2013, മേയ് 12, ഞായറാഴ്‌ച

കെ .രേഖ യുടെ "പ്രകാശ്‌ രാജും ഞാനും"

"പെയ്തൊഴിയാത്ത ഓർമ്മകൾ മനസ്സിനെന്നും ജീവനാണ് .വർഷങ്ങൾ പലതു കഴിഞ്ഞിട്ടും മങ്ങാതെ തെളിഞ്ഞു കത്തുന്ന  ഒരു പിടി ഓർമകളെ  മനസിൽ നിന്ന് പുറത്തെടുക്കുകയാണ്  ഈ പുസ്തകത്തിൽ രേഖ ചെയ്യത്" . പുസ്തകത്തിന്റെ പുറം ചട്ടയിലെ ഈ വാചകങ്ങൾ ആണ് കെ .രേഖ യുടെ  "പ്രകാശ്‌ രാജും ഞാനും" എന്ന കുറിപ്പുകളുടെ  സമാഹാരത്തെ വളരെ ചെറിയ ഒരു അവധി കഴിഞ്ഞുള്ള മടക്ക യാത്രയിൽ വായനയ്ക്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് . എഴുപതു പേജുകൾ മാത്രമുള്ള വളരെ ചെറിയ ഈ പുസ്തകം കണക്കു കൂട്ടലുകൾ തെറ്റിച്ചില്ല. ലളിതമായ വിഷയങ്ങളും സരസ്സമായ എഴുത്തും , യാത്രാക്ഷീണവും മറ്റും കൊണ്ട് അസ്വസ്ഥമായിയിരുന്ന മനസിനെ വേണ്ട രീതിയിൽ തന്നെ പരിപാലിച്ചു എന്നു തന്നെ വേണം പറയാൻ. മലയാളത്തിൽ നിന്ന്  അന്യമായിക്കൊണ്ടിരിക്കുന്നു എന്ന്  നിരൂപകർ  പരാതി പ്പെടുന്ന ,  "നേരം പോക്ക് "  വായനയ്ക്ക്  രേഖ യുടെ പുസ്തകങ്ങൾ കണ്ണടച്ച്  തിരഞ്ഞെടുക്കാം എന്ന്  ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

നമ്മുടെ ഹൃദയത്തോട്  അടുത്തുനിൽക്കുന്ന,വൈവിധ്യമായ വിഷയങ്ങളെ  ആസ്പദമാക്കിയുള്ള ഈ കുറിപ്പുകൾ  ആത്മകഥാംശമുള്ളവയാണ് . എഴുത്തുകാരിയുടെ മനോവ്യാപാരങ്ങളുടെ ഭേദപ്പെട്ട ഒരു  ചിത്രം വരയ്ക്കാൻ ഇവയ്ക്ക്  കഴിഞ്ഞിട്ടുമുണ്ട്.ഇങ്ങനെ രൂപപ്പെടുന്ന ചിത്രം ഒരു ശരാശരി വായനക്കാരന്റെ മനോവ്യാപാരത്തോട്  വളരെ അടുത്ത്  നില്ക്കുന്ന ഒന്നാണ്  എന്നതിന്നാൽ രേഖ യെ തങ്ങളിൽ ഒരാളായി കാണാൻ വായനക്കാരന് എളുപ്പം സാധിക്കുന്നു . ഇത് വായനയുടെ ആസ്വാദ്യതയിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല . ജീവിതത്തിന്റെ  പല ഘട്ടങ്ങളിൽ നാം പരിചയപ്പെടുന്ന വിവിധ തരം ബന്ധങ്ങളും അവയിൽ ഇണ പിഴിയാതെ കിടക്കുന്ന പ്രണയവും സ്നേഹവും നൊന്പരങ്ങളും മറ്റുംമാണ്  , വളരെ ചുരുക്കിപ്പറഞ്ഞാൽ  , ഇവയുടെ ഇതി വൃത്തം .


പാർക്കിൻസൻ രോഗം ബാധിച്ച അമ്മയുമായുള്ള ബന്ധം വരച്ചു കാട്ടുന്ന "പ്രകാശ്‌ രാജും ഞാനും" . എണ്‍പതുകളിൽ  മലയാള സിനിമയുടെ കാമുകപരിവേഷമായിരുന്ന വേണു നാഗവള്ളിയും ആയുള്ള രഹസ്യ "വണ്‍വേ" പ്രണയത്ത്ന്റെ കഥ പറയുന്ന  "നിഗൂഡം ,നിധിശേഖരം" . പ്രശസ്ത എഴുത്തുകാരനായ   എൻ.മോഹനനും ആയുള്ള ആത്മബന്ധം  വിളിച്ചു പറയുന്ന  "സ്നേഹത്തിന്റെ എഴുത്തച്ഛനെക്കുറിച്ച് ". ക്ളാസ്  മുറികളിലെ  സൌന്ദര്യപ്പിണക്കങ്ങളെ  ജീവിതവും ആയി ബന്ധിപ്പിക്കുന്ന "ആ അരമാർക്ക്".കൌമാര പ്രണയത്തിന്റെ  കഥ പറയുന്ന "വാടാത്ത ചിലത്" . 'ബന്ധങ്ങളാണ്  നമ്മെ അഹങ്കാരികളാക്കുന്നത് , ഉന്നത ബന്ധങ്ങൾ അല്ല സ്നേഹ ബന്ധങ്ങൾ'  എന്ന്  ഉദ്ഘോഷിക്കുന്ന , ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട  അപരിചിതനായ  ഒരു മാഷിന്റെ  കഥപറയുന്ന "സ്നേഹത്തിന്റെ അഹങ്കാരങ്ങൾ" . എഴുത്തുകാരനായ ടി വി കൊച്ചുബാവയുടെ  ജീവിതം ആസ്പദമാക്കിയ "കൊച്ചു വേവലാതികൾ". കോളേജ്  പഠന സമയത്ത്  തകർന്നു എന്ന്  എല്ലവരും  വിധി എഴുതിയ ഒരു പ്രണയവും വർഷങ്ങൾക്ക്  ശേഷം അതിന്റെ ശുഭ പര്യവസാനവും പറയുന്ന "ഒലിപ്രം കടവ് :ഒരു മംഗളം ,ശുഭം കഥ" . ജീവിതത്തിലെ  കഷ്ടപ്പാടുകളും  ഓണം പോലെയുള്ള ആഘോഷങ്ങൾ സാധാരണകാർക്ക്  സമ്മാനിക്കുന്ന  സംഘർഷങ്ങൾ   പരാമർശിക്കുന്ന  "എള്ളോളമില്ല പൊളികൾ" . ക്യാമ്പസ്‌  പ്രണയത്തിന്റെ നൊന്പരങ്ങൾ പങ്കുവെയ്ക്കുന്ന  ഹൃദയത്തിന്റെ വേരുകൾ  . നാടിൻപുറത്തെ ഒരു സാധാ പ്രൈമറിസ്കൂളിലേക്ക്  നമ്മെ കൊണ്ടു പോകുന്ന  "പെരുക്കപ്പട്ടിക"  തുടങ്ങി  പതിമൂന്  കുറിപ്പുകളാണ്  ഇതിലുള്ളത്.

ഉള്ളടക്കത്തിന്റെ  വ്യത്യസ്തതയോ പുതുമയോ മുകളിൽ വിവരിച്ച കുറിപ്പുകൾക്കൊന്നും അവകാശ പ്പെടാനില്ലെങ്കിലും , വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാത്ത  ശൈലിയിൽ അവതരിപ്പിക്ക പ്പെട്ടിരിക്കുന്നു എന്നത്  ഒരു മേന്മയായിത്തന്നെ എടുത്തു പറയണം. അതുപോലെ തന്നെ വിഷയത്തിന്റെ ലാളിത്യം കൊണ്ടും അവയിലെ തനി നാടൻ പശ്ചാത്തല സന്നിവേശം കൊണ്ടും   ഇവയിൽ ഓരോന്നിലും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോ വായനക്കാരനും അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കായിതീരുകയും ചെയ്യുന്നു.

സങ്കീർണ്ണമായ ജീവിത പ്രശ്നങ്ങൾ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന,നിത്യ ജീവിതത്തിലെ ഒടുങ്ങാത്ത തിരക്കുകൾക്കിടയിൽ  വീണു കിട്ടുന്ന ചെറിയ ഇടവേള കളിലോ , ഉറക്കം കാത്ത് കിടക്കുന്ന പത്തു നിമിഷത്തിലോ , എന്തിന് ഒരു ട്രാഫിക്  ബ്ളോക്കിനിടയിൽ   പോലും, ഒരു ശരാശരി മലയാളി വായനക്കാരന് വായിച്ച് ആസ്വദിക്കാവുന്ന ഒരു പുസ്തകം .


അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails