2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു !

സെപ്റ്റംബര്‍   2007 
 പ്രസിഡന്റ്‌  ബുഷിന്റെ കളയലവിന്റെ അവസാന പാദം. ഭീകര വാദത്തിനെതിരെ എന്ന്  പറഞ്ഞു തുടങ്ങിയ രണ്ടു യുധ്ദങ്ങളും അമേരിക്കന്‍ ജനതയെ മടുപ്പിചിരിക്കുന്നു . മാന്ദ്യത്തിലേക്ക് നടന്നടുക്കുന്ന അമരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ ആക്കം കൂട്ടുന്ന ഭരണ പരിഷ്കാരങ്ങള്‍ ,കത്രീന പോലെയുള്ള പ്രകൃതി ക്ഷോഭങ്ങളില്‍ പെട്ട ജനങ്ങളെ സഹായിക്കാന്‍ ഗവന്മേന്റ്റ് ഒന്നും ചെയുന്നില്ല എന്ന ജന വികാരം . അതെ പ്രസിഡണ്ട്‌ ബുഷും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും എല്ലാം ഉപേക്ഷിച്ച മട്ടായിരുന്നു. അടുത്ത ഊഴം  ഡെമോക്രാറ്റിക് പാര്ട്ടിയുടെതാണ് . ചുരുങ്ങിയത് നാലുകൊല്ലമെങ്കിലും ഇതുവരെ ഭരിച്ചതിന്റെ ക്ഷീണം തീര്‍ക്കാം . അതുകൊണ്ട് തന്നെ ഒരു  നല്ല റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി യുടെ പേര് പോലും കേള്‍ക്കാനില്ലായിരുന്നു .മറിച്ച്  ഡെമോക്രാറ്റിക് ചേരിയില്‍ ആവേശമായിരുന്നു . രണ്ടു കൊല്ലം മുന്‍പ് നടന്ന സെനറ്റ് തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം,പുതുമുഖമെങ്കിലും  അടുത്ത കാലത്ത് അമേരിക്ക കണ്ട മികച്ച വാഗ്മികളില്‍ ഒരാളായ ഒബാമയും , ഏറ്റവും ജന പ്രിയ പ്രസിഡണ്ട്‌ മാരില്‍ ഒരാളായ ബില്‍ ക്ളിന്റന്‍ ന്റെ ഭാര്യയും രാഷ്ട്രീയ -സാമൂഹിക മണ്ഡലങ്ങളില്‍ വളരെക്കാലമായി നിറഞ്ഞു നില്‍ക്കുന്ന ഹിലരിയും സ്ഥാനാര്‍ഥിത്വ പോരാട്ടത്തില്‍ ഒപ്പത്തിനൊപ്പം പോരാടുന്നു, ഭരണ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ പാര്‍ട്ടിക്  ഒരു പ്രയാസവും ഉണ്ടായിരുന്നില്ല .

സെപ്റ്റംബര്‍   2011 

ചിന്താ നിമഗ്നായ ഒബാമ
ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ  ഒബാമയുടെ ഭരണവും അവസാന പാദത്തില്‍ എത്തിനില്‍ക്കുന്നു. ഭരണത്തിലേറുംപോള്‍  ഉണ്ടായിരുന്ന ആവേശവും ആത്മവിശ്വാസവും ഒബാമയ്ക്കോ  ജനങ്ങള്‍ക്കോ ഉള്ളതായി തോന്നുന്നില്ല. അപ്പ്രൂവല്‍  റേറ്റിങ്ങുകള്‍ , ഭരണ വിരുദ്ധ വികാരത്തിന്റെ നേര്‍ സൂചകങ്ങളാണ് . തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ , ഫെഡറല്‍ ഗവര്‍മെന്റും അനുബന്ധ സംവിധാനങ്ങളും നിത്യ ചിലവിനു പണമില്ലാതെ 'അടച്ചു പൂട്ടല്‍ ' ഭീഷണി നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നു, ഇതിനെല്ലാം പുറമേ  അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ്ങ്  ,ഇവിടുത്തെ ഭരണ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു  എന്ന കാരണം പറഞ്ഞു , ചരിത്രത്തില്‍ ആദ്യമായി തരം താഴ്തപ്പെട്ടിരിക്കുന്നു. റിപ്പബ്ളിക്കന്‍ മേധാവിത്വത്തിലുള്ള ഹൌസും ഒബാമയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ആ 'വിശ്വാസ'ത്തെ ഉടനെയൊന്നും തിരിച്ചു കൊണ്ട് വരുമെന്ന് കരുതുകയും വയ്യ . ഇറാഖിലെ  സേനാപിന്മാറ്റവും ഒസാമ ബിന്‍ ലാദന്റെ വധവും നേട്ടങ്ങളായി എടുത്തു കാട്ടാന്‍ ഒബാമയും


ഡെമോക്രാറ്റിക് പാര്‍ട്ടിയും കിണഞ്ഞു  പരിശ്രമിക്കുന്നുണ്ടെങ്കിലും , അതൊന്നും ആരും ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഈ പശ്ചാത്തലത്തിലാണ്   അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പ്  കൂടുതല്‍ വാശി യുള്ളതായി തീരുന്നത് .

ഹിലാരിക്ക്  'സെക്രട്ടറി ഓഫ്   സ്റേറ്റ് ' സ്ഥാനം നല്‍കുക വഴി, ഒബാമ എതിരില്ലാതെയുള്ള തന്റെ സ്ഥാനാര്‍ഥിത്വം  നാലു വര്‍ഷം മുന്‍പ് തന്നെ ഉറപ്പിച്ചിരുന്നു . എന്നാല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ സ്ഥിതി അതല്ല .ശരാശരി നേതാക്കന്‍ മാരുടെ ഒരു നീണ്ട നിരതന്നെ പാര്‍ട്ടിക്കുണ്ട് എന്നാല്‍ ശക്തനായ ഒരു നേതാവിന്റെ അഭാവം ആ തിരഞ്ഞെടുക്കല്‍ പ്രക്രീയയെ കൂടുതല്‍ വീറും വാശിയും ഉള്ളതാക്കുന്നു . ഒബാമ 'അജയ്യനല്ല'  എന്ന തിരിച്ചറിവ് അവരുടെ മോഹങ്ങളെയും ആത്മ വിശ്വാസത്തെയും പതിന്‍ മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നു  .ഇക്കഴിഞ്ഞ റിപ്പബ്ളിക്കന്‍ പ്രസിഡന്‍ഷ്യ ഡിബേറ്റുകളില്‍ നാം കണ്ട ആവേശവും , അതിനു ലഭിച്ച മാധ്യമ ശ്രദ്ധയും  പാര്‍ടി പടയൊരുക്കങ്ങള്‍ വേണ്ട വിധം തുടങ്ങി കഴിഞ്ഞു എന്നതിന്റെ സൂചനകളാണ് .

മുന്‍ മാസച്യുസറ്റ്  ഗവര്‍ണ്ണരായിരുന്ന മിറ്റ് റോംനി (Mitt Romney) ആണ്  റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് . കഴിഞ്ഞ തവണയും  റോംനി ഒരു ശ്രദ്ധേയ സാന്നിധ്യം ആയിരുന്നെകിലും ഒടുവില്‍ പുറം തള്ളപ്പെട്ടു പോവുകയായിരുന്നു . 2002 -ലെ  വിന്റര്‍ ഒളിമ്പിക്സ്  മികച്ച രീതിയില്‍ നടത്തി തന്റെ സംഘാടന പാടവവും, മികച്ച ഒരു ബിസിനസ്  മേധാവി എന്ന നിലയില്‍ സാമ്പത്തിക പാടവവും തെളിയിച്ച അദ്ദേഹത്തിന്  വിനയായി നില്‍ക്കുന്നത്  അദ്ധേഹത്തിന്റെ മത വിശ്വാസമാണ് . അമേരിക്കന്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ ധാരാളം ആളുകള്‍ ഉള്ള ജുത മത വിശ്വാസത്തിന്  ഘടക വിരുദ്ധമായ  'മോര്‍മോണ്‍ '  വിശ്വാസിയാണ്  റോംനി. ജുത മത നേതാക്കളുടെ പിന്തുണയില്ലാതെ അമേരിക്കയില്‍ ഒരു കാര്യവും നടക്കുകയില്ല എന്നിരിക്കെ  റോംനി യുടെ മുന്നോട്ടുള്ള പോക്ക്  സംശയാസ്പദം തന്നെ യാണ് .

റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥികള്‍  ഡിബേറ്റി നൊരുങ്ങുന്നു

വളരെ വൈകി ആണ്  മത്സര രംഗത്ത്  എത്തിയതെങ്കിലും , സാധ്യതാ പട്ടികയില്‍  നേരിയ വ്യത്യാസത്തില്‍ മാത്രം ,രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്  ടെക്സാസ് ഗവര്‍ണ്ണരായ റിക്ക് പെറി (Rick Perry ) ആണ് . ബുഷിന്റെ പിന്‍ മുറക്കാരനായി ടെക്സാസ്  ഗവര്‍ണ്ണരായ റിക്ക്  ഏറ്റവും കൂടുതല്‍ കാലം ആ പദവി വഹിക്കുന്ന  വ്യക്തിയാണ് . മികച്ച വാഗ്മിയും ,ഡിബേറ്റുകളിലെ ചോദ്യങ്ങള്‍ക്ക്  കണിശവും കൃത്യതയുള്ള തുമായ മറുപടി കൊടുക്കുന്നതില്‍ ശ്രദ്ധേയനുമായ ഇദ്ദേഹം , ഒബാമക്കെതിരെ യുള്ള ഏറ്റവും മികച്ച എതിരാളി ആയിരിക്കും എന്ന് ചിന്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചുരുക്കമല്ല . റിക്ക് - റോംനി വാദ പ്രദിവാദങ്ങളും  പരസ്യ യുദ്ധങ്ങളും ഇവിടെ  ചൂട് പിടിച്ചു കഴിഞ്ഞിരിക്കുന്നു .

റിപ്പബ്ളിക്കന്‍ ചേരിയിലെ ഏക സ്ത്രീ സാന്നിധ്യമാണ് ,  മിനസോട്ട കോണ്‍ഗ്രസ്‌ വുമണ്‍  മിഷേല്‍ ബാക്മന്‍ (Michele Bachmann) . ടീ പാര്‍ട്ടി മൂവ്മെന്റിന്റെ പ്രിയങ്കരിയായ ഇവര്‍ 'അഭിനവ' സാറ പെയ്ലിന്‍ (Sarah Palin) ആണ് . എന്നാലും മണ്ടത്തരങ്ങളും വിടുവായത്തവും 'പെയ്ലിന്‍ നിലവാര'ത്തെക്കാള്‍ വളരെ ഭേദമാണെന്ന് വേണം പറയാന്‍ . ഒരു പ്രസിഡണ്ട്‌  സ്ഥാനാര്‍ഥിക്ക്  വേണ്ട പാടവം ഒരു മേഖലയിലും മില്ലെങ്കിലും ഒരു 'റണ്ണിംഗ് മേറ്റ്‌ ' ആകാനുള്ള എല്ലാ യോഗ്യതയും അവര്‍ക്കുണ്ട് . റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍ നിസ്സാരമായി തള്ളിക്കളയാവുന്നതിലും സ്വാധീനം ടീ പാര്‍ട്ടി-യ്ക്ക് ഉണ്ടെന്നുള്ളത്  ബാക്മന്‍ ന്റെ സാധ്യത വര്‍ധിപ്പിക്കുന്നു .


സ്ഥാനാര്‍ഥിയെ കൃത്യമായി നിര്‍ണ്ണയിക്കുന്നതില്‍  പിഴവ് പറ്റാത്ത ഫ്ളോറിഡ സ്ട്രൌ പോളിലെ (Florida Straw Poll) വിജയി ആണ്  ജോര്‍ജിയയില്‍ നിന്നുള്ള ഹെര്‍മന്‍ കൈന്‍ (Herman Cain). സ്ട്രൌ പോളില്‍ വിജയിച്ചുവെങ്കിലും  കറുത്ത വര്‍ഗക്കാരനായ ഈ ബിസിനെസ്സുകാരന്  സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന് ആരും കരുതുന്നില്ല .

ടീ പാര്‍ട്ടി മൂവ്മെന്റിന്റെ ബുദ്ധി കേന്ദ്രമെന്നറിയപ്പെടുന്ന  റോണ്‍ പോള്‍ (Ron Paul), മുന്‍ ഹൌസ് സ്പീക്കര്‍ ആയിരുന്ന ന്യുറ്റ് ഗ്രിന്ച് (Newt Gingrich) , പെന്‍സില്‍വേനിയ സെനറ്റര്‍ റിക്ക് സാന്റോ റാം(Rick Santorum) തുടങ്ങി പലരും  മത്സര രംഗത്ത്‌ സജീവമായി നില്‍ക്കുനുണ്ടെങ്കിലും ഇവരുടെയെല്ലാം സാദ്ധ്യതകള്‍ തുലോം കുറവാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു .

ചൂട് പിടിച്ച രാഷ്ട്രീയ സംവാദങ്ങളും ഒപ്പം കൃത്യതയുള്ള  നിരീക്ഷണങ്ങളും മായി  അമേരിക്കന്‍ മാധ്യമങ്ങള്‍  'തെരഞ്ഞെടുപ്പു ആഘോഷം'  തുടങ്ങിക്കഴിഞ്ഞു . കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ശൈശവ ദശയിലായിരുന്ന ഫേസ് ബുക്ക്‌ , ലിങ്ക്ടിന്‍(LinkedIn) പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌  സൈറ്റുകളും  കൂട്ടായ്മകളും പൊളിറ്റിക്കല്‍  ആക്ഷന്‍ കമ്മിറ്റികളും മറ്റുമായി , രംഗത്തെത്തി  കഴിഞ്ഞു . ഇനി പുതിയ പ്രസിഡണ്ട്‌ -ന്റെ സ്ഥാനാരോഹണം വരെ , ഈ  കൂട്ടര്‍ക്കൊന്നും വിശ്രമമില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails