2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

Autobiography of a Yogi

ലോകത്തില്‍ ഇന്നു വരെ പുറത്തിറങ്ങിയിട്ടുള്ള ഏറ്റവും മികച്ച,തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന, നൂറു സ്പിരിച്വല്‍ (Spiritual) ഗ്രന്ഥങ്ങളില്‍ ഒന്ന്, 18 ഇതര ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ട റിലീജിയസ്  ക്‌ ളാസിക്ക് (Religious Classic),പുറത്തിറങ്ങി അമ്പതു വര്‍ഷത്തില്‍ അധികമായിട്ടും ഇന്നും പ്രസക്തി നഷ്ടപ്പെട്ടില്ലാത്ത മനോഹരമായ സൃഷ്ടി! . പരമഹന്സ യോഗനന്ദ യുടെ  "ഓട്ടോ ബയോഗ്രഫി ഓഫ്  എ യോഗി" (Autobiography of a Yogi)എന്ന പുസ്തകമാണ്  മുകളില്‍ പറഞ്ഞ അസംഖ്യം  വിശേഷണങ്ങളിലൂടെ നമ്മുടെ ക്യൂരിയോസിറ്റിയെ തൊട്ടുണര്‍ത്തുന്നത് .ഒരു യോഗിയുടെ ജീവിത കഥയെ  ഇത്രമാത്രം ജനപ്രീയമാക്കിയത്  എന്തായിരിക്കും  എന്ന ചോദ്യമാണ്  വയനയക്ക്‌  മുന്‍പ് നമ്മെ അമ്പരപ്പിക്കുന്നത്  എങ്കില്‍  'ജീവിത കഥ' മാത്രം അല്ല അതിലൂടെ പറയപ്പെടുന്ന യഥാര്‍ഥ സത്യാന്വേക്ഷണ മാര്‍ഗമാണ്  അതിനെ മനോഹരമാക്കുന്നത് എന്ന് വായനയ്ക്ക്  ശേഷം നമുക്ക് മനസിലാകും .പൌരസ്ത്യ ദര്‍ശനങ്ങളെ ,പാശ്താത്യ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ എടുക്കേണ്ടുന്ന എല്ലാ മുന്‍കരുതലുകളും യോഗനന്ദ എടുക്കുന്നുണ്ട് .വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിച്ചു,അവരുടെ കാഴ്ചപ്പാടുകളും ജീവിത ശൈലികളും ഒക്കെ നന്നായി അടുത്തറിഞ്ഞ ശേഷം എഴുതപ്പെട്ട ഗ്രന്ഥമായതിനാല്‍ ,ഭാരതീയദര്‍ശനങ്ങളുടെ  അന്തസത്തയെ ഒന്നും അടിയറ വയ്കാതെതന്നെ, അവശ്യമായ ഉദാഹരണങ്ങളിലൂടെയും മിതമായ ഭാഷയിലൂടെയും, വായനക്കാരനെ മുഷിപ്പിക്കാതെ , കാര്യമാത്ര പ്രസക്തമായി തന്നെ  അവതരിപ്പിച്ചിട്ടുണ്ട് .ഒന്നാലോചിച്ചാല്‍ , പാശ്തത്യര്‍  മാത്രം അല്ല നാമും തീര്‍ച്ചയായും വായിച്ചിരിക്കെണ്ടുന്ന ഒരു പുസ്തകം തന്നെയാണിത് .

1893 -ല്‍ ഘോരാക് പൂറില്‍ ആണ്  മുകുന്ദ ലാല്‍ ഘോഷ്  ജനിക്കുന്നത് . നാഗ്പൂര്‍ റെയില്‍വേസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ,കുടുംബിനിആയ അമ്മയും ,സഹോദരങ്ങളും അടങ്ങിയ ഒരു സാധാരണ കുടുംബം .ജനസേവനവും ,ആത്മീയഗുരുക്കളും മായുള്ള അടുപ്പവും ഒക്കെ ഉണ്ടായിരുന്നെങ്കിലും മകന്‍  ഒരു യോഗി ആയി ലോക പ്രസ്തനായി തീരണമെന്നോ തീരുമെന്നോ ആ മാതാപിതാക്കള്‍  സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ മുകുന്ദന്  ചെറുപ്പം മുതല്‍ തന്നെ ആത്മീയ കാര്യങ്ങളില്‍ വലിയ താത്പര്യം ആയിരുന്നു . കൂട്ടുകാരും ഒന്നുച്ചു വീട്ടില്‍ അറിയാതെ, ഹിമാലയത്തിലേക്ക് നാടുവിട്ടതും ,പിടിക്കപ്പെട്ടതും ഒക്കെ ചെറുപ്പത്തിന്റെ വികൃതികളായിരുന്നെങ്കിലും , ദൈവ നിയോഗം പോലെ മുകുന്ദന്‍ തന്റെ ഗുരുവിനെ കണ്ടെത്തുന്നു . ഡിഗ്രീ പഠനം പൂര്ത്തിയാകിയത്തിനു ശേഷം മുകുന്ദന്‍ സന്സ്യാസം സ്വീകരിച്ചു പരമഹന്സ യോഗനന്ദ ആയിത്തീരുന്നു  .തുടര്‍ന്ന് തന്റെ ഗുരുവിന്റെ നിര്‍ദേശ പ്രകാരം ഭാരതീയ യോഗവിദ്യ യുടെ അന്തസത്ത പാശ്ചാത്യ ലോകത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ വേണ്ടി അമേരിക്കയില്‍ എത്തുകയും , അവിടെ ആശ്രമങ്ങള്‍ സ്ഥാപിച്ച്  സെല്‍ഫ് റിയലൈസേഷന്‍ കോഴ്സുകള്‍ (Self-Realization)ആരംഭിക്കുകയും , ലോകത്തെമ്പാടും അനേക ലക്ഷം ശിഷ്യ വൃന്ദത്തെ നേടിയെടുക്കുകയും ചെയ്യുന്നു.  ഇതാണ്   യോഗാനന്ദയുടെ ജീവിതത്തിന്റെ വളരെ ചുരുക്കിയുള്ള ഒരു വിവരണം . തന്റെ വ്യക്തിപരമായ ജീവിതത്തിനു അമിതമായ പ്രാധാന്യം കല്പിച്ചു ,സ്വയം മഹാനായി ചിത്രീകരിക്കുന്നതിന്  പകരം, താന്‍ യോഗി മാര്‍ഗത്തില്‍ ചരിക്കുന്നതിനു മുന്‍പും അതിനു ശേഷവും  ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന മറ്റു മഹാ യോഗിമാരുമായുള്ള കൂടികഴ്ച്ചകളും അനുബന്ധസംഭവങ്ങളും  വിവരിക്കുവാനും , അതിലൂടെ ഭാരതീയയോഗ വിദ്യയുടെ മഹിമ യിലേക്ക്  വായനക്കാരനെ കൊണ്ട് പോകുവാനും ആണ്  യോഗനന്ദ ശ്രമിച്ചിരിക്കുന്നത് .

നമ്മുടെ സാധാരണ ചിന്തകള്‍ക്ക് , ഗ്രഹിക്കാന്‍ പ്രയാസമുള്ള ഒട്ടേറെ സംഭവങ്ങള്‍ ഇതില്‍ വിവരിക്കുന്നുണ്ട്.ഉദാഹരണമായി ,ആത്മീയതയെ കൂടുതല്‍ അറിയാന്‍ ആയി മുകുന്ദന്‍ ഒരു ആശ്രമത്തില്‍ ചേരുന്നതായി പുസ്തകം വിവരിക്കുന്നു , എന്നാല്‍ അവിടുത്തെ അന്തേവാസികളും ആയി പൊരുത്തപ്പെട്ടുപോകുവാന്‍ വിഷമിക്കുന്ന സമയത്താണ്  യുക്തെശ്വര്‍ എന്ന ഗുരു വിനെ കണ്ടു മുട്ടുന്നത് . തന്റെ കുടുബത്തിനും അടുപ്പം ഉണ്ടായിരുന്ന ലാഹിരി മഹാസായ(Lahiri Mahasaya) എന്ന യോഗി ആയിരുന്നു യുക്തെശ്വര്‍ന്റെയും(Yukteswar Giri) ഗുരു എന്നും ,വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മുകുന്ദന്‍ ഒരു യോഗി ആയി തീരുമെന്ന് മഹാസായ മുകുന്ദന്റെ മാതാപിതാക്കള്‍ -ളോടായി പ്രവചിചിരുന്നും എന്നും ഒക്കെ വായിക്കുമ്പോള്‍ നാം അത്ഭുതപ്പെട്ടുപോകും. ഇതുപോലെ നിത്യ ജീവിതത്തില്‍ നാം ധാരാളം കേള്‍ക്കുകയും , ആമാത്രയില്‍ തന്നെ 'അസംഭവ്യ മെന്നും  പച്ചകള്ളമെന്നും ' വിലയിരുത്തുന്ന ഒട്ടേറെ സംഭവങ്ങള്‍ ഇതിലുടനീളം വന്നു പോകുന്നുണ്ട് . മറ്റു മഹായോഗി കളുടെ അത്ഭുതപ്രവര്‍ത്തികളെ കുറിച്ചുള്ള വിവരണവും നമ്മെ(സംശയത്തിന്റെ ?) മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകും . അന്തരീക്ഷത്തില്‍ നിന്ന് സുഗന്ധം പുറപ്പെടുവിക്കുന്ന  പെര്‍ഫും സൈന്റും(Perfume Saint) ,ക്രൂരമൃഗങ്ങളെ യോഗവിദ്യ കൊണ്ട് അനുനയിപ്പിക്കുന്ന  ടൈഗര്‍ സ്വാമിയും(Tiger Swami) ,ഒരിക്കലും ഉറങ്ങാത്ത സ്ലീപ്‌ ലെസ്സ് സൈന്റും(The Sleepless Saint) , ഒരിക്കലും ആഹാരം കഴിക്കാത്ത യോഗിനിയും(Giri Bala) , ഒരേ സമയം രണ്ടു വ്യക്തിയായി നിലനില്‍ക്കുന്ന സ്വാമിയും ഒക്കെ നമ്മെ അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ആണ് .
സാധാരണക്കാര്‍ക്ക് സംശയം നിലനില്‍ക്കുന്ന ഒട്ടേറെ കാര്യങ്ങളെ വളരെ ലളിതമായി അവതരിപ്പിക്കുവാന്‍ യോഗാനന്ദ ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ട് . ഒരു യോഗിയും സ്വാമിയും തമ്മിലുള്ള വ്യത്യാസം എന്താണ് ? സൂര്യ ചന്ദ്ര നക്ഷത്രാദികള്‍ക്ക്  മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ ? രത്നങ്ങളും കല്ലുകളും ഒക്കെ ധരിക്കുന്നത്  ഒരിവനില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുമോ ? അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മഹാ യോഗികള്‍ക്ക്  ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും  ഒരുമിച്ചു അവസാനിപ്പിക്കുവാന്‍ കഴിയാത്തെന്തുകൊണ്ട് ? ശൂന്യതയില്‍ നിന്ന് വസ്തുക്കളെ സൃഷ്ടിക്കലുംനിഗ്രഹിക്കലും സാധ്യമാണോ ,മരണശേഷം  ആത്മാവുംആയുള്ള സംവാദവും, ഉയര്‍ത്തെഴുനെല്പ്പും, ഒക്കെ യാഥാര്‍ഥ്യം ആണോ ? തുടങ്ങിവ അതില്‍ ചിലത് മാത്രമാണ് . വായിക്കുന്ന എല്ലാ തരക്കാരെയും പൂര്‍ണമായും അനുനയിപ്പിക്കാന്‍ പോന്ന വിശദീകരണങ്ങള്‍ ഉണ്ടായിരിക്കില്ല എങ്കിലും  ആവശ്യമായ സമയങ്ങളില്‍ ആധുനീകശാസ്ത്രകണ്ടുപിടുത്തങ്ങളും മറ്റും ഉള്‍പെടുത്തി നല്ല ഒരു വിശദീകരണം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുനുണ്ട് .യോഗവിദ്യ യിലൂടെ മറ്റുള്ള വരുടെ ചിന്തകള്‍ അറിയാന്‍ മാത്രമല്ല അവരെ സ്വാധീനിക്കുവാനും കഴിയും എന്ന്  ഒന്നിലേറെ സംഭവങ്ങളിലൂടെ യോഗനന്ദ വിശദീകരിക്കുന്നുണ്ട് . ഇതൊക്കെ വിശ്വസിക്കുവാന്‍ ആണെങ്കിലും അവിശ്വസിക്കുവാന്‍ ആണെങ്കിലും നാം ഇനിയും ഒരുപാട്  കാര്യങ്ങള്‍ വായിക്കുകയും ഗ്രഹിക്കുകയും വേണം എന്ന ശുഭ ചിന്തയും , ആ അന്വേക്ഷണത്തിനുള്ള ഒരു തുടക്കമായും ഈ വായനെ കണ്ടാല്‍ മതി .

പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന പതഞ്‌ജലിയുടെ  യോഗശാസ്ത്രത്തെ(Yoga Sutras of Patajali) ആധാരമാക്കി രൂപകല്‍പന ചെയ്ത  'ക്രിയ യോഗ' (Kriya Yoga) സംവിധാനത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ യോഗനന്ദ വഹിച്ച പങ്ക് വളരെ വലുത് തന്നെയാണ് . ആദ്യം സൂചിപ്പിച്ചത് പോലെ പാശ്ചാത്യര്‍ക്ക് മനസിലാകുന്ന രീതിയില്‍ , ക്രിസ്തുമതവുമായി ഒക്കെ താരതമ്യ പ്പെടുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നത്  എടുത്തു പറയത്തക്ക ഒരു കാര്യം തന്നെയാണ് .യേശുദേവന്‍ തന്റെ ജീവിത്തില്‍ കാണിച്ചു കൊടുത്ത അത്ഭുത പ്രവര്‍ത്തികളും അടിസ്ഥാനപരമായി ഇതേ യോഗവിദ്യതന്നെയാണ്  എന്ന്  മനസിലാക്കി കൊടുക്കുകയും , അതുവഴി ആരും അറിയാതെയും അംഗീകരിക്കാതെയും, കിടന്നിരുന്ന മഹത്തായ ഒരു വിക്ഞാന ശാഖ തുറക്കുകയും ചെയ്തു എന്നതാണ്  യോഗനന്ദ യുടെയും ഈ പുസ്തകത്തിന്റെയും ഏറ്റവും വലിയ നേട്ടം.തെരീസീ നുമന്‍ (Therese Neumann) പോലെയുള്ള മറ്റു മതസ്ഥരായ മഹാ യോഗികളുമായി ഉള്ള കൂടികാഴ്ച്ചകളും ബൈബിള്‍ -ലെയും ക്രിസ്തീയ പുരോഹിതന്‍ മാരുടെ വചനങ്ങളും ഒക്കെ ഈ പുസ്തകത്തില്‍ ഉടനീളം വരച്ചു കാട്ടുന്നത് , മതത്തിന്  അതീതമായി കാര്യങ്ങളെ കാണാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു.അതുപോലെ തന്നെ ലൂതര്‍ ബര്‍ബന്ക് (Luther Burbank) പോലെയുള്ള ആധുനീക  പാശ്താത്യ ശാസ്ത്രകാരുമായുള്ള ചങ്ങാത്തം ഇതിനു മതത്തെയും ശാസ്ത്രത്തെയും ബന്ധിപ്പിക്കുന്ന, അതിനൊക്കെ അതീതമായ  മറ്റൊരു മുഖം കൂടി നല്‍കുന്നു .
മഹാത്മാ ഗാന്ധി , ജഗദീഷ് ചന്ദ്ര ബോസ്, രവീന്ദ്ര നാഥ ടാഗോര്‍ തുടങ്ങിയ മഹാരഥന്മാരുമായുള്ള ചങ്ങാത്തവും സംവാദങ്ങളും യോഗനന്ദയ്ക്ക്  കൂടുതല്‍ വിശാലമായ ഒരു മാനം നല്‍കുന്നു.ഹിന്ദു മതത്തിലെ ഒരു സന്യാസി മത പ്രചാരണത്തിന് വേണ്ടി നടത്തുന്ന ഒരു സംരംഭമായോ , അലെങ്കില്‍ ഹിന്ദു മതവിശ്വാസികള്‍ മാത്രം ശ്രദ്ധ കൊടുക്കേണ്ടുന്ന ഒന്നായോ ഇതിനെ തരം താഴ്തരുത് . മറിച്ച്  വര്‍ണ,വംശ ,വര്‍ഗ ഭേദങ്ങള്‍ക്ക്  അതീതമായി  മനുഷ്യരാശിയുടെ മുഴുവന്‍ ഉന്നമനത്തിനായുള്ള ഒരു മാര്‍ഗ മായി വേണം ഇതിനെ ഉള്‍ക്കൊള്ളുവാന്‍ .പാശ്ചാത്യ ലോകം ഇതിനെ ശരിയായ അര്‍ഥത്തില്‍ ഉള്‍കൊള്ളുന്നു എന്നതിന്റെ തെളിവാണ്  ഇതിനു കിട്ടിയ അംഗീകാരം.സെല്‍ഫ് റിയലയിസേഷന്‍ ഫെലോഷിപ്‌ (Self-Realization Fellowship (SRF)) നെ കുറിച്ചും ക്രിയ യോഗ (Kriya Yoga) യെ കുറിച്ചും കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നത്  നമ്മുടെ വ്യക്തി വികാസത്തിന്  ഗുണകരം ആയിരിക്കും എന്ന്  തീര്‍ച്ച .പുസ്തകം സൌജന്യ മായി വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക .

പിന്കുറിപ്പ് :  പണ്ട് അച്ഛന്റെ വായനാ മുറിയില്‍  പല തവണ ഈ പുസ്തകം കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും എടുത്തു മറിച്ച് നോക്കാന്‍ പോലും മെനക്കെട്ടിട്ടില്ല . വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്  സ്റ്റീവ് ജോബ്സ് -ന്റെ ആത്മ കഥയിലൂടെ , അദ്ദേഹം-ത്തെ ആകര്‍ഷിച്ച ഘടകം തേടി,ഈ പുസ്തകം വായനയ്ക്കെടുക്കുമ്പോള്‍ അതിനെ ഒരു നിയോഗം എന്നല്ലാതെ എന്ത് വിളിക്കാന്‍ !!

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails