ലളിതമായ വായന ഇഷ്ടപ്പെടുന്ന വര്‍ക്ക് ആസ്വദിക്കാന്‍ പറ്റിയ ഒരു പുസ്തകമാണ് ചേതന്‍ ഭഗത്തിന്റെ(Chetan Bhagat) 'ദി ത്രീ മിസ് ടേക്ക്സ് ഓഫ് മൈ ലൈഫ് ' (The three mistakes of my life ). ഇന്ത്യയിലെ അറിയപ്പെടുന്ന ഇംഗ്ലിഷ് എഴുത്തുകാരില്‍ ഒരാളായ ചേതന്‍ , തന്റെ മറ്റു നോവലുകളെ പോലെ വളരെ ചെറിയ ഒരു വിഷയം എടുത്തു , ആവശ്യമായ നാടകീയ പരിവേഷത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ബോളിവുഡ് സിനിമയില്‍ നാം പ്രതീക്ഷിക്കുന്നതെല്ലാം, പത്തിരുനൂറ്റി അമ്പതു പേജിനുള്ളില്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട് . പൈങ്കിളി നോവല്‍ എന്ന ആക്ഷേപം നിലനില്‍കുംപോഴും, ഒരു ട്രെയിന്‍ യാത്രയിലോ , അല്ലെങ്കില്‍ അതുപോലെ മനസിന് പൂര്‍ണമായ ശ്രദ്ധ കൊടുക്കാന്‍ താത്പര്യ മില്ലാത്ത ഒഴിവു വേളയിലോ വായിച്ചു തീര്ര്‍ക്കാന്‍ പറ്റിയ ഒരു കഥയാണിതെന്ന കാര്യത്തില്‍ ആരും തര്‍ക്കിക്കുമെന്നു തോന്നുന്നില്ല. 2001 -2003 കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടക്കുന്നതായി പറയപ്പെടുന്ന ഈ കഥയില്‍ , അന്നത്തെ വര്‍ഗീയ കലാപങ്ങളും, ഭുജ് ഭൂമികുലുക്കവും ,അന്നത്തെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് കളിക്ക് ഉണ്ടായിരുന്ന സ്വാധീനവും ഒക്കെ കഥയുടെ ഗതിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ ആയി കടന്നുവരുന്നുണ്ട് . അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ , സാഹചര്യങ്ങള്‍ മാറിയതിന്റെ, ഒരു ആസ്വാദന കുറവ് തോന്നിയാല്‍ വായനക്കാരനെ കുറ്റം പറയാന്‍ പറ്റില്ല. ഇങ്ങനെ തോന്നുമ്പോള്‍ എല്ലാം 'ഇത് വെറും ഒരു കഥയാണ് ' എന്ന് മനസിനെ സമ്മതിപ്പിച്ചു കൊണ്ടിരിക്കണം.യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ച്താത്തലത്തില്‍ കഥയോരുക്കുംപോള്‍ കഥാകാരന്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ് .
സിംഗപ്പൂരില്‍ താമസിക്കുന്ന ചേതന്‍ ഭഗത്തിന് , അജ്ഞാതനായ ഒരു ആരധകനില്‍ നിന്ന് ലഭിക്കുന്ന ഈ -മെയില്‍ ആത്മഹത്യ കുറിപ്പും തുടര്‍ന്ന് സ്വന്തം നാട്ടുകാരനാകയാല്‍ അയാളെ കാണാനായി ചേതന്‍ ആശുപത്രിയില്‍ എത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത് . ഗോവിന്ദ് എന്ന കഥാനായകന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച മൂന്ന് തെറ്റുകളെ കുറിച്ച് പറയുന്ന രീതിയിലാണ് കഥ ക്രമീകരിച്ചിരിക്കുന്നത് .അഹമദാബാദ് എന്ന കൊച്ചുപട്ടണത്തില്‍ , പന്ത്രണ്ടാം ക്ളാസ്-നു ശേഷം സ്കൂള്‍ കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്തു ജീവിക്കുന്ന ഒരു സാധരക്കാരന്‍ ആണ് ഗോവിന്ദ് .സ്വന്തമായി ഒരു ബിസിനസ് ചെയ്യണം എന്ന ആഗ്രഹത്താല്‍ തന്റെ ഉറ്റ സുഹൃത്തുക്കളായ ഇഷ്, ഓമി എന്നിവരുമായി ചേര്‍ന്ന് ഒരു സ്പോര്‍ട്സ് കട തുടങ്ങുന്നു .ആ പ്രദേശത്തെ അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് ചാമ്പ്യന്‍ ആണ് ഇഷ് , ഓമി ആകട്ടേ അവിടെയുള്ള അമ്പലത്തിലെ ശാന്തി ക്കാരന്റെ മകനും. ഉത്തരേന്ത്യയിലെ ഒരു ചെറു പട്ടണവും ,അവിടുത്തെ അമ്പലവും ,അവടെ വന്നുപോകുന്ന ജനങ്ങളും , അവരുടെ രാഷ്ട്രീയ ചായ് വും ഒക്കെ ചേര്‍ന്ന് നമ്മളെയും അവിടുത്തെ ഒരാള്‍ ആക്കി മാറ്റുന്നതില്‍ കഥാകൃത്ത് നന്നായി വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍ . ക്രമേണ ബിസിനസ് പച്ചപിടിക്കുന്നു , ഗോവിന്ദ് , തന്റെ സ്റ്റുഡന്‍ന്റ് കൂടിയായ , ഇഷ് -ന്‍റെ സഹോദരിയുമായി അടുപ്പത്തിലാകുന്നു, അവിടുത്തെ അലി എന്ന മുസ്ലിം ക്രിക്കറ്റ് ജീനിയനിസ്നെ , ഇന്ത്യന്‍ ടീമില്‍ എത്തിക്കാന്‍ വേണ്ടി അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു . അതിനിടയില്‍ ഭുജ് ഭൂകമ്പം അവരുടെ ബിസിനസ് പ്രതീക്ഷകളെ അല്പമൊന്നു താളം തെറ്റിക്കുന്നു . ഒടുവില്‍ ഗോധ്രയിലെ വര്ഗീയ കലാപവും ഗോവിന്ദ് -ന്‍റെ പ്രണയവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രതിസന്ധികളും കഥയെ മാറ്റിമറിച്ച്, കൂട്ടുകാരില്‍ ഒരാളുടെ മരണത്തിനും , മറ്റേ ആളുമായി വിരോധത്തിനും കാരണമാകുന്നു .അങ്ങനെ നിരാശനായാണ് ഗോവിന്ദ് സ്വയം മരിക്കാന്‍ ഒരുങ്ങുന്നത് . എന്നാന്‍ അവസാനം ചേതന്‍ കുടി ഇടപെട്ട് ഉള്ള പീസുകളെ എല്ലാം തുന്നിച്ചേര്‍ത്ത് ശുഭ പര്യവസാനിയാക്കി മാറ്റുന്നു . ബോളിവുഡ് സിനിമകള്‍ കണ്ടു തഴമ്പിച്ച നമ്മുടെ മനസിന് അഗീകരിക്കാന്‍ പറ്റാത്ത ഒരു നാടകീയതയും മുകളില്‍ വിവരിച്ച സംഭവ പരമ്പരകല്ക്കില്ല എന്നത് ശരാശരി ഇന്ത്യന്‍ വായനക്കാര്‍ക്കിടയില്‍ പുസ്തകത്തെ പ്രീയപ്പെട്ടതാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു .
കഥയുടെ നൂതനത്വമോ , കഥാഗതിയുടെ വ്യത്യസ്തതയോ ഒന്നും ഇതിനെ അനന്യ സാധരണമാകുന്നില്ല എന്ന് മാത്രമല്ല ആദ്യ കുറെ പേജുകള്‍ വായിച്ചു കഴിയുമ്പോള്‍ തന്നെ ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് ഊഹിച്ചെടുക്കാനും സാധിക്കും. എന്നാലും കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ചേഷ്ടകളും , മാനസിക വ്യാപാരങ്ങളും , ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു അവ മനോഹരമായി വായനക്കാരില്‍ എത്തിക്കാന്‍ ചേതന്‍ ഭഗത്തിന്റെ കഴിവ് അഭിനന്ദനീയമാണ് . ഏത് സാഹചര്യത്തിലും , എന്തിനെയും ഒരു ബിസിനസ് കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന ഗോവിന്ദ് എന്ന കഥാപാത്രം വായനക്ക് ശേഷവും നമ്മളോടൊപ്പം ചരിക്കുന്നതായി നമുക്ക് തോന്നിപോകും . അതുപോലെ തന്നെ നാടകീയ മുഹൂര്‍ത്തങ്ങളെ , അതി ഭാവുകത്വങ്ങള്‍ കലരാതെ , മിതമായും എന്നാല്‍ ആവശ്യത്തിനു കല്പനീയതയോടെ യും അവതരിപ്പിക്കുന്നതില്‍ കഥാകൃത്ത് പൂര്‍ണ വിജയം നേടുന്നുണ്ട് .ചുരുക്കത്തില്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ഒരു ബോളി വുഡ് സിനിമ തിരക്കഥ പോലെ വായിക്കാന്‍ പറ്റിയ ഒരു നോവല്‍ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ