2011, ഡിസംബർ 22, വ്യാഴാഴ്‌ച

2 States :The Story of My Marriage


ലോകത്തെമ്പാടുമുള്ള  പ്രേമ വിവാഹങ്ങള്‍ വളരെ ലളിതമാണ് :
ആണ്‍കുട്ടി പെണ്‍കുട്ടി യെ ഇഷ്ടപ്പെടുന്നു ; പെണ്‍കുട്ടി ആണ്‍കുട്ടി യെ ഇഷ്ടപ്പെടുന്നു  അവര്‍ വിവാഹം കഴിക്കുന്നു .
ഇന്ത്യയില്‍ കാര്യങ്ങള്‍ അത്ര ലളിതം അല്ല :
 ആണ്‍കുട്ടി പെണ്‍കുട്ടി യെ ഇഷ്ടപ്പെടുന്നു ; പെണ്‍കുട്ടി ആണ്‍കുട്ടി യെ ഇഷ്ടപ്പെടുന്നു
 പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നു ;ആണ്‍കുട്ടി യുടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടുകാരെ ഇഷ്ട്ടപെടുന്നു ;ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ ഇഷ്ടപ്പെടുന്നു.
ഇത്രയും നാടകങ്ങള്‍ക്ക് ശേഷവും പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള ഇഷ്ടം നിലനില്‍കുന്നു എങ്കില്‍ അവര്‍ വിവാഹം കഴിക്കുന്നു ..... 

ചേതന്‍ ഭഗത്തിന്റെ(Chetan Bhagat )  ടു  സ്റ്റേറ്റ്സ്  : ദി സ്റ്റോറി ഓഫ് മൈ മാര്യേജ്  (2 States :The Story of My Marriage) എന്ന നോവലിന്റെ പുറം ചട്ടയില്‍ നിന്നുള്ള വാചകങ്ങള്‍ ആണിവ. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്ന് തോന്നുമെങ്കിലും അല്പം കൂടി ചിന്തിച്ചാല്‍ പറഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണെന്ന് നമുക്ക് ബോധ്യമാകും  .ഇന്ത്യയിലെ തന്നെ രണ്ടു സംസ്ഥാനങ്ങള്‍ ആയ ഗുജറാത്തിലെയും തമിഴ് നാട്ടിലെയും ജനങ്ങള്‍ തമ്മില്‍ സ്വഭാവത്തിലും ചിന്താരീതികളിലും ഉള്ള വ്യത്യാസങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ്, ഒരു പ്രേമ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ , രസകരമായി അവതരിപ്പിക്കുകയാണ്   അദ്ദേഹം  ഈ നോവലില്‍ .ഇതിനൊക്കെ ഉപരിയായി ഒരു ക്യാമ്പസ്‌ പ്രണയത്തില്‍ സാധാരണ സംഭവിക്കുന്ന ആണ്‍ -പെണ്‍  കുട്ടികളുടെ മനോ വ്യാപാരങ്ങളും ഈഗോ ക്ളാശു കളും ഒക്കെ വളരെ സൂക്ഷ്മമായി തന്നെ ഒപ്പിയെടുക്കുവാന്‍ ,തന്റെ ആത്മകഥാംശമുള്ള ഈ നോവലില്‍ ചേതന് കഴിഞ്ഞിട്ടുണ്ട് .

ഐ ഐ എം (IIM )-ല്‍ എം ബി യെ (MBA) പഠിക്കാന്‍ എത്തുന്ന  ഗുജറാത്തി ആയ കൃഷ്‌  -ഉം തമിഴ് നാട്ടു കാരിയായ അനന്യയും കംബൈന്‍ സ്റ്റഡി യിലൂടെ ആദ്യം കൂടുകാരും പിന്നെ കമിതാക്കളും ആയിത്തീരുന്ന താണ്  ആദ്യ പാര്‍ട്ടിന്റെ കഥാംശം.നമ്മുടെ ഒക്കെ കാമ്പസ്  ജീവിതത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒട്ടേറെ കഥാപത്രങ്ങളും ,കഥാ സന്നര്‍ഭങ്ങളും നിറഞ്ഞ ഈ ഭാഗം വായനക്കാരെ കൂടി ആ കാമ്പസ്സിലേക്ക് കൂട്ടികൊണ്ടുപോകും .കാമ്പസ് ഇന്റര്‍വ്യൂ -നു വേണ്ടിയുള്ള തയ്യാറെടുപ്പുകളും , അതിനോടനുബന്ധിച്ചുള്ള  "കരിയര്‍ ഗ്രോത്ത് " നു  ഈ ജോലിയേക്കാള്‍ നല്ലത്  മറ്റേതാണെന്ന രീതിയിലുളള  ചര്‍ച്ചകളും മറ്റും മറ്റും  ഒക്കെ പുതു തലമുറയെ രസം പിടിപ്പിക്കും വിധം കഥാകൃത്ത്‌  വരച്ചു ചേര്‍ത്തിട്ടുണ്ട് . പഠന ശേഷം ജോലിക്ക് ജോയിന്‍ ചെയ്യാനുള്ള ഇടവേളയില്‍  കൃഷ്‌ -ഉം അനന്യയും തങ്ങളുടെ സ്വന്തം വീടുകളിലേക്ക്  പോകുന്നുന്നതും അവിടെവച്ചു  "മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലേര്‍സ് " ആയ അവരെ ഏറ്റവും മികച്ച വിവാഹ ബന്ധങ്ങളില്‍ കുരുക്കുവാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതും ആണ്  രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം .വിവാഹ കാര്യങ്ങളില്‍ വിദ്യാഭ്യാസത്തെക്കാള്‍ പണത്തിനു മുന്തുക്കം കൊടുക്കുന്ന  നോര്‍ത്ത് ഇന്ത്യന്‍ രീതികളും മറിച്ചുള്ള സൌത്ത് ഇന്ത്യന്‍ രീതികളും തമ്മിലുള്ള അന്തരവും ഒക്കെ  വളരെ സരസമായി തന്നെ ചേതന്‍ അവതരിപ്പിക്കുന്നുണ്ട് .വിവാഹവുമായി ബന്ധപ്പെട്ടു  നമ്മുടെ ഒക്കെ വീടുകളില്‍ നടന്നിട്ടുള്ള പല സംഭാഷണങ്ങളും ചേതന്‍ ഒളിഞ്ഞുനിന്നു കേട്ടിട്ടുണ്ടോ എന്നുപോലും സംശയം ജനിപ്പിക്കും വിധം കൃത്യമായാണ്  ഇതിലെ പല പാത്ര സൃഷ്ടിയും .

ജോലിക്ക് വേണ്ടി അനന്യയുടെ സ്ഥലമായ ചെന്നൈ എത്തുന്ന കൃഷ്‌  അനന്യയുടെ വീട്ടുകാരുമായി ഇടപഴകുന്നതും മറ്റുമാണ്  മൂന്നാം സര്ഗത്തിന്റെ ഇതിവൃത്തം.വീട്ടുകാരുമായി കൂടുതല്‍ അടുക്കാന്‍ വേണ്ടി അനന്യയുടെ അനുജനെ ഐ ഐ ടി  എണ്‍ട്രന്‍സിനു പഠിപ്പിക്കുന്നതും അനന്യയുടെ അച്ഛന് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതുംഒക്കെ നാം എത്രയോ തവണ നമ്മുടെ കണ്മുന്‍പില്‍ കണ്ടു മറന്നതാണ് .അതുകൊണ്ട് തന്നെ ഇത്  നമ്മുടെ അല്ലെങ്കില്‍ കുറഞ്ഞപക്ഷം നമ്മുടെ അടുത്ത സുഹൃത്തിന്റെ കഥയാണിതെന്ന്  വായനയുടെ പല ഘട്ടത്തിലും തോന്നിപോകും .

ജോലി സംബന്ധ മായി ചെന്നൈ-യില്‍ വരുന്ന ഒരു നോര്‍ത്ത്  ഇന്ത്യ കാരനോട്  സൌത്ത് ഇന്ത്യന്‍ സഹപ്രവര്‍ത്തകരുടെ  സമീപങ്ങളും(അല്ലെങ്കില്‍ മറിച്ച്‌), താന്‍ ചെയ്ത ജോലി യുടെ ക്രഡിറ്റ്  വളരെ ബുദ്ധി പൂര്‍വ്വം കൈക്കലാക്കാന്‍ ശ്രമിക്കുന്ന മേലധികാരികളെയും ഒക്കെ നാം നിത്യ ജീവിതത്തില്‍ കണ്ടു കൊണ്ടേ യിരിക്കുകയാണ് .അതുപോലെ വിവാഹ ശേഷമോ അതിനു മുന്‍പോ നമ്മുടെ മാതാപിതാക്കളെയും   ഇന്‍ ലോസിനെ (in -laws)  യും പ്രീതി പെടുത്തുവാന്‍ വേണ്ടി  നടത്തുന്ന നാടകങ്ങളും ഞാണിന്മേല്‍ കളികളും ഒക്കെ ഏതൊരാളെയും രസിപ്പികും എന്നത് തീര്ച്ചയ്യാണ് .

ഇങ്ങനെ  ഇരു വീടുക്കാരും തമ്മിലുള്ള വിഭാഗീയതയും അവ ലഘൂകരിക്കാന്‍ കൃഷ്‌ -ഉം അനന്യയും നടത്തുന്ന ശ്രമങ്ങളും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബന്ധുജനങ്ങളും സംഭവങ്ങളും ഒക്കെ ആയി കഥ പുരോഗമിക്കുന്നു. ഇരു വീട്ടുകാരും വിവാഹത്തിന് സമ്മതം മൂളു ന്നതിലേക്ക്  കൊണ്ട് ചെന്നെതിക്കുന്ന സംഭവവികാസങ്ങള്‍  വളരെ യാഥാര്‍ഥ ബോധത്തോടെയാണ്  അവതരിപ്പിക്ക പെട്ടിരിക്കുന്നത് എന്നത്  എടുത്തു പറയത്തക്ക ഒരു മേന്മയാണ് .ചേതന്റെ മറ്റെല്ലാ നോവലുകളും പോലെ അവസാനം കഥ ഒരു ശുഭ പര്യവസായി ആയിത്തീരുന്നു .ഒരു ബോളിവുഡ്  സിനിമ എടുക്കുകയാണെങ്കില്‍  തിരക്കഥാ കൃത്തിനെ സഹായിക്കുന്ന വിധത്തില്‍ ചിന്തിച്ചാണ്  ചേതന്‍ ഈ നോവല്‍ എഴുതിയതെ ന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല .സിനിമയ്ക്ക്‌ വേണ്ട എല്ലാ കഥാപാത്രങ്ങളും ക്ലൈമാക്സും ഒക്കെ ഇതില്‍ ആവശ്യത്തില്‍ ഏറെയുണ്ട് .

ഓരോ കഥാപാത്രത്തിന്റെയും ചിന്താരീതികളും സംഭാഷങ്ങളും ഒക്കെ വളരെ സൂക്ഷമമായി നിരീക്ഷിച്ചു അവതരിപ്പിക്ക പെട്ടിരിക്കുന്നതിനാല്‍ വളരെ സ്വാഭാവികവും ഹൃദയവും ആയ ഒരു അനുഭൂതി നമുക്ക് വായനയിലൂടെ കിട്ടുന്നുണ്ട്‌ , അതുകൊണ്ട് തന്നെ യാണ്  ചേതന്‍ ഭാഗത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചത് ഇതുതന്നെയാണെന്ന്  പൊതുവില്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത് .




Related Posts with Thumbnails