2012, ഫെബ്രുവരി 2, വ്യാഴാഴ്‌ച

സ്റ്റീവ് ജോബ്സ്

ജീവ ചരിത്രങ്ങളെ  പൊതുവില്‍ മൂന്നായി തരം തിരിക്കാം .
  1. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളെയോ നേട്ടങ്ങളെയോ എടുത്തുകാട്ടാന്‍ ആരാധകരില്‍ ഒരാള്‍ തയ്യാറാക്കുന്നവ.
  2.  മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒരാളുടെ ക്രൂരതകള്‍ എണ്ണിയെണ്ണി പറയുന്നവ.
  3. നല്ലവരെന്നു നാം കരുതിയിരുന്നവരുടെ ചീത്ത വശങ്ങളും ,നീചരെന്നു നാം കരുതിയിരുന്നവരുടെ നല്ല വശങ്ങളിലേക്ക്  വെളിച്ചം വീശുന്നവ.
മുകളില്‍ പറഞ്ഞ ഏതു ഗണത്തില്‍ പെട്ടതായാലും , അവയെല്ലാം ഏതെങ്കിലും ഒരു പക്ഷം പിടിച്ചു , ജീവചരിത്ര കാരന്റെ ചിന്തയുടെ ശക്തമായ സ്വാധീനം കൊണ്ട് നമ്മെ വീര്‍പ്പുമുട്ടിക്കുന്നവ ആയിരിക്കും . പത്ത് പേജിനപ്പുറം വായിക്കാന്‍ നാം ബുദ്ധിമുട്ടുന്ന ഇത്തരം ജീവ ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് തുലോം വ്യത്യസ്തമാണ്  വാള്‍ട്ടര്‍ ഐസക്സണ്‍ -ന്റെ(Walter Isaacson) "സ്റ്റീവ് ജോബ്സ് "(Steve Jobs by Walter Isaacson)

    വിവരങ്ങളുടെ ആധികാരികത ഏതൊരു ജീവ ചരിത്രത്തിന്റെയും അടിസ്ഥാന ശിലയാണ് .വ്യക്തി ബന്ധങ്ങളുടെ ഒരു വൈകാരികതലം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ സത്യവും അസത്യവും അര്‍ദ്ധസത്യങ്ങളും നിറഞ്ഞതായിരിക്കും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ . അതായത്  വ്യക്തിയുടെ മരണത്തിനു ശേഷമാണ്  വിവരങ്ങള്‍ ശേഖരിക്കുന്നതെങ്കില്‍ ,മരിച്ചയാളിനെ അധിക്ഷേപിക്കേണ്ട എന്ന് കരുതിയും ,ജീവിച്ചിരിക്കുമ്പോള്‍ ആണെകില്‍ അപ്രീതി ഭയന്നും സത്യം മറച്ചു പിടിക്കപ്പെടാം.സ്റ്റീവ് -ന്റെ മരണ ശേഷമാണ് ഈ പുസ്തകം പുറത്തിറങ്ങിയതെങ്കിലും അതിനു വളരെ മുന്‍പ് തന്നെ ഒട്ട് മിക്ക ജോലികളും കഴിഞ്ഞിരുന്നതിന്നാല്‍  ആദ്യം പറഞ്ഞ രീതിയിലുള്ള അപാകത ഇതിനുണ്ടാകാന്‍ സാധ്യതയില്ല .അതുപോലെ ഇതില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന വ്യക്തികള്‍ എല്ലാം അതതു മേഖലയിലെ പ്രമുഖരും സ്വന്തം നിലനില്പ്പുള്ളവരും ആയതിനാല്‍ അപ്രീതി ഭയന്നുള്ള വ്യതിയാനും ഉണ്ടാകാന്‍ ഇടയില്ല . ഇതിനെല്ലാം പുറമേ , ഇത്തരം വാസ്തവ വ്യതിയാ നങ്ങള്‍ കഴിയുന്നത്ര കുറയ്ക്കുവാന്‍ വേണ്ടി , സ്റ്റീവ് -ന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ട ഒട്ടനവധി പേരില്‍ നിന്ന്  വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട് .

ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ -ന്റെയും ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെയും ജീവച്ചരിതങ്ങളിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രമുഖ മാധ്യമ പ്രവര്‍ ത്തകന്നാണ്  ഐസക്സണ്‍ . CNN , Time  തുടങ്ങിയവയുടെ തലപ്പത്ത് ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം , സ്റ്റീവ് -നോടുള്ള ആരാധന കൊണ്ട് എഴുതി തുടങ്ങിയ ഒന്നല്ല ഈ പുസ്തകം.മറിച്ച് സ്റ്റീവ് -ന്റെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹം ഈ വിഷയത്തിലേക്ക്  കടന്നു വരുന്നത് .എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി ചെയ്യുന്നതില്‍ കുപ്രസിദ്ധിയുള്ള, കൌശലക്കാരനും തന്നിഷ്ടകാരനും ആയ സ്റ്റീവ് -ന്റെ ഈ നീക്കത്തെ അല്പം സംശയത്തോടെ തന്നെയാണ് അദ്ദേഹം സമീപിച്ചതും .സ്റ്റീവ്-ന്റെ സ്വാധീന ശക്തിയുടെ കരാള ഹസ്തങ്ങള്‍ തന്നെ ഒരു കൂലി എഴുത്ത് കാരനായി തരം താഴ്തുമോ എന്ന്  ഐസക്സണ്‍ സംശയിച്ചിരിക്കണം.അതുകൊണ്ടാണ്  2004 -ല്‍ ആവശ്യപ്പെട്ടിട്ടും 2009 -വരെ അദ്ദേഹം തീരുമാനം പറയാതെ ഒഴിഞ്ഞു നിന്നത് .എന്നാല്‍ താന്‍ പറയുന്നത് മാത്രം കേട്ട് പുസ്തകം എഴുതരുതെന്നും, മറ്റുള്ളവര്‍ പറയുന്ന നല്ലതും ചീത്തയും ആയ കാര്യങ്ങളെയും ഉള്‍പെടുത്തി വേണം ഇത് തയ്യാറാക്കാവൂ എന്ന സ്റ്റീവ്-ന്റെ നിര്‍ദേശം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. " It's your book ,  I won't even read it "-സ്റ്റീവ് ഉറപ്പ്‌ നല്‍കി .അതുപോലെ തന്നെ സ്റ്റീവ്-ന്റെ ഭാര്യയായ ലോറീന്‍ -ന്റെ വാക്കുകളും തന്റേതായ ശൈലിയില്‍ രചന നടത്താം എന്ന ഐസക്സണ്‍ -ന്റെ ആത്മവിശ്വാസം കൂട്ടി. 
Walter Isaacson

"There are parts of his life and personality that are extremely messy and thats the truth. You should not white wash it ...... I would like to see that its all told truthfully " -ഈ പ്രൊജക്റ്റ്‌ തുടങ്ങുന്നതിനു മുന്‍പ്  ലോറീന്‍ പറഞ്ഞു .

തെല്ലൊരു സംശയത്തോടെ ആണ്  തുടങ്ങിയതെങ്കിലും , ബന്ധപ്പെട്ടവരുടെ സഹകരണം ഐസക്സണ്‍ -നു പുതിയ ഊര്‍ജ്ജം പകര്‍ന്നു .രണ്ടു വര്‍ഷത്തിനിടയില്‍ സ്റ്റീവ് മായി ഏതാണ്ട് നാല്പതില്‍ അധികം അഭിമുഖങ്ങള്‍ , ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ആയി അദ്ദേഹവും ആയി ഇണങ്ങിയും പിണങ്ങിയും നിന്ന നിരവധി പേരുമായി ഒന്നിലധികം തവണ നടത്തിയ സംഭാഷണങ്ങളുടെ ആകെ തുക ആണ്  ഈ പുസ്തകം . അദ്ദേഹം വിശദീകരിക്കുന്നു.ബില്‍ ഗേറ്റ് സും ലാരി പേജും പോലെ ടെക്നോളജി രംഗത്തെ അതികായര്‍ , അല്‍ഗോര്‍ ഉം ബില്‍ ക്ളിന്റന്‍ നും തുടങ്ങി  ഒബാമ ഭരണകൂടത്തിലെ പ്രമുഖര്‍ , ഹോളിവൂഡ്‌ ലെയും മ്യൂസിക്‌ വ്യവസായത്തിലെയും പ്രമുഖര്‍ , സ്റ്റീവ് മായി ആപ്പ്ളില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ , അദ്ദേഹവും ആയി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുഹൃത്തുക്കള്‍ അങ്ങനെ പോകുന്നു ആ പട്ടിക.സ്റ്റീവ് -ന്റെ പത്ത് വയസുള്ള മകളുടെ അഭിപ്രായം വളരെ കേള്‍ക്കുവാനുള്ള സാവകാശവും താത്പര്യവും ഐസക്സണ്‍ കാണിച്ചു എന്ന് പറയുമ്പോള്‍ സത്യസന്ധവും നിഷ്പക്ഷവുംമായ ഒരു ചരിതം രൂപപ്പെടുത്തുന്നതിന്   വേണ്ടി അദ്ദേഹം നടത്തിയ പ്രയത്നം നമുക്കൂഹിക്കവുന്നതെയുള്ളൂ .

ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഒരു മുതിര്‍ന്ന ജേര്‍ണലിസ്റ്റിന്റെ പക്വതയോടെ , വ്യക്തിപരമായ മുന്‍വിധികളോ ബാഹ്യ സ്വാധീനങ്ങള്‍ക്കോ വിധേയനാകാതെ നല്ലതും ചീത്തയും വേര്‍തിരിക്കുകപോലും ചെയ്യാതെ അതെപടി അവതരിപ്പിക്കുക യാണ്  ചെയ്തിരിക്കുന്നത് .സ്റ്റീവ് ന്റെ ജീവിതത്തില്‍ നടന്ന കാര്യ ങ്ങളെ  അവയുടെ പ്രാധാന്യവും സമയക്രമവും മനോഹരമായി സന്നിവേശിപ്പിച്ചാണ്  ഈ പുസ്തകം ക്രമീകരിച്ചിരിക്കുന്നത് .വായനക്കാരില്‍ കൌതുകം ജനിപ്പിച്ച്  വായനയുടെ രസവും സുഖവും ഓരോ വാക്കിലും വാചകത്തിലും നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ഐസക്സണ്‍ -നുള്ള കഴിവ് പ്രശംസിച്ച്ചേ മതിയാകൂ .പലരും പറഞ്ഞ അഭിപ്രായങ്ങളും സംഭവ പരമ്പരകളും ശരിയായ കോണ്‍ടെക്സ് റ്റുകളില്‍ നിരത്തി വച്ച്  യുക്തി ഭദ്രമായി സ്റ്റീവ് -ന്റെ ചിത്രം വരച്ചെടുക്കുമ്പോള്‍ , ഒരേ സമയം ജീനിയസും ,പെര്‍ഫെക്ഷനിസ്റ്റും , വ്യക്തി ബന്ധങ്ങള്‍ക്ക്  വില കല്‍പ്പിക്കാത്ത നീചനും ,ഫിലോസഫരും,തന്നിഷ്ടക്കാരനും  ഒക്കെ ആയ ഒരു മനുഷ്യന്‍ രൂപമെടുക്കുന്നു .

സോഫ്റ്റ്‌വെയര്‍ ,ഹാര്‍ഡ്‌വെയര്‍ ,ടെക്നോളജി ,മ്യൂസിക്‌ , അനിമേഷന്‍ ,ജേര്‍ണലിസം ,റീടൈല്‍ മാര്‍ക്കറ്റിംഗ്  തുടങ്ങി വൈവിധ്യമാര്‍ന്ന പല മേഖലകളിലും പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ സാന്നിധ്യവും  കീറാമുട്ടിയായി നിന്നിരുന്ന പ്രശ്നങ്ങള്‍ക്ക്  അദ്ദേഹം കൊണ്ടുവന്ന വിപ്ളവകരമായ പരിഹാരങ്ങളും സാധാരണ വായനക്കാര്‍ക്ക് പോലും മനസിലാകത്തക്കവിധം  ലളിതമായി ഐസക്സണ്‍ വിവരിക്കുനുണ്ട് .കാര്യങ്ങള്‍ മനസിലാകത്തതുമൂലമുള്ള മടുപ്പോ , ആവശ്യമില്ലാത്തവ പരത്തി പറയുന്നതുമൂലമുള്ള വിരസതയോ വായനയില്‍ ഒരിടത്തും തോന്നിയില്ല .ആയാസകരമാല്ലാത്ത ലളിതമായ  ഭാഷയും ശൈലിയും ഒക്കെ വായനയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു.അതുപോലെ തന്നെ നമ്മുടെ ഓര്‍മയില്‍ നിന്ന് മാറാതെ നിറഞ്ഞു നില്‍ക്കുന്ന, ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ച , ഐ പാടിന്റെ റിലീസും , ഐ ഫോണിന്റെ  ആന്റിന ഇഷ്യു വും ഒക്കെ സ്റ്റീവ് -ന്റെ എങ്ങനെ ബാധിച്ചിരുന്നു എന്ന് അറിയുന്നതും വായനയുടെ കൌതുകം കൂട്ടുന്നു.

തന്റെതായ ഒരഭിപ്രായവും വായനക്കാരില്‍ അടിച്ച്ചേല്‍പ്പിക്കാതെ ഐസക്സണ്‍ പുസ്തകം അവസാനിപ്പിക്കുമ്പോള്‍ , നാം സ്റ്റീവ് -നോടൊപ്പം കുറച്ചുനാള്‍ ജീവിച്ച ഒരു പ്രതീതി ഉണ്ടാകുന്നു.അടുത്ത കുറെ ദിവസങ്ങളില്‍ വീണ്ടും വീണ്ടും  ഓര്‍ക്കുവാനും ചിന്തിക്കാനും ഒരു പിടി സംഭവങ്ങളും സംഭാഷണങ്ങളും നമ്മെ പിന്തുടരുമെന്നു തീര്‍ച്ച.

പിന്‍ കുറിപ്പ് : മള്‍ടി  ഡിമെന്‍ഷനില്‍ പരന്നു കിടക്കുന്ന സ്റ്റീവ് -ന്റെ ജീവിതത്തെ ക്കുറിച്ച്  കേവലം ഉപരിപ്ളവം ആയി പറഞ്ഞ്  വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് ഒട്ടും നീതിക്ക് നിരക്കാത്തതായി തോന്നിയതുകൊണ്ടാണ്  പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്  കൂടുതല്‍ ഒന്നും ഇതില്‍ പ്രതിപാദിക്കാതിരുന്നത് .സ്റ്റീവ് -ന്റെ ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ നോക്കിക്കാണുന്ന വിശകലങ്ങള്‍ക്കായി കാത്തിരിക്കുക ....


2 അഭിപ്രായങ്ങൾ:

Suvij പറഞ്ഞു...

I would be waiting to read more on what you said in the note :)
Cheers
suvij

unnama പറഞ്ഞു...

Thanks dai !

Related Posts with Thumbnails