2014, ജനുവരി 15, ബുധനാഴ്‌ച

സാങ്കേതിക മുന്നേറ്റങ്ങൾ - 2013

കൃത്യമായി ഭാവി പ്രവചിക്കുക അസാദ്ധ്യമാണ്  എന്നാൽ നിലവിലുള്ള സൂചകങ്ങൾ ഉപയോഗിച്ച് ഭാവിയെ നോക്കിക്കാണുന്നത് രസകരമായ കാര്യമാണ് . സാങ്കേതിക രംഗത്ത്  2013 സംഭവിച്ച അത്തരം വ്യതിയാനങ്ങളിൽ ഏറ്റവും പ്രധാന്യമേറിയ  പത്ത്  എണ്ണത്തെ അവതരിപ്പിക്കുകയാണിവിടെ . ശാസ്‌ത്ര സാങ്കേതിക രംഗത്തെ ഏറ്റവും മികച്ച പ്രസിദ്ധീകരണം ആയ MIT ടെക്നോളജി റിവ്യൂ വിന്റെ സയിന്റിഫിക് ബ്രേക്ക്‌ ത്രൂസ് ഓഫ് 2013 നിന്ന്

1)ഡീപ്  ലേർനിങ്
മനുഷ്യ മനസിനെ കൃത്രിമമായി നിർമ്മിക്കുവാൻ കഴിയുമോ? അതിനുള്ള  സാദ്ധ്യതകൾ ശാസ്ത്രലോകം അന്വേക്ഷിച്ച്‌  തുടങ്ങിയിട്ട്  കാലം കുറെയായി . ഈ അടുത്ത കാലം വരെ കംപ്യൂട്ടർ ബുദ്ധിക്ക്  പരിമിതികൾ ഉണ്ടായിരുന്നു. ഇത്തരം പരിമിതികളെ ക്രമേണ അകറ്റി ,ചുറ്റുമുള്ള സാഹചര്യങ്ങളിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച്  ബുദ്ധിപൂർവമായ  തീരുമാനങ്ങൾ എടുക്കാൻ കെല്പുള്ളവയാണ്  ഇന്നത്തെ കംപ്യൂട്ടറുകൾ . പറയുന്നതെന്തും അപ്പടി ചെയ്യുന്ന ഒന്നിൽ നിന്ന് വിവേകത്തെ സന്നിവേശിപ്പിക്കുന്ന ശാഖയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടക്കുകയുണ്ടായി. വർദ്ധിച്ചു വരുന്ന കംപുട്ടെഷൻ കഴിവിനെ ഉപയോഗപ്പെടുത്തിയാണ്  ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് പുതിയ വാതായനങ്ങൾ തുറക്കുന്നത് .1950 കളിൽ രൂപമെടുത്ത ന്യുറൽ നെറ്റ്‌വർക്ക് എന്ന ശാഖയിലേക്ക് ഗൂഗിൾ പോലെയുള്ള കംപനികൾ ഇതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുന്നു .മറ്റു പല മേഖലകളിലേക്കും വ്യാപിപ്പിക്കാവുന്ന ചില മുന്നേറ്റങ്ങൾ 2013 -ൽ ഈ രംഗത്ത്‌ നടക്കുക ഉണ്ടായി



2) സ്നാപ്  ചാറ്റ്
ഇന്റർനെറ്റ് ഉം സോഷ്യൽ നെറ്റ്വർക്ക്കളും നമ്മുടെ സ്വകാര്യതയെ കാർന്നു തിന്നുന്നു എന്ന മുറവിളിക്ക്  ഇന്റർനെറ്റിനോളം പ്രായമുണ്ട് . ഒരിക്കൽ  പറഞ്ഞു പോയാൽ  ഒരിക്കലും മാറ്റാൻ സാധിക്കാത്തവിധം വലയ്ക്അകത്ത്  കുടുങ്ങി കിടക്കും എന്നതിന്  പരിഹാരമായ് വന്നിരിക്കുന്ന പുതിയ സംവിധാനം ആണ്  സ്നാപ് ചാറ്റ് . ഒരു നിശ്ചിത സമയശേഷം സ്വയം ഇല്ലാതാകുന്ന സംവിധാനമാണിത് .കേവലം പത്തു സെക്കന്റ്‌ മാത്രം പ്രത്യക്ഷ പെടുന്ന ഇത്തരം ഫോട്ടോ മെസ്സേജുകൾ സ്വീകരിക്കുന്ന വ്യക്തി സ്ക്രീൻ ഷോട്ട്  എടുക്കുകയോ മറ്റോ ചെയ്താൽ  അത് അയച്ച വ്യക്തിയെ  അറിയിക്കുകയും ചെയ്യും. മെസ്സേജുകൾ സൂക്ഷിച്ചു വയ്കപ്പെടതിരിക്കുവാൻ ഇത് മാത്രം പര്യാപ്തമല്ല എങ്കിലും 'താത്കാലിക' സോഷ്യൽമീഡിയ ഒരു പുതിയ വഴിത്തിരിവാണ് .

3) ഗർഭസ്ഥശിശുവിന്റെ  ഡി ൻ എ  വായന
ജനനത്തിനു മുൻപ് കുട്ടിയുടെ ജനിതക വിവരങ്ങൾ  അറിയുവാൻ കഴിയുക എന്നത്  രോഗ നിർണയരംഗത്ത്  ഏറെ  പ്രയോജനമുള്ള ഒരു കാര്യ മാണ് . എന്നാൽ മാതാവിനും കുഞ്ഞിനും യാതൊരു ദോഷവും സംഭവിക്കാതെ , സുരക്ഷിത മായി ഇത്തരം ഒരു കാര്യം ചെയ്യുവാൻ ഈ അടുത്ത കാലം വരെ കഴിയില്ലായിരുന്നു . എന്നാൽ അമ്മയുടെ രക്തത്തിൽ നിന്ന് കുട്ടിയുടെ  ജീൻ  സീക്വൻസു കൾ  മനസിലാക്കാൻ കഴിയുന്ന ചില മാർഗങ്ങൾ  ഈ രംഗത്തെ ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നു. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഈ മുന്നേറ്റങ്ങൾ ഒരു മുതൽക്കൂട്ടായി മാറും എന്ന് വിലയിരുത്തപ്പെടുന്നു .

4)അഡിറ്റീവ്  മാനുഫാക്ച്ചറിംഗ്
 മാനിഫാക്ച്ചറിംഗ്  രംഗത്ത്  പുതിയ ഒരു വാഗ്ദാനമാണ്  അഡിറ്റീവ്  മാനുഫാക്ച്ചറിംഗ് .
വളരെ വ്യാപക മായി അറിയപ്പെടുന്ന ത്രിഡി പ്രിന്റിംഗ് ന്റെ (3 D Printing) വ്യാവസായിക രൂപമാണ്  അഡിറ്റീവ്  മാനുഫാക്ച്ചറിംഗ്. വളരെയധികം കൃത്യത വേണ്ടതും  സങ്കീർ ണവുമായ  ഭാഗങ്ങൾ ഉണ്ടാക്കുവാൻ ഈ പുതുയ വിദ്യ ഗുണം ചെയ്യുമെന്നു ഈ രംഗത്തെ വിദഗ്ധർ കരുതുന്നു . ജെറ്റ് വിമാനങ്ങളുടെ ഇന്ധന കുഴലുകളുടെ അഗ്രം നിർമ്മിക്കുവാൻ  ജനറൽ ഇലക്ട്രിക്‌ പോലെയുള്ള കന്പനികൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. നിർമ്മാണ വേളയിലെ കുറഞ്ഞ വെയിസ്റ്റും കൃത്യതയും ആണ്  ഇതിന്റെ എറ്റവും പ്രധാന മേന്മ. വരും നാളുകളിൽ ഒട്ടേറെ നിർമാണങ്ങൾ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും എന്ന് വിലയിരുത്തപ്പെടുന്നു

5) നവീന സോളാർ പാനലുകൾ 
 ഊർജപ്രതിസന്ധിയുടെ ശാശ്വത പരിഹാരം സൌരോർജ്ജത്തിലാണ്  എന്ന് ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ട് കാലം കുറച്ചായി. എന്നാൽ  ഒരു മുടക്കുമുതലും ഇല്ലാതെ , ആവശ്യാനുസരണം ലഭ്യമായ പ്രകൃതിയുടെ ഈ വരദാനത്തെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതിൽ  നമുക്ക് പല പരിമിതികളും ഉണ്ടായിരുന്നു. സോളാർ പാനലുകളുടെ കാര്യ പ്രാപ്തി ആയിരുന്നു  ഏറ്റവും പ്രധാനപ്പെട്ട ഒരു കീറാ മുട്ടി . ഈ രംഗത്ത് വന്ന ചില പുതിയ മാറ്റങ്ങൾ നമുക്ക് കൂടുതൽ പ്രതീക്ഷ നല്കുന്നു . സൂര്യപ്രകാശത്തെ കൂടുതൽ കേന്ദ്രീകരിപ്പിച്ച് ,വർദ്ധിത  കാര്യപ്രാപ്തി നേടിയെടുക്കാൻ കഴിയുന്നവയാണ്  പുതിയ പുതിയ പാനലുകൾ.

6)സൌഹൃദ റോബോട്ടുകൾ 
 ശാസ്ത്ര -സാങ്കേതികരംഗത്ത്  റോബോട്ടുകളുടെ  വരവ്   ഒരു പുതിയ യുഗപ്പിറവി തന്നെ ആയിരുന്നു . മനുഷ്യന് എത്തിപ്പെടാൻ  കഴിയാത്തതോ സുരക്ഷിതമല്ലാത്തതോ ആയ സാഹചര്യങ്ങളിൽ റോബോട്ട്കൾ നമ്മെ സഹായിക്കാൻ തുടങ്ങി.  എങ്കിലും സാധാരണ വ്യവസായങ്ങൾക്ക്  എളുപ്പം ഉപയോഗപ്പെടുത്തുവാൻ പാകത്തിന്  അവ ലഭ്യമായിരുന്നില്ല . വേണ്ടിവരുന്ന കൂടുതൽ മുതൽമുടക്കും വേണ്ടവിധം ഉപയോഗപ്പെടുത്താൻ വേണ്ടിവരുന്ന സങ്കീർണതയും ഇതിന്റെ പ്രധാന കാരണങ്ങൾ ആണ് . ഇതിന്  പരിഹാരമായാണ് ബാക്സ്റ്റർ  എന്ന കുഞ്ഞൻ റോബോട്ടുകളുടെ വരവ് . താരതമ്യേന വില കുറവ് ആണെന്ന് മാത്രമല്ല നമുക്ക് വേണ്ടുന്ന രീതിയിൽ അവയെ പരിശീലിപ്പിച്ചെടുക്കാം എന്നതാണ്  അതിന്റെ ഏറ്റവും വലിയ മേന്മ . ഗൂഗിൾ ഉൾപ്പെടെ യുള്ള പല കംപനികളും  ഇത്തരം റോബോട്ട് കളിലേക്ക്  ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരിക്കുന്നു എന്നത് തന്നെ ഇതിന്റെ പ്രാധാന്യം വെളിവാക്കുന്നു.

7)സൂപ്പർ ഗ്രിഡുകൾ
ലോകം നേരിടുന്ന ഊർജ പ്രതിസന്ധിയുടെ  ഒരു പ്രധാന കാരണം പ്രസരണ നഷ്ടം ആണ് . ഇതിനു ഒരു പരിധിവരെ പരിഹാരം കാണാൻ സാധ്യതയുള്ള ഒരു സാങ്കേതിക മുന്നേറ്റം ആണ് സൂപ്പർ ഗ്രിഡ് കൾ എന്നറിയപ്പെടുന്നത് . ദീർഘ ദൂര ഹൈ വോൾട്ടേജ്  പ്രസരണത്തിന് ഡി സി (DC) ഉപയോഗിക്കാം എന്നതാണ് ഇതിന്റെ മേന്മ. വിൻഡ് മില്ലുകളും  സോളാർ ഫാംകളും വഴി  നിർമ്മിക്കപ്പെടുന്ന വൈദ്യുതി വളരെ അകലെയുള്ള ജനവാസ കേന്ദ്രങളിൽ ഫലപ്രദമായി എത്തിക്കുവാൻ ഈ മുന്നേറ്റത്തിനു കഴിയും എന്നും  ഇത് ക്ലീൻ എനർജി ചിന്തകർക്ക്‌ പുതിയ ഉന്മേഷം പകരും എന്നും വിലയിരുത്തപ്പെടുന്നു .

8)സ്മാർട്ട്‌ വാച്ചുകൾ
കണ്‍സ്യുമർ  ഇലക്ട്രോണിക്സ്‌  രംഗം അതിവേഗം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് . ഇതിൽ ഏറ്റവും ശ്രദ്ധേയമായി നോക്കിക്കാണേണ്ടുന്നത്  മനുഷ്യന് ധരിക്കാവുന്ന സ്മാർട്ട്‌ ഉപകരണങ്ങൾ ആണ് .ഈ വിഭാഗത്തിലെ ആദ്യ ചുവടു വെയ്പ്പാണ്  സ്മാർട്ട്‌ വാച്ചുകൾ . കേവലം സമയം നോക്കുവാനുള്ള ഒരു ഉപകരണം എന്നതിൽ നിന്ന് ,നമ്മുടെ കല്പനകൾക്ക്  അനുസരിച്ച് കാര്യങ്ങൾ ചെയ്യുവാൻ ശേഷിയുള്ള ഇത്തരം ഉപകരണങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും എന്ന കാര്യത്തിൽ തർക്കമില്ല. സാം സങ്ങും ഗൂഗിളും ആപ്പിളും എല്ലാം ഈ രംഗത്ത് ചുവടുറപ്പിക്കുവാൻ ശ്രമങ്ങൾ തുടങ്ങി ക്കഴിഞ്ഞു .

9)'ഓർമ  മാറ്റ' ശസ്തക്രീയകൾ
അവയവ മാറ്റ ശസ്തക്രീയകൾ  ഇന്ന്  സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ശാസ്ത്ര ലോകത്തിന്  ഒട്ടും പിടിതരാതെ നിന്നിരുന്ന  ഒന്നാണ്  ഓർമ . അപകടങ്ങളോ  മറ്റ്  രോഗങ്ങൾ  മൂലമോ പ്രായം മൂലമോ ഓർമനഷ്ടപ്പെട്ടു തുടങ്ങിയാൽ , അവ പരിഹരിക്കുക എന്നത് തികച്ചും അസാദ്ധ്യമായ  ഒന്നായിരുന്നു . ഈ അവസ്ഥയ്ക് മാറ്റം വരാൻ  പോകുന്നു തലച്ചോറിലെ ഇലട്രോണിക് ഇംപ്ലാന്റുകൾ  മുഖേന ദീർഘകാല  ഓർമയുമായി  ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുവാൻ  ആകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു .

10)സാമൂഹിക വിവരശേഖരം
സാമൂഹിക മാറ്റങ്ങൾ വിലയിരുത്തുവാനും മറ്റും വിവരശേഖരം നടത്തുക എന്നത്  ഒരു സാധാരണമാർഗമാണ് . സമൂഹത്തിലെ കുറ്റവാസനകൾ , പകർച്ചവ്യാധികൾ എന്നിവയുടെ
തോത് കൃത്യമായി മനസിലാകുവാൻ സാമൂഹിക ശാസ്ത്രകാരന്മാർ  ഉപയോഗിക്കുന്ന ഒരു  മാർഗമാണ് . (നമ്മുടെ സെൻസസ്  വിവര ശേഖരണം ഉദാഹരണമാണ് ) . ഇത്തരം മാർഗങ്ങൾ  ചെലവ് ഏറിയതും സമയം പിടിക്കുന്നതുമാണ് . ഇതിനു പരിഹാരമായാണ് എളുപ്പമുള്ള വിവരശേഖരണ മാർഗങ്ങൾ  ശാസ്ത്രകാരന്മാർ അന്വേക്ഷിച്ചു തുടങ്ങിയത്, ഒരു സമൂഹത്തിന്റെ  സെൽഫോണ്‍ വിവര ശേഖരത്തിൽ നിന്ന് ഇത്തരം അനുമാനങ്ങൾ നടത്താൻ കഴിയും എന്ന് MIT യിലെ ഒരു കൂട്ടം ഗവേഷകർ തെളിയിച്ചിരിക്കുന്നു.വികസിച്ചുവരുന്ന രാജ്യങ്ങളിൽ ഈ നവീന രീതികൾ വൻ സാദ്ധ്യതകളാണ്  തുറന്നിടുന്നത് .

ലേഖനം പൂർണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക












അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails