2012, നവംബർ 25, ഞായറാഴ്‌ച

ദി ഹിഡന്‍ റിയാലിറ്റി

നാം കാണുന്ന  ഈ മഹാ പ്രപഞ്ചം, എങ്ങനെ ഇപ്രകാരം ഉണ്ടായി നിലനിന്നു പോരുന്നു എന്ന ചോദ്യം മനുഷ്യനെ എക്കാലവും അതിശയിപ്പിച്ചിരുന്ന ഒന്നാണ്. ഇതിന്റെ നിവാരണത്തിനായി നാം ഒരു ശാസ്ത്രകാരനെയും ഒരു തത്വശാസ്ത്രകാരനേയും സമീപിക്കുന്നു എന്ന് കരുതുക.തികച്ചും വ്യത്യസ്തമായ തലത്തില്‍ നില്‍ക്കുന്നവയും, പരസ്പരം സമരസപ്പെട്ടു പോകാത്തവയും ആയ ഉത്തരങ്ങള്‍ ആണ്  അവര്‍  കുറച്ചു കാലം മുന്‍പുവരെ നമുക്ക് നല്‍കിയിരുന്നത്. എന്നാല്‍ ശാസ്ത്രം കൂടുതല്‍ പോരോഗമിച്ചപ്പോള്‍ ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ ആയിരുന്ന പലതും സയന്‍സ്  ഫാക്റ്റ് ആയി മാറിയപ്പോള്‍ , അത്ഭുതം എന്ന് പറയട്ടെ , ശാസ്ത്രം തത്വശാസ്ത്രവും ആയി കൂടുതല്‍ അടുത്തു.  നാം ഈ കാണുന്ന ലോകം അനേക ലോകങ്ങളില്‍ ഒന്ന് മാത്രമാകമെന്നും , നമ്മെ പോലെ ഒരുവന്‍ മറ്റൊരു ലോകത്ത് ഇതേ സമയം ഇതേ രീതിയില്‍ മറ്റൊരു പ്രപഞ്ച നിയമത്തിനു വിധേയമായി നിലനില്‍ക്കുണ്ടാകാം എന്നും ഒക്കെ ശാസ്ത്രം പറയുംപോള്‍  'ശാസ്ത്ര' ത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളാണ്  മാറ്റി എഴുതപ്പെടുന്നത്‌ .  ഇപ്രകാരം  നമ്മുടെ സാമാന്യ ബുദ്ധിക്ക് , പിടികൊടുക്കാന്‍  മടിച്ച്  നില്‍ക്കുന്ന ഒട്ടേറെ ശാസ്ത്ര നിഗമനങ്ങളെ മനോഹരമായി വിവരിക്കുന്ന ഒരു പുസ്തകം ആണ്  ബ്രയന്‍ ഗ്രീനിന്റെ(Brian Greene) ദി ഹിഡന്‍ റിയാലിറ്റി (The Hidden Reality). 2011 -ല്‍  പുറത്തിറങ്ങിയ ഈ പുസ്തകം ഭൌതിക ശാസ്ത്ര രംഗത്തെ ഏറ്റവും നൂതനമായ  കാഴ്ചപ്പാടുകളാണ്  വിശദീകരിച്ചിരിക്കുന്നത് .  ലാര്‍ജ് ഹൈഡ്രോണ്‍  കൊലൈഡര്‍(Large Hadron Collider)  പോലെയും  ഹിഗ്ഗ്സ് ബോസോണ്‍  കണങ്ങള്‍ (Higgs Boson) പോലെയും ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്  നില്‍ക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്നുവെന്നത്  വായനയ്ക്  പുതിയ മാനം നല്‍കുന്നു .



നാം ദിവസവും സംവദിക്കുന്ന ഈ ലോകത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിയമങ്ങള്‍ ഉള്ള മറ്റൊരു പ്രപഞ്ചമുണ്ടാകുമോ? ഭൌതിക ശാസ്ത്രത്തിന്റെ അന്വേക്ഷണം പ്രധാനമായും രണ്ടായി തിരിക്കാം ഒന്ന്  നമ്മുടെ കണ്ണിനു മുന്പില്‍ കാണുന്ന ചെറിയ വസ്തുകള്‍ മുതല്‍ ഭീമന്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും  അനുസരിക്കുന്ന ന്യുട്ടോണിയന്‍ ചലന നിയമങ്ങളും , നമ്മുടെ കണ്ണുകള്‍ക്ക്‌ ഗോചരമല്ലാത്ത സബ് അറ്റോമിക് കണങ്ങള്‍ അനുസരിക്കുന്ന  ക്വാണ്ടം മെക്കാനിക്സും.വളരെ വലുതും വളരെ ചെറുതും ,നമ്മുടെ അറിവ്  എന്ന  സ്പെക്ട്രത്തിന്റെ രണ്ടറ്റത്തെയും അവ മനോഹരമായി വിശദീകരിച്ചു പോന്നു. എന്നാല്‍ ബ്ലാക്ക്‌ ഹോള്‍സിനെ പോലെ,ഈരണ്ടു ഗണത്തിലും പെടുത്താന്‍ കഴിയാത്ത സ്വഭാവ ഗുണമുള്ള വസ്തുക്കളുടെ കണ്ടുപിടുത്തം ഭൌതിക ശാസ്ത്രകാരന്മാരെ കുഴക്കി . അവ നിലവിലുണ്ടായിരുന്ന  പരീക്ഷണ സംവിധാനങ്ങള്‍ക്ക്  വഴങ്ങാതെ വന്നപ്പോഴാണ്   ആണ്  ശാസ്ത്രം  അതിന്റെ അന്വേക്ഷണ-നിരീക്ഷണ സ്വഭാവം അപ്പാടെ മാറ്റിമറിക്കാന്‍ നിര്‍ബന്ധിതമായാത് . ഇവിടം മുതല്‍ ആണ് പരീക്ഷണ ഫലങ്ങളില്‍ കര്‍ക്കശക്കാരനായിരുന്ന  ശാസ്ത്രം, പ്രോബബിലിറ്റി എന്ന ഗണിത ശാസ്ത്ര സങ്കേതവുമായി കൂട്ടുപിടിച്ച് ,  ഫിലോസഫിയെ  പോലെ വഴിമാറി നടന്നു തുടങ്ങിയത് . ഇങ്ങനെ വഴിമാറി നടന്ന ശാസ്ത്രത്തിന്റെ സന്തത സഹചാരി കളില്‍ ഒരാളാണ്  ബ്രയന്‍ ഗ്രീന്‍ .ഭൌതിക ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ സാധാരണ വായനക്കാര്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ സമര്‍ഥനായ  അദ്ദേഹത്തിന്റെ ഏറ്റവും പുതിയ  പുസ്തകം ആണ് ഹിഡന്‍ റിയാലിറ്റി.കടുപ്പമേറിയ  ഭൌതിക ശാസ്ത്ര സിദ്ധാന്തങ്ങളെ ചെറു കണികകളാക്കി ,വളരെ സരസമായി അവതരിപ്പിക്കുന്നതില്‍ ഗ്രീനിന്റെ പാടവം ഒരിക്കല്‍ കൂടി ഈ പുസ്തകം വിളിച്ചു പറയുന്നു . പാരലല്‍ യുണിവേഴ്സ് (Parallel Universe) എന്ന ആശയത്തില്‍ കേന്ദ്രീകൃതമായിരിക്കുന്ന ഇത്  , അദ്ദേഹത്തിന്റെ  എലഗന്റ് യുണിവേഴ്സ്(Elegant Universe) - എന്ന പുസ്തകത്തെക്കാളും  പ്രയാസമേറിയ ഒന്നാണ് .  ഗ്രീനിന്റെ തന്റെ ഭാഷ കടം എടുത്താല്‍ സാക്ഷാല്‍  ന്യുട്ടണ്‍ -ന്റെ മനസിനെ പോലും അന്പരപ്പിക്കുന വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് .

പ്രപഞ്ച പ്രതിഭാസങ്ങളെ എല്ലാം വിശദീകരിക്കാന്‍ കഴിയുന്ന ഒരു ഏകീകൃത  നിയമ സംഹിത ഉണ്ടാക്കാന്‍ ഭൌതിക ശാസ്തകാരന്മാര്‍ പരിശ്രമം തുടങ്ങിയിട്ട് കാലം കുറെയായി .നമുക്ക് കാണാന്‍ കഴിയാത്ത ലോകത്തെ പ്രവചിക്കുവാന്‍, ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവും തമ്മിലുള്ള അഭേദ്യമായ  ബന്ധം നമ്മെ സഹായിക്കുന്നു. പരീക്ഷണ തെളിവുകള്‍ ഇല്ലാതെ, കേവലം സാധ്യതാ പഠനങ്ങള്‍ മുഖ വിലക്കെടുക്കകയാണെങ്കില്‍, അനന്തമായ സാധ്യതകളും 'സാധ്യമാണ്' എന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടിവരുന്നു.ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ  പാകത്തില്‍  ഇവിടുത്തെ താപനിലയും ,അന്തരീക്ഷ ഘടനയും മറ്റും മറ്റും ആര്  ക്രമീകരിച്ചു എന്ന  ചോദ്യത്തിനു ഇക്കൂട്ടര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ :നാം ഒരു ചെരുപ്പുകടയില്‍ നിന്ന് നമുക്ക് പാകത്തിനുള്ള ഒരു ചെരുപ്പ് തിരഞ്ഞെടുക്കുന്പോള്‍  നമ്മുടെ അളവിന്  കിറു കൃത്യമായി ചെരുപ്പ് കടക്കാരന്‍ എങ്ങനെ ചെരുപ്പ് നിര്‍മ്മിച്ചു എന്ന് അതിശയിക്കുന്നത് പോലെ യാണ് ഈ പ്രപഞ്ചം എങ്ങനെ ജീവന് യോഗ്യമായെതെന്നു അത്ഭുതപ്പെടുന്നത്, മറിച്ച്  ചെരിപ്പുകടയില്‍ സാധ്യമായ എല്ലാ അളവിലെയും ചെരുപ്പ് ഉണ്ടാകുന്നതും അവയില്‍ നിന്ന് നമുക്ക് പാകപ്പെടുന്ന ഒന്ന് തിരഞ്ഞെടുക്കുന്നത്  പോലെ ,   താപനിലക്കും അന്തരീക്ഷ ഘടനയ്ക്കും സാധ്യമായ എല്ലാ അളവിലും ഉള്ള അനേക  യുണിവേഴ്സുകളില്‍ ഒന്ന് മാത്രമാണ് നമ്മുടേത്‌ എന്ന് ചിന്തിക്കുകയാണെങ്കില്‍ അതില്‍  അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് മാത്രമല്ല , യുക്തിസഹജമാണ് താനും.

 ബിഗ്‌ ബാങ്ങില്‍(The Big Bang Theory) നിന്ന്  നമ്മുടെ യൂണിവേഴ്സ് ഉണ്ടായി എന്ന് വിശ്വസിക്കുന്നതിന് സമാനമായി , അനേക ബിഗ്‌ ബാങ്ങ് കളില്‍ നിന്ന് അനേക ബബിള്‍ യൂണിവേഴ്സ് കള്‍(Bubble Universe)  ഉണ്ടായി എന്ന് സമര്‍ഥി ക്കുന്ന  ക്യുല്‍റ്റഡ്  മള്‍ടിവേഴ്സ് (Quilted Multiverse). ഒരു ബ്രഡിന്റെ ലോഫ് (Bread Loaf )ന്റെ പ്രതലം പോലെയാണ് നമ്മുടെ യൂണി വേഴ്സേന്നും  ബ്രഡ് പാക്കിലെ മറ്റ് ലോഫ് കളെ പോലെ അനേകം യൂണിവേഴ്സ് കള്‍ ഉണ്ടെന്നു സമര്‍ ഥിക്കുന്ന സ് ട്രിങ് തിയറിയില്‍  അധിഷ്ഠിതമായ ബ്രയിന്‍ മള്‍ടിവേഴ്സ് (Brane Multiverse). ബിഗ്ബാങ്ങിനെയും സ് ട്രിങ് തിയറിയെയും(String Theory) കൂട്ടുപിടിക്കുന്ന സൈക്ക്ലിക് മള്‍ടിവേഴ്സ് (Cyclic Multiverse), നാം ഈ ലോകത്ത് കാണുന്നതെല്ലാം മറ്റെവിടെയോ  നടക്കുന്ന സംഭവ പരന്പരകളുടെ പ്രൊജക്ഷന്‍(Projection) ആണെന്ന് സമര്‍ഥിക്കുന്ന ഹോളോഗ്രാഫിക് മള്‍ടിവേഴ്സ്(Holographic Multiverse). അനന്തമായ കുന്നുകളും  താഴ്‌വരകളും പോലെ യാണെന്ന് സമര്‍ഥിക്കുന്ന ലാന്‍ഡ്‌സ്കേപ് മള്‍ടിവേഴ്സ്(Landscape Multiverse).ഇന്‍ഫ്ലെഷനറി കോസ്മോളജിയില്‍ (Inflationary Cosmology)അധിഷ്ഠിതമായ ഇന്‍ഫ്ലെഷനറി മള്‍ടിവേഴ്സ്(Inflationary Multiverse). ക്വാണ്ടം മെക്കാനിക്സില്‍(Quantum Mechanics) അധിഷ്ഠിതമായ ക്വാണ്ടം മള്‍ടിവേഴ്സ്(Quantum Multiverse). കംപ്യുട്ടര്‍ സിമുലേഷനില്‍(Computer Simulation)അധിഷ്ഠിതമായ സിമുലെറ്റഡ്  മള്‍ടിവേഴ്സ്(Simulated Multiverse). ഇവയാണ് പ്രധാനമായും  ഗ്രീന്‍ ഈ പുസ്തകത്തില്‍ വിവരിക്കുന്ന വിവിധ തരം മള്‍ടിവേഴ്സുകള്‍. പിന്തുടരുവാനും മനസിലാക്കുവാനും അല്പം പ്രയാസമുള്ള ഈ വിശദീകരണങ്ങള്‍ എല്ലാം കഴിയുന്നത്ര ലളിതമായും സരസമായും ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്‌.

ഇത്തരം കാര്യങ്ങളെ കണ്ണടച്ചു വിശ്വസിക്കുവാനോ  തൊണ്ടതൊടാതെ വിഴുങ്ങുവാനോ അല്ല ഗ്രീന്‍ ഈ ഗ്രന്ഥത്തിലൂടെ ആഹ്വാനം ചെയ്യുന്നത് , മറിച്ച്  അനേകായിരം ശാസ്ത്രകാരന്മാര്‍ ഉള്‍പ്പെട്ട LHC പോലെയുള്ള പരീക്ഷണങ്ങള്‍ നമുക്ക് വിശ്വസിക്കുവാന്‍ പാകത്തിനുള്ള തെളിവുകള്‍ ഇന്നല്ലെങ്കില്‍ നാളെ പ്രദാനം ചെയ്യും എന്ന ശുഭാപ്തി വിശ്വാസമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് . ഭൂമിയാണ്‌ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന വിശ്വാസത്തെ കോപ്പര്‍നിക്കസ് (Nicolaus Copernicus)മാറ്റിമറിച്ചത് പോലെ , പ്രപഞ്ചത്തെ കുറിച്ചുള്ള കൂടുതല്‍ ശാസ്ത്രതത്വങ്ങള്‍ പുറത്ത് വരും എന്നും ,അത്  മുകളില്‍ വിവരിക്കപ്പെട്ട സാധ്യതാ മള്‍ടിവേഴ്സുകള്‍ ഒന്നിനെ വാസ്തവമായി തെളിയിക്കും എന്നും അദ്ദേഹം വിവരിക്കുന്നു .

ഒറ്റ വായനയില്‍ എല്ലാം മനസിലാക്കണം എന്ന വാശി ഉപേക്ഷിച്ച് , ആധുനീക ഭൌതീകശാസ്ത്ര ഗവേഷണങ്ങളുടെ ദിശ കാണിച്ചുതരുന്ന ഒരു ഗൈഡ് ആയി വേണം വായനക്കാര്‍ ഇതിനെ സമീപിക്കെണ്ടുന്നത് . പുനര്‍ വായനകളിലൂടെയും, മനനത്തിലൂടെയും മാത്രം ഗ്രഹിക്കാന്‍ കഴിയുന്ന ഒട്ടേറെ വസ്തുതകളെ കണ്ട് ഭയന്ന് തിരിഞോടാതിരിക്കാന്‍ ഈ മുന്നറിയിപ്പ് അനിവാര്യമാണെന്ന്  പല പുസ്തക നിരൂപകരും കരുതുന്നു  . 


ഈ വിഷയത്തെ കുറിച്ച്  കൂടുതല്‍ ആഴത്തില്‍ മനസിലാകാന്‍ താഴെ കാണുന്ന വീഡിയോ കാണുക :

2 അഭിപ്രായങ്ങൾ:

Fenn പറഞ്ഞു...

Regarding the video...
Great simple & crisp explanations by Brian Greene, as always.

Too shallow and narrow - the other guy, Amir??..

unnama പറഞ്ഞു...

True..

But he is also a well known guy.
http://en.wikipedia.org/wiki/Amir_Aczel.

So may be his style of interviewing

Related Posts with Thumbnails