2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

നയൻ പോയിന്റ്‌ സീറോ ആൻഡ്‌ ബിയോണ്ട് (Nine point zero and beyond )

 ഐ ഐ ടി യിൽ നിന്ന്  എൻജിനിയറിംഗ്  ബിരുദം ; അമേരിക്കയിൽ ഉപരിപഠനം ; ഇൻവെസ്റ്റ്‌മെന്റ്  ബാങ്കിംഗ്  മേഖലയിൽ ഉയർന്ന പദവി; ജീവിത വിജയത്തിന്  മറ്റൊന്നും ആവശ്യമില്ല എന്ന് കരുതുന്ന രവിശങ്കർ അയ്യർ എന്ന പാലക്കാടൻ മലയാളിയുടെ കഥ പറയുന്ന നോവൽ  ആണ്  രേഷ്മ ആനന്ദ് -ന്റെ  നയൻ പോയിന്റ്‌  സീറോ ആൻഡ്‌  ബിയോണ്ട് (9 .0 and beyond ). പുസ്തകമായി പ്രസിദ്ധീകരിക്കുന്ന ആദ്യ നോവൽ ആണിതെങ്കിലും , പക്വമതിയായ ഒരു എഴുത്തുകാരിയെയാണ്  നാം ഇതിൽ കാണുന്നത് .ലളിതമായ ഭാഷാ ശൈലിയും  ഇഴച്ചിലോ വലിച്ചു നീട്ടലോ ഇല്ലാത്ത ആഖ്യാന രീതിയും പ്രശംസയർഹിക്കുന്നു . അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന ഒരു കൃതിയാണിത് .

ഐ ഐ ടി എൻട്രൻസ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്ന ദിവസം,പാലക്കാട്ടെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിൽ അരങ്ങേറുന്ന ഒരു രംഗം വിവരിച്ചു കൊണ്ടാണ്  കഥ തുടങ്ങുന്നത് . എല്ലാവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട്‌  രവിശങ്കർ  അയ്യർ ഉയർന്ന റാങ്കോടെ പ്രവേശനം നേടുന്നു.ഐ ഐ ടി യിൽ  "സാങ്കി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രവി , മാറ്റ് (മാത്യു)  , സാറ്റ (സന്തോഷ്‌) തുടങ്ങിയ മറ്റു മലയാളികളുമായി സൌഹൃതത്തിലാകുന്നു  . ഉത്പതിക്ഷ്ണുക്കളായ ഇവർ ഉന്നത പഠനത്തിനു അമേരിക്കയിലേക്ക്  പോകുന്നു.സുഹൃത്തുകൾ എങ്കിലും  സാങ്കി യുടെ ജീവിത വീക്ഷണം മറ്റുള്ളവരിൽ നിന്ന്  തികച്ചും വ്യതസ്തമായിരുന്നു. ജോലിയിൽ ഉന്നത പദവി അലങ്കരിക്കുന്നതും കൂടുതൽ പണം സമ്പാദിക്കുന്നതും  മാത്രമാണ്  ജീവിതവിജയം എന്ന് കരുതിയ  അവൻ വ്യക്തി ബന്ധങ്ങളെ, തന്റെ നേട്ടത്തിന്റെ ചവിട്ടുപടി കൾ ആയി മാത്രം കാണുന്നു .  നേട്ടങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക്  അവൻ വന്ന വഴികൾ മറക്കുന്നു .



തന്റെ നാടും  നാട്ടാരും എന്തിന്  വീട്ടുകാർ  പോലും അവനു നാണക്കേടായും അധികപ്പറ്റായും  തോന്നുന്നു .വൈകാരികമായ ഒട്ടേറെ തളർച്ച നേരിടുന്ന രവി , തന്റെ ഔദ്യോഗിക യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ഗായത്രി എന്ന സാമൂഹിക പ്രവർത്തകയുടെ സ്വാധീനത്തിൽ നാട്ടിൽ തിരിച്ചെത്തി അവരെ വിവാഹം കഴിക്കുന്നു . ഗ്രാമ വാസികൾക്ക്  വേണ്ടി  അവർ ചെയ്തിരുന്ന സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളി ആവുക മാത്രമല്ല ; 'മാറ്റി' നെയും 'സാറ്റ' യെയും  ഉൾപ്പെടുത്തി ആ സംരംഭം വിപുലീകരിക്കുകയും  ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.

സാങ്കിയെ ചില ജീവത യാഥാർത്യങ്ങൾ  പഠിപ്പിക്കുവാൻ വേണ്ടി പല കഥാപാത്രങ്ങളെയും  കഥാസന്ദർഭങ്ങളേയും  കഥാകാരി ഇതിൽ  ഉപയോഗിക്കുന്നുണ്ട് .അമേരിക്കൻ കുടുംബ ജീവിതത്തിന്റെ നിരർത്ഥത ബോധ്യമാക്കാൻ  ഹാർഡ് വാർഡ്‌  പഠന കാലത്ത്  കണ്ടുമുട്ടുന്ന 'കാഞ്ചൻ' എന്ന സ്ത്രീയുമായുള്ള സൌഹൃതം . ബന്ധങ്ങളുടെ ഊഷ്മളത പഠിപ്പിക്കുവാൻ   ഗൾഫിലെ മരുഭുമിയിൽ കഷ്ടപ്പെടുന്ന കുഞ്ഞുമോൻ എന്ന ഡ്രൈവറുമായി നടത്തുന്ന സംഭാഷണങ്ങൾ , സായിപ്പിനേക്കാൾ വലിയ സായിപ്പാണ്‌  നാം എന്ന് സ്വയം നടിച്ചാലും ,വെള്ളക്കാരിൽ സ്വതവേ ഒളിഞ്ഞിരിക്കുന്ന  പുച്ഛഭാവവും ,അത്  ഒരുവൻറെ  ആത്മാഭിമാനത്തിനു പറയുന്ന  വിലയെക്കുറിച്ച്  ബോധ്യപ്പെടുത്തുവാൻ അമേരിക്കൻ കൂട്ടുകാരിയുടെ കുടുംബവുമായുള്ള കൂടിക്കാഴ്ച . തുടങ്ങിയവ അവയിൽ  ചില ഉദാഹരണങ്ങൾ  മാത്രം. ഇവയിലെല്ലാം,  കഥാപാത്രങ്ങൾ നേരത്തേ എഴുതി തയ്യാറാക്കിയ അച്ചടിഭാഷ സംസാരിക്കുന്നതായി തോന്നി . ഒരിക്കലും ഭാരതത്തിലേക്ക്  തിരികെ വരില്ല എന്ന്  ഉറപ്പിച്ചിരുന്ന സാങ്കി ,നാട്ടിൽ തിരിച്ചെത്തിയ ശേഷവും തലപൊക്കുന്ന  'തൃപ്തിയില്ലാഴ്മ'  യുടെ പേരിൽ  തന്റെ അടുത്ത കൂട്ടുകാരോടു പോലും തട്ടിക്കയറുന്നു. പൊടുന്നനെ  ഒരു ഗ്രാമീണ ചായക്കടിൽ പണിയെടുക്കുന്ന ഒരു ബാലനെ കാണുന്നതോടെ  മനസ് മാറി, തന്റെ നിലപാടുകൾ തിരുത്തുന്നു. ഒരു വൈമാനികൻ, മറ്റു മാർഗമില്ലാതെ, വിമാനം ഇടിച്ചിറക്കി രക്ഷപെടുന്നത് പോലെ , കഥ അവസാനിപ്പിക്കുവാൻ വേണ്ടി അവലംബിച്ച ഒരു രക്ഷാമാർഗം മാത്രമായാണ്  ഇതു വായിച്ചപ്പോൾ എനിക്ക്  തോന്നിയത് .കഥയുടെ ക്ളൈമാക്സിൽ അമേരിക്കൻ ഉപരിപഠനത്തിന്റെ സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന അപ്പു എന്ന കൌമാരക്കാരനും തികച്ചും കൃത്രിമമാണെന്ന തോന്നൽ  ഉളവാക്കി. വായനക്കാരെ  ഭാവനയുടെ ലോകത്തേക്ക്  കൊണ്ട് പോകുന്നില്ല  എന്ന് മാത്രമല്ല ,കഥാ സന്ദർഭങ്ങൾക്ക്  ചാരുത  പകരുന്ന 'സംഗതി'യുടെ അഭാവം കൂടി വായനക്കാരെ അലോസരപ്പെടുത്തുന്നു

ചേതൻ ഭാഗത്തിന്റെ നോവലുകളുമായുള്ള സാമ്യമാണ്  ഇതിൽ  ആദ്യം മുതല്ക്കേ എനിക്ക്തോ ന്നിയത് . 'അനുകരണം' എന്ന കടുത്ത വാക്ക്  ഉപയോഗിക്കുവാൻ  കഴിയില്ല  എങ്കിലും  കഥയുടെ പേരു  മുതൽ ഒട്ടേറെ സാമ്യങ്ങൾ  എവിടെക്കൊയോ ഒളിഞ്ഞു കിടപ്പുണ്ട് .

കൊട്ടിഘോഷിക്കപ്പെടുന്ന യുവ എഴുത്തുകാരുടെ കൃതികൾ പലതും , ഒന്ന് രണ്ടു പേജുകൾക്ക്‌ അപ്പുറം വായിക്കുന്നത്  ശ്രമകരമായ ഒരു ജോലിയായി പലപ്പോഴും തോന്നിയിട്ടുണ്ട് . അതുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ആദ്യ സംരഭമായ,  ഈ രചനയിലൂടെ  രേഷ്മ  പ്രതീക്ഷയുടെ ഒരു തിരിനാളം വച്ച്  നീട്ടുന്നുണ്ട് . എന്നെ പോലുള്ള സാധാരണയിൽ സാധാരണക്കാരായ വായനക്കാരുടെ , വികാരങ്ങൾ കൂടി മനസിലാക്കി  ഇനി വരാനിരിക്കുന്ന സൃഷ്ടികൾ ഉജ്ജ്വലമാക്കുമെന്നു പ്രത്യാശിക്കുന്നു .

പുസ്തകം വാങ്ങാം 


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails