോ എന്ന ബൌദ്ധിക സമസ്യയുടെ ഉത്തരം, ഒരു സാധാരണ നോവലിനേയും സിനിമയെയും അധികരിച്ച് തേടുന്നത്  എത്രത്തോളം യുക്തി സഹജമാണെന്ന് നാം ചിന്തിക്കണം.ഒരു  പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രീയംകരമായി മാറിയ ഒന്നിനെ അതെ ചേരുവകയിൽ മറ്റൊരിടത്ത്  അവതരിപ്പിക്കുന്നത്‌ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല.ഇവിടെയാണ്  ദൃശ്യം സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നത്.കഥയുടെ പ്രധാന ആശയം മുകളിലിൽ പറഞ്ഞ നോവലിൽ നിന്ന് കടം കൊണ്ടതാണ് എന്ന കാര്യത്തിൽ തർക്കമില്ല എന്നാൽ അതിനെ മലയാളിക്ക് ഉൾക്കൊള്ളുവാൻ പാകത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്  ഇവിടെ നാം കാണേണ്ടുന്ന ഏറ്റവും വലിയ മേന്മ . അക്കാദമിക് ജീനിയസായ,അതി സമർഥനായ ഇഷിഗാമിയിൽ നിന്ന് സാധാരണക്കാരനായ,നാലാം ക്ലാസുവരെ മാത്രം പഠിച്ച ,തികച്ചും ഗ്രാമീണനായ ജോർജുകുട്ടിയിലേക്കുള്ള പരിണാമം അതിന്റെ ഏറ്റവും വലിയ തെളിവാണ്. അയാൾ ഇതൊക്കെ എന്തിന് ചെയ്യുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ രണ്ടാമതൊന്നു ആലോചിക്കണം എന്നു തോന്നുന്നില്ല. അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും ഉത്തരം പകൽ പോലെ വ്യക്തം.മിതമായ പാത്രസൃഷ്ടി എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യമാണ്.ആർക്കും പറഞ്ഞാൽ മസിലാകാത്ത കാര്യങ്ങൾ മാത്രം പറഞ്ഞു നടക്കുന്ന ഒരു സൂപ്പർ ജീനിയസ് ആയിരുന്നു ഇതിലെ നായകൻ എങ്കിൽ കഥ ഇത്ര ആസ്വദകരമായി തോന്നുമായിരുന്നില്ല.അതുപോലെ നോവലിലെ കുസനാഗിക്കും യുക്കാവ യ്ക്കും സമാനമായി കുറ്റം തെളിയിക്കുവാൻ ബുദ്ധി കൂർമ്മത മുറ്റി നിൽക്കുന്ന ഒരു പോലീസ് ഓഫീസറും അയാളുടെ സുഹൃത്തും ചിത്രത്തിൽ ഇല്ലാതെ പോയതും നല്ല ഒരു മാറ്റമായിത്തോന്നി.  ഒരു കച്ചവട സിനിമയിൽ നിന്ന് മലയാളീ പ്രേക്ഷകർ,നാം,ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കുന്നത് ?സാധാരണ പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന ഒരു സാധാരണ കുടുബചിത്രം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ അംഗീകാരം.

പുസ്തകത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  









3 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കൊള്ളാം. ആ കഥയെ കുറീച്ച് മുന്‍പ് കേട്ടിരുന്നില്ല

unnama പറഞ്ഞു...

വായനയ്ക്ക് നന്ദി ! ദൃശ്യത്തെ കുറിച്ചുള്ള ശ്രീ യുടെ പോസ്റ്റും വായിക്കുവാനിടയായി.ചിന്തകൾ ഒരു പോലെയാണെന്ന് അറിയുന്നതിൽ സന്തോഷം.

Dipulal പറഞ്ഞു...

unni... never heard about this novel before.... i think as per the current social condition it should be justified....

Related Posts with Thumbnails